സിബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

രാജ്യമൊട്ടുക്കുള്ള സിബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ന്യൂഡല്‍ഹിയില്‍ സിജിഒ കോംപ്ലക്‌സിലുള്ള സിബിഐ ആസ്ഥാനത്ത് നടക്കുന്ന  പ്രതിഷേധത്തിന് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. 

Last Updated : Oct 26, 2018, 12:51 PM IST
സിബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യമൊട്ടുക്കുള്ള സിബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ന്യൂഡല്‍ഹിയില്‍ സിജിഒ കോംപ്ലക്‌സിലുള്ള സിബിഐ ആസ്ഥാനത്ത് നടക്കുന്ന  പ്രതിഷേധത്തിന് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. 

പ്രതിഷേധജാഥ ന്യൂഡല്‍ഹി ദീന്‍ ദയാല്‍ കോളേജ് പരിസരത്തുനിന്നും ആരംഭിച്ചു. കോണ്‍ഗ്രസ്‌ നേതാക്കളായ ആനന്ത് ശര്‍മ, സിപിഐ നേതാവ് ഡി രാജാ, ശരദ് യാദവ് തുടങ്ങിയവരും പ്രതിഷേധജാഥയില്‍ പങ്കെടുക്കുന്നുണ്ട്.  

നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്‍റെ പ്രക്ഷോഭം. കൂടാതെ, സിബിഐയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്ന നടപടിയില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ്  ആവശ്യപ്പെടുന്നത്. 

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സിബിഐ മേധാവിയെ സ്ഥാനത്തുനിന്നു നീക്കിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെയായിരിക്കും പ്രതിഷേധമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. 

എല്ലാ സിബിഐ ഓഫീസുകളുടെയും മുന്‍പില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗലോട്ട് നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ദേശീയ നേതാക്കളും സംസ്ഥാനങ്ങളില്‍ സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി. 

മോദിയും അമിത് ഷായും ചേര്‍ന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായാണ് സിബിഐ ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇന്ത്യയുടെ അഭിമാനമായ അന്വേഷണ ഏജന്‍സിയെ അപമാനിക്കുകയാണ് അവര്‍. പ്രധാനമന്ത്രിയുടെ റഫാല്‍ ഭീതിയാണ് സിബിഐയെ നശിപ്പിക്കാനുള്ള നീക്കത്തിനു പിന്നിലെന്നും അശോക ഗലോട്ട് ആരോപിച്ചു. 

 

 

Trending News