ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ (Eastern Ladakh) സംഘർഷ മേഖലയായ ഗോഗ്രയിൽ (Gogra) നിന്നും സൈനികരെ പൂർണമായും പിൻവലിച്ച് ഇന്ത്യയും (India) ചൈനയും (China). പട്രോളിങ് പോയിന്റ് 17എയിൽ (Patrolling Point 17A) നിന്നാണ് ഇരുരാജ്യങ്ങളും സൈനികരെ പിൻവലിച്ചത്. ഒന്നര വർഷത്തോളം നീണ്ട അതിർത്തി തർക്കത്തിനാണ് (India China Border Issues) ഇതോടെ അയവ് വന്നിരിക്കുന്നത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ഇരുവിഭാഗത്തെയും സൈനികർ മേഖലയിൽ നിന്നും പിൻവാങ്ങിയത്. സംഘർഷം നിലനിന്ന ആറിൽ നാലിടങ്ങളിലും സേനാപിന്മാറ്റമായി. ഇനി അവശേഷിക്കുന്നത് രണ്ടിടങ്ങളിൽ നിന്നുള്ള പിന്മാറ്റമാണ്, ഡെസ്പാങ്ങിലും ഹോട്സ്പ്രിങ്സിലും.
Also Read: India China border issue: പ്രതിരോധം ശക്തമാക്കി ഇന്ത്യ, എന്തിനും തയ്യാറായി കര, നാവിക, വ്യോമസേനകൾ
പന്ത്രണ്ടാം തവണ ചേർന്ന ഇന്ത്യ-ചൈന സൈനിക കമാൻഡർതല ചർച്ചയിലാണ് രണ്ട് ട്രൂപ്പുകളും പിന്മാറാനുള്ള ധാരണയിലെത്തുന്നത്. ജൂലൈ 31ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിലായിരുന്നു ചർച്ച. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഘട്ടംഘട്ടമായി പരസ്പരം വിവരങ്ങൾ കൈമാറിയാണ് സേനാപിൻമാറ്റമെന്ന് സേന അധികൃതർ അറിയിച്ചു. നിയന്ത്രണ രേഖയെ മാനിക്കുമെന്നും ഏകപക്ഷീയമായി മാറ്റം വരുത്തില്ലെന്നും ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു.
പ്രദേശത്തെ താൽക്കാലിക സംവിധാനങ്ങളും നിർമാണങ്ങളുമെല്ലാം ഇരുവിഭാഗങ്ങളും പൊളിച്ചുമാറ്റി പൂർവ സ്ഥിതി പുനഃസ്ഥാപിച്ചു. 2020 മെയ് മുതൽ മുഖാമുഖം നിന്നിരുന്ന സേനകൾ ഇപ്പോൾ സ്ഥിരം താവളങ്ങളിലാണെന്നും അധികൃതർ വ്യക്തമാക്കി. 500 മീറ്റർ വ്യത്യാസത്തിലാണ് ഇവിടെ ഇരു സൈന്യങ്ങളും നിലയുറപ്പിച്ചിരുന്നത്.
പിൻവാങ്ങൽ കരാർ പ്രകാരം ഗോഗ്രയിലെ യഥാർഥനിയന്ത്രണരേഖ ഇരുവിഭാഗങ്ങളും കർശനമായി നിരീക്ഷിക്കും. തർക്കങ്ങൾക്ക് അന്തിമപരിഹാരം ഉണ്ടാകും വരെ ഇരുരാജ്യങ്ങൾക്കും പട്രോളിങ് നടത്താൻ അധികാരമില്ലാത്തവിധം ഇവിടം ബഫർ സോണായി തുടരും. കൂടുതൽ സൈനികരെ ഇനി വിന്യസിക്കുകയുമില്ല.
പ്രധാന സംഘർഷ പ്രദേശമായ ഗാൽവൻ താഴ്വരയിൽ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിൻമാറിയിരുന്നു. അതിന് ശേഷമുള്ള നിർണായക പിന്മാറ്റമാണിത്. 15 മാസമായി നീണ്ടു നിൽക്കുന്ന ഇന്ത്യ - ചൈന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിൽ നിർണായക ചുവടുവെയ്പ്പ് ആണിത്.
അതേസമയം, വെസ്റ്റേൺ സെക്ടറിലെ മറ്റ് തർക്കമേഖലകളിൽ നിന്നുള്ള സേനാ പിൻമാറ്റത്തിന് ശ്രമങ്ങൾ തുടരും. ഇതിനായി കൂടുതൽ ചർച്ചനടത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധതയറിയിച്ചു. വെസ്റ്റേൺ സെക്ടറിൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും ഐ.ടി.ബി.പി.യും ഇന്ത്യൻസൈന്യവും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...