ന്യൂഡൽഹി: സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിംഗ് ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ലോക്സഭയിലാണ് നിർമല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.
നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ല. വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കരുത്. പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ചേർക്കാൻ പാടില്ല എന്നീ കാര്യങ്ങളാണ് ആർബിഐയുടെ ഉത്തരവിലുള്ളത്.
റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിംഗ്, ബാങ്കര്‍ എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴ് പ്രകാരം റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക.
2020 സെപ്റ്റംബർ 29ന് ഈ നിയമം നിലവിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് തീരുമാനത്തിനെതിരെ കേരളം രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നും കേരളം ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...