തിരുവനന്തപുരം: ചിന്നക്കനാലിനെ വിറപ്പിച്ച ഒറ്റയാൻ അരിക്കൊമ്പന് കോതയാർ വനത്തിൽ പുതിയ കുടുംബം. തമിഴ്‌നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിൽ രണ്ട് കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് അരിക്കൊമ്പൻ കഴിയുന്നത്. ആനക്കൂട്ടത്തോടൊപ്പം ചേർന്നതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയിരുന്ന വാച്ചർമാരുടെ എണ്ണം കുറച്ചതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.
അരിക്കൊമ്പൻ ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങാതിരിക്കാൻ തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കാട്ടുകൊമ്പനെ നിരീക്ഷിക്കാൻ 36 പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിരുന്നത്. ഈ സംഘത്തിലെ അംഗങ്ങളുടെ എണ്ണമാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.
ALSO READ: പൂച്ചകളെ ആരാധിക്കുന്ന ക്ഷേത്രം; മങ്കാമാ ക്ഷേത്രത്തെ കുറിച്ച് അറിയാം
ചിന്നക്കനാൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഏതാണ്ട് നാല് മാസം തികയുകയാണ്. ജൂൺ മാസം ആദ്യം മുതൽ കോതയാർ വനത്തിൽ അരിക്കൊമ്പൻ ഉണ്ടെന്ന് തമിഴ്നാട് വനം വകുപ്പ് അധികൃതർ അറിയിച്ചു. അരിക്കൊമ്പൻ ആനക്കൂട്ടവുമായി ഇണങ്ങിയെന്നാണ് തമിഴ്നാട് വനം വകുപ്പ് നൽകുന്ന സൂചന. എന്നാൽ, കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. അതിനാൽ തന്നെ അരിക്കൊമ്പൻ ഇവിടെ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനം വകുപ്പ് തള്ളിക്കളയുന്നില്ല.
തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ നിന്നുള്ള അരിക്കൊമ്പൻ്റെ ചിത്രങ്ങൾ തമിഴ്നാട് വനം വകുപ്പ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ചിത്രം പുറത്തുവന്നതോടെ അരിക്കൊമ്പൻ ക്ഷീണിതനാണെന്നും മതിയായ ചികിത്സയും ഭക്ഷണവും നൽകുന്നതിൽ വീഴ്ചയുണ്ടായെന്നും ആരോപണം ഉയർന്നു. അരിക്കൊമ്പനെ തിരികെ കേരളത്തിലേയ്ക്ക് എത്തിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും അരിക്കൊമ്പൻ്റെ ആരാധകരും രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഈ ആരോപണങ്ങൾ തമിഴ്നാട് വനം വകുപ്പ് നിഷേധിച്ചു. അരിക്കൊമ്പൻ സുരക്ഷിതനും ആരോഗ്യവാനുമാണെന്നും പുറത്തുവന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...