Lucknow: BJP MPയുടെ വാഹനമിടിച്ച് രണ്ടാം ക്ലാസുകാരന്‍ അതി ദാരുണമായി കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ബസ്തി ജില്ലയിലെ ഹാർദിയ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.
രണ്ടാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് രാജ്ഭർ ആണ് ബിജെപി എംപി ഹരീഷ് ദ്വിവേദിയുടെ എസ്‌യുവി ഇടിച്ച് മരണമടഞ്ഞത്. ബിജെപി എംപിയുടെ വാഹനമാണ് കുട്ടിയെ ഇടിച്ചു വീഴ്ത്തിയത് എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ രോക്ഷകുലരായ ജനങ്ങള്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങി. സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ എംപിയുടെ കാര്‍ ഡ്രൈവർക്കെതിരെ കേസെടുത്തു.
അപകടമുണ്ടായ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് കുട്ടിയെ ലഖ്‌നൗവിലെ ട്രോമ സെന്‍ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ ഞായറാഴ്ച വൈകീട്ട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബിജെപി എംപിയുടെ ഡ്രൈവർക്കെതിരെ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് ബസ്തി പോലീസ് സൂപ്രണ്ട് ആശിഷ് ശ്രീവാസ്തവ പറഞ്ഞു. ബിജെപി എംപിയുടെ രണ്ട് വാഹനങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഭവം അന്വേഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ എംപിയും അദ്ദേഹത്തിന്‍റെ വാഹനവും വ്യക്തമായി പതിഞ്ഞിട്ടും ബിജെപി എംപിയ്‌ക്കോ ഡ്രൈവർക്കോ എതിരെ ഇതുവരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് ശത്രുഘ്നൻ രാജ്ഭർ പറയുന്നത്. കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലും ഒരു നേതാവ് എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.
87 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ സംഭവ സമയത്ത് രണ്ട് എസ്‌യുവികൾ ദൃശ്യമാണെന്നും ഒരു എസ്‌യുവിയുടെ ബമ്പറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തി, മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...