ന്യൂഡൽഹി: നാർകോട്ടിക് ജിഹാദ് (Narcotic Jihad) വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി ചിദംബരം. ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് ചിദംബരം ബിഷപ്പിനെ (Bishop) രൂക്ഷമായി വിമർശിച്ചത്.
ഒരു ഭാഗത്ത് മുസ്ലീങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപ്പിനെ തീവ്രഹിന്ദു നിലപാടുകാര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ലെന്നും രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെയാണെന്നും ചിദംബരം തുറന്നടിച്ചു. യുവാക്കളെയും യുവതികളെയും ഭയപ്പെടുത്താൻ ഹിന്ദു വർഗീയവാദികൾ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ് (Love Jihad). പുതിയ രാക്ഷസനാണ് നാർകോട്ടിക് ജിഹാദ്. ഇതിൽ നിന്ന് വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതിയാണെന്നും പി ചിദംബരം പറഞ്ഞു.
ALSO READ: Gold Smuggling Case: കെ.ടി റമീസിന്റെ കരുതല്‍ തടങ്കൽ, സുപ്രീംകോടതിയെ സമീപിച്ച് സഹോദരന്‍
ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും നിലപാടുകളെ പി ചിദംബരം അഭിനന്ദിച്ചു. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പറഞ്ഞിരുന്നു.
തെറ്റായ പ്രചരണം നടത്തുന്നവരെ വെറുതെ വിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിഡി സതീശൻ പിന്തുണച്ചതിൽ സന്തോഷമുണ്ടെന്നും പി ചിദംബരം ലേഖനത്തിൽ വ്യക്തമാക്കി. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വിവേചനം സൃഷ്ടിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീർച്ചയായും അവസാനിപ്പിക്കേണ്ടതാണെന്നും ചിദംബരം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...