Bengaluru: അടുത്ത മു;ഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ വലയുന്ന കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് BJP നേതാവ്.
കർണാടകയിലെ പുതിയ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെയാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചുകൊണ്ട് ബിജെപി നേതാവ് ഡോ. കെ. സുധാകര്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. 2019ൽ സിദ്ധരാമയ്യയാണ് കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ചത് എന്നാണ് സുധാകരന്‍റെ ആരോപണം.
2018ലെ ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാരിന്‍റെ കാലത്ത് എംഎൽഎമാർ തങ്ങളുടെ പ്രശ്‌നങ്ങളുമായി ഏകോപന സമിതി അദ്ധ്യക്ഷന്‍ സിദ്ധരാമയ്യയുടെ അടുത്ത് ചെല്ലുമ്പോഴെല്ലാം അദ്ദേഹം നിസ്സഹായത പ്രകടിപ്പിക്കുകയും ഈ സർക്കാരിലും തന്‍റെ മണ്ഡലത്തിലെ പ്രവർത്തനത്തിലും തനിക്ക് യാതൊരു പങ്കുമില്ലെന്നും പറയാറുണ്ടായിരുന്നുവെന്നും ഡോ. കെ. സുധാകര്‍ പറഞ്ഞു. കൂടാതെ, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാൻ എംഎൽഎമാർക്ക് ഉറപ്പുനൽകുകയും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പോലും എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
ചില MLA മാര്‍ക്ക് കോണ്‍ഗ്രസ് വിട്ട് വീണ്ടും ഉപ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതായി വന്നിരുന്നു. കോൺഗ്രസ് എംഎൽഎമാരുടെ ഈ നീക്കത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ തനിക്ക് പങ്കില്ലെന്ന സത്യം സിദ്ധരാമയ്യക്ക് നിഷേധിക്കാനാകുമോ? അദ്ദേഹം ചോദിച്ചു.
ഡോ. കെ. സുധാകര്‍ കർണാടകയിലെ മുൻ മന്ത്രിയാണ്. അദ്ദേഹം ബസവരാജ് ബൊമ്മൈ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം വന്‍ പരാജയമാണ് ഏറ്റുവാങ്ങിയിരിയ്ക്കുന്നത്.
2019 ൽ എന്താണ് സംഭവിച്ചത്?
എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള 14 മാസത്തെ കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിനെ താഴെയിറക്കിക്കൊണ്ട് 2019ൽ കർണാടക നിയമസഭയിൽ നിന്ന് കോൺഗ്രസിന്‍റെ 13 എംഎൽഎമാരും ജനതാദൾ (സെക്കുലർ) 3 പേരും രാജിവച്ചു. സ്പീക്കർ അയോഗ്യരാക്കിയ ഈ 16എംഎൽഎമാരും പിന്നീട് ബിജെപിയിൽ ചേർന്നു. ഇവരിൽ ഭൂരിഭാഗവും 2019ലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ മന്ത്രിമാരാവുകയും ചെയ്തിരുന്നു.
ആരായിരിയ്ക്കും അടുത്ത കര്‍ണാടക മുഖ്യമന്ത്രി?
മെയ് 10നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ മെയ് 13 ന് നടന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയിരിയ്ക്കുന്നത്. ബിജെപിയുടെ ഏക ദക്ഷിണേന്ത്യന്‍ കോട്ടയായ കര്‍ണാടക കോണ്‍ഗ്രസ് തകര്‍ത്തു. എന്നാല്‍, വോട്ടെണ്ണല്‍ കഴിഞ്ഞ് 4 ദിവസം പിന്നിടുന്ന അവസരത്തിലും അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.
നിലവിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള മുന്‍ നിരക്കാരാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കര്‍ണാടകയെ നയിക്കാനുള്ള തങ്ങളുടെ ആഗ്രഹം ഇരു നേതാക്കളും മറച്ചുവെച്ചിട്ടില്ല.
യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി ഹിമാചൽ പ്രദേശിൽ നിന്ന് ബുധനാഴ്ച ഡൽഹിയില്‍ എത്തുമെന്നും കർണാടകയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങളുടെ ഭാഗമായി ചില നേതാക്കളെ കാണുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ നേതൃത്വ പ്രശ്നം പരിഹരിക്കാൻ പാർട്ടിയെ സഹായിക്കാൻ സോണിയ ഗാന്ധി നൽകിയ നിർദ്ദേശങ്ങൾ കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാർ അംഗീകരിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള BJP സര്‍ക്കാരിന്‍റെ കാലാവധി മെയ് 23 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ സംസ്ഥാനത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...