New Delhi: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,157 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സജീവ് കേസുകളുടെ എണ്ണം 19,500 ആയി.
കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയാണ് കാണുന്നത്. ദിനംപ്രതി മൂവായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍, പ്രതീക്ഷയ്ക്ക് വക നല്‍കി മരിച്ചവരുടെ എണ്ണത്തില്‍ സ്ഥിരത കാണിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 26 രോഗികളാണ് മരിച്ചത്.
പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യം കൊറോണയുടെ നാലാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് എങ്ങും. ഈ അവസരത്തില്‍ ആശ്വാസത്തിന് വക നല്‍കുന്ന സൂചനയാണ് ഐസിഎംആർ (ICMR) വിദഗ്ധൻ സമീരൻ പാണ്ഡ നല്‍കുന്നത്.
ഇന്ത്യയിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളുടെ എണ്ണം കണക്കിലെടുത്ത് ഇതിനെ കൊറോണയുടെ നാലാം തരംഗമെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (Indian Council for Medical Research - ICMR) അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡ പറഞ്ഞു.
നിലവില്‍ പ്രതിദിന കേസുകളില്‍ വര്‍ദ്ധന കാണുന്നുണ്ട് എങ്കിലും ഇത് രാജ്യത്തെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രമാണ്. ഇത് കണക്കിലെടുത്ത് രാജ്യം നാലാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന് പറയാനാകില്ല. നിലവിൽ ഇത് രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ മാത്രമാണ് പ്രശ്നം, അദ്ദേഹം പറഞ്ഞു.
ജില്ലാ തലങ്ങളില്‍ കാണുന്ന കൊറോണ കേസുകളുടെ കുതിച്ചു ചാട്ടത്തെ ബ്ലിപ്പ് (Blip) എന്നാണ് പറയുന്നത്. ഇതിന്‍റെ അര്‍ഥം താൽക്കാലിക പ്രശ്നം എന്നാണ്. ഇതിനാലാണ് രാജ്യത്ത് ഇപ്പോള്‍ നലാം തരംഗത്തിന്‍റെ സൂചനയല്ലെന്ന് ഉറപ്പിക്കുന്നത്. ഇപ്പോള്‍ നാം കാണുന്നത് വെറുമൊരു ചാഞ്ചാട്ടം മാത്രമാണ്, എല്ലാ സംസ്ഥാനങ്ങളും കോവിഡിന്‍റെ പിടിയിലാണെന്ന് പറയാനാകില്ല, അദ്ദേഹം തുടര്‍ന്നു.
റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ലെന്നും, അതിലുപരി നാലാം തരംഗത്തെ സൂചിപ്പിക്കുന്ന പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നതും ആശ്വാസത്തിന് വക നല്‍കുന്നു, അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...