Rain: ഹിമാചലിലും ഉത്തരാഖണ്ഡിലും ദുരിത പെയ്ത്ത്; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 25 മരണം

മാണ്ഡി, കംഗ്ര, ചമ്പ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 08:06 AM IST
  • ഉത്തരാഖണ്ഡിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
  • സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ മേഘ വിസ്ഫോടനത്തെ തുടർന്ന് 12 പേരെ കാണാതായിട്ടുണ്ട്.
  • 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടമാണുണ്ടായത്.
Rain: ഹിമാചലിലും ഉത്തരാഖണ്ഡിലും ദുരിത പെയ്ത്ത്; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 25 മരണം

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ഒരു കുടുംബത്തിലെ 8 പേരടക്കം 25 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതിയട്ടുണ്ട്. നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ശക്തമായ ഒഴുക്കിൽ പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി. പല റോഡുകളും അവശിഷ്ടങ്ങളാൽ തടസം നേരിട്ടിരിക്കുകയാണ്. ഹിമാചൽ പ്രദേശിലാണ് ഏറ്റവും കൂടുതൽ ആഘാതം നേരിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മേഘ വിസ്‌ഫോടനം എന്നിവയിലായി 34 സംഭവങ്ങളിലായി 21 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

മാണ്ഡി, കംഗ്ര, ചമ്പ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മാണ്ഡിയിലെ മണാലി-ചണ്ഡീഗഡ് ദേശീയ പാതയും ഷോഗിയിലെ ഷിംല-ചണ്ഡീഗഡ് ഹൈവേയും ഉൾപ്പെടെ 742 റോഡുകൾ ഗതാഗതത്തിനായി തടഞ്ഞു. അഭൂതപൂർവമായ മഴയിൽ 172 ഓളം ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തടസ്സമുണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നാശം വിതച്ച പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും സ്‌കൂളുകളിലും കമ്മ്യൂണിറ്റി സെന്ററുകളിലും ക്യാമ്പുകൾ തുറന്ന് ദുരിതബാധിതർക്ക് താത്കാലിക അഭയം നൽകാനും നിർദേശമുണ്ട്. 

സംസ്ഥാനത്ത് എത്തിയിരിക്കുന്ന വിനോദസഞ്ചാരികൾ സുരക്ഷിതമായി യാത്ര ചെയ്യണമെന്ന് ഹിമാചൽ പ്രദേശ് ടൂറിസം ആന്റ് സിവിൽ ഏവിയേഷൻ വകുപ്പ് നിർദ്ദേശിച്ചു. നിലവിൽ സംസ്ഥാനത്ത് എത്തിയിട്ടുള്ള വിനോദസഞ്ചാരികൾ നദികൾക്കും കുന്നുകൾക്കും സമീപം പോകരുതെന്നും നിർദേശമുണ്ട്. യാത്ര ചെയ്യുന്നതിനുമുമ്പ് റോഡുകളുടെ അവസ്ഥയെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങളും അവർ ശേഖരിക്കണം.

Also Read: Kerala Rain: കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമായേക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം ഉത്തരാഖണ്ഡിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ മേഘ വിസ്ഫോടനത്തെ തുടർന്ന് 12 പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടമാണുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് ടീം ഉൾപ്പെടെയുള്ളവരെ വിന്യസിച്ചിട്ടുണ്ട്. 

 

ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലും മഴക്കെടുതികൾ രൂക്ഷമാണ്. ഒഡിഷയിൽ നാലുപേരും ഝാർഖണ്ഡിൽ ഒരാളും മരിച്ചു. ഉത്തരേന്ത്യയിൽ ആകെ 31 പേരാണ് മഴക്കെടതിയിൽ മരിച്ചത്. വടക്കൻ ഒഡിഷ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്തമഴയിൽ മേഖലയിലെ പലഭാഗങ്ങളും വെള്ളക്കെട്ടിലായി. 500 ഗ്രാമങ്ങളിലെ നാലുലക്ഷത്തോളംപേർ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News