ന്യൂഡൽഹി: കോവിഡ് രോഗികൾക്ക് സ്റ്റിറോയ്ഡ് ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. തുടർച്ചയായ ചുമയുണ്ടെങ്കിൽ ക്ഷയരോഗ പരിശോധന നടത്തണമെന്നും പുതുക്കിയ കോവിഡ് ചികിത്സാ മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്റ്റിറോയിഡുകൾ പോലെയുള്ള മരുന്നുകൾ ഉയർന്ന അളവിലോ കൂടുതൽ സമയമോ ഉപയോഗിക്കുമ്പോൾ ഇൻവേസീവ് മ്യൂക്കോർമൈക്കോസിസ് അല്ലെങ്കിൽ 'ബ്ലാക്ക് ഫംഗസ്' പോലുള്ള അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതുക്കിയ ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
കഴിഞ്ഞയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ നിതി ആയോഗ് അംഗവും (ആരോഗ്യം) കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ വി കെ പോൾ സ്റ്റിറോയിഡുകൾ പോലുള്ള മരുന്നുകളുടെ അമിത ഉപയോഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതുക്കിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, ശ്വാസതടസ്സമോ ഹൈപ്പോക്സിയയോ ഇല്ലാത്തവർക്ക് വീട്ടിൽ ഐസൊലേഷനും പരിചരണവുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ചവരിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, ശക്തമായ പനി, അഞ്ച് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശക്തമായ ചുമ എന്നിവയുണ്ടെങ്കിൽ വൈദ്യസഹായം തേടണം. കഠിനമായ ശ്വാസതടസ്സം ഉള്ളവരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യും. അത്തരം രോഗികൾക്ക് ഓക്സിജൻ പിന്തുണ നൽകണം. അതികഠിനമായ ശ്വാസതടസ്സം, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ ഗുരുതരമായ രോഗമായി കണക്കാക്കണം. അത്തരം രോഗികൾക്ക് ശ്വസന പിന്തുണ ആവശ്യമായതിനാൽ ഐസിയുവിൽ പ്രവേശിപ്പിക്കണമെന്നും പുതുക്കിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
60 വയസ്സിനു മുകളിലുള്ളവർ, അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്താതിമർദ്ദം, കൊറോണറി ആർട്ടറി രോഗം, പ്രമേഹം, മറ്റ് പ്രതിരോധശേഷി കുറഞ്ഞ അവസ്ഥകൾ, എച്ച്ഐവി, ക്ഷയം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, വൃക്കയും കരളുമായി ബന്ധപ്പെട്ട രോഗങ്ങൾ, സെറിബ്രോവാസ്കുലർ രോഗം അല്ലെങ്കിൽ പൊണ്ണത്തടി എന്നിവ ഗുരുതരമായ അപകടസാധ്യതയുണ്ടാക്കുമെന്നും പുതുക്കിയ ചികിത്സാ മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...