ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 8,586 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,43,57,546 ആയി ഉയർന്നു. സജീവ കോവിഡ് കേസുകളുടെ എണ്ണം 96,506 ആണ്. 24 മണിക്കൂറിനിടെ 48 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ കേരളത്തിൽ നിന്ന് ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 5,27,416 ആയി.
24 മണിക്കൂറിനിടെ രാജ്യത്ത് 9,680 പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,37,33,624 ആയി. ഓഗസ്റ്റ് 22-ന് 2,925,342 കോവിഡ് വാക്സിൻ ഡോസുകൾ കൂടി നൽകിയതോടെ, ഇതുവരെ ഇന്ത്യയിൽ നൽകിയ ആകെ വാക്‌സിൻ ഡോസുകളുടെ എണ്ണം 21,03,165,703 ആയി.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 80,352 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.59 ശതമാനം ആണ്. അതേസമയം, കോവിഡ് മരണനിരക്ക് 1.19 ശതമാനം ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 391,281 കോവിഡ് പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 88,31,16,790 ആയി.
#COVID19 | India reports 8,586 fresh cases and 9,680 recoveries, in the last 24 hours; Active cases 96,506 pic.twitter.com/NBW9FBjr3J
— ANI (@ANI) August 23, 2022
Novavax COVID Vaccine: നോവാവാക്‌സ് കോവിഡ് വാക്‌സിന് കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി യുഎസ്
വാഷിംഗ്ടൺ: കൗമാരക്കാർക്കുള്ള നോവാവാക്‌സിന്റെ കോവിഡ്-19 വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ). യുഎസിൽ അംഗീകൃതമായ ആദ്യത്തെ പ്രോട്ടീൻ അധിഷ്ഠിത കോവിഡ് പ്രതിരോധ വാക്സിനാണെന്ന് യുഎസ് കമ്പനി അറിയിച്ചു. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ശുപാർശ പ്രകാരം കൗമാരക്കാരിൽ ഉപയോഗിക്കുന്നതിന് അഡ്‌ജുവാന്റഡ് ഡോസുകൾ ലഭ്യമാണെന്ന് കമ്പനി അഭിപ്രായപ്പെട്ടു. നോവാവാക്‌സിന്റെ കോവിഡ്-19 വാക്‌സിന് 12-17 വയസ്സിനിടയിൽ പ്രായമുള്ള കൗമാരക്കാർക്ക് അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.
മുതിർന്നവർക്കും കൗമാരക്കാർക്കും ഉപയോഗിക്കാവുന്ന നോവാവാക്സ് കോവിഡ് വാക്സിൻ പോലെയുള്ളവ വാക്സിനേഷൻ നിരക്ക് വർധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നോവാവാക്‌സിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റാൻലി സി.എർക്ക് പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തിലും സ്കൂളുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലും വാക്സിനേഷൻ വർധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും സ്റ്റാൻലി സി.എർക്ക് അഭിപ്രായപ്പെട്ടു.
BA.1, BA.5 എന്നിവയുൾപ്പെടെയുള്ള ഒമിക്രോൺ വകഭേദങ്ങൾക്കെതിരെ ഒരു നല്ല രോഗപ്രതിരോധ പ്രതികരണമാണ് നോവാവാക്സ് കോവിഡ് വാക്സിൻ നൽകുന്നതെന്ന് നോവാവാക്‌സിന്റെ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ വൈസ് പ്രസിഡന്റ് സിൽവിയ ടെയ്‌ലർ സിഎൻഎന്നിനോട് പറഞ്ഞു. 2022 ജൂലൈയിൽ, 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ രണ്ട് ഡോസ് പ്രൈമറി സീരീസിന് എഫ്ഡിഎ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...