ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ് ഹൈപ്പർ ടെൻഷൻ (ഹൈപ്പർടെൻഷൻ നിർത്തുന്നതിനുള്ള ഡയറ്ററി അപ്രോച്ചുകൾ) അഥവാ ഡാഷ് ഡയറ്റ് ഉയർന്ന രക്തസമ്മർദ്ദത്തിന് പരിഹാരം കാണുന്ന ഭക്ഷണക്രമമാണ്. രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, 75 വയസിന് താഴെയുള്ളവരിൽ ഹൃദയസ്തംഭനവും കുറയ്ക്കാനും ഡാഷ് ഡയറ്റ് സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നു.
ഡാഷ് ഡയറ്റ് ലീൻ പ്രോട്ടീൻ ഉള്ള മാംസം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു. കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ, മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയാണ് ഈ ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്. കൂടാതെ, പ്രതിദിനം സോഡിയം കഴിക്കുന്നത് 1500 മില്ലിഗ്രാമായി പരിമിതപ്പെടുത്താൻ ഡാഷ് ഡയറ്റ് പ്രോത്സാഹിപ്പിക്കുന്നു.
എന്താണ് ഡാഷ് ഡയറ്റ്?
ഡാഷ് ഡയറ്റ് പ്രധാനമായും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ, മത്സ്യം, ചിക്കൻ, ബീൻസ്, വിത്ത് പരിപ്പ് മുതലായവയുടെ ഉപഭോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാക്ക്ഡ് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച മാംസം എന്നിവയുടെ ഉപഭോഗം ഡാഷ് ഡയറ്റ് അനുവദിക്കുന്നില്ല. സോഡിയം കുറവോ ഇല്ലാത്തതോ ആയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. അച്ചാറുകൾ സ്മോക്ക്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക.
ചോളം, ഓട്‌സ്, ഗോതമ്പ് ബ്രെഡ്, ബ്രൗൺ റൈസ്, ധാന്യങ്ങൾ തുടങ്ങിയവ കഴിക്കുന്നത് നാരുകൾ ലഭ്യമാക്കും. പച്ചക്കറികളിൽ നിന്ന് നിങ്ങൾക്ക് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ലഭിക്കും. അവയിൽ കലോറിയും കൊഴുപ്പും കുറവാണ്, ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. നാരുകളുടെയും ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ് പഴങ്ങൾ.
ALSO READ: Aerobic Exercises: എയ്‌റോബിക് പരിശീലനം നിങ്ങളുടെ ശരീരത്തിനും തലച്ചോറിനും എങ്ങനെ ഗുണം ചെയ്യുന്നു?
ഭൂരിഭാഗം പഴങ്ങളിലും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. പരിപ്പ്, പയറുവർഗങ്ങൾ, വിത്തുകൾ എന്നിവയിൽ ധാരാളമായി മഗ്നീഷ്യം, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ലഘുഭക്ഷണമായി നട്സുകൾ കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
ഡാഷ് ഡയറ്റ് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുന്നു?
ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത പകുതിയായി കുറയ്ക്കാൻ ഡാഷ് ഡയറ്റിന് കഴിയുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഹൃദയസ്തംഭനത്തിനുള്ള മരുന്നുകളേക്കാൾ വിജയസാധ്യത ഡാഷ് ഡയറ്റിന് ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഹൈപ്പർടെൻഷനും ഹൃദയസ്തംഭനവും മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് ഡാഷ് ഡയറ്റ് നൽകുന്നത്. ഡാഷ് ഡയറ്റ് പിന്തുടരാൻ വളരെ ലളിതമാണ്. ഇത് നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്നു. എന്നാൽ, രക്താതിമർദ്ദം അല്ലെങ്കിൽ ഹൃദ്രോഗ മരുന്നുകൾ കഴിക്കുന്നവർക്ക് ഇത് മരുന്നിന് പകരം പിന്തുടരാൻ സാധിക്കില്ല.
ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഡാഷ് ഡയറ്റ് ശുപാർശ ചെയ്യുന്നത് എന്തുകൊണ്ട്?
പഴങ്ങളിലും പച്ചക്കറികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡാഷ് ഡയറ്റ് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ഉയർത്തുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് മാത്രമല്ല, രക്താതിമർദ്ദം ഉള്ള കുടുംബ പശ്ചാത്തലം അല്ലെങ്കിൽ അത് ഉണ്ടാകാനുള്ള ഉയർന്ന സാധ്യതയുള്ളവർക്കും ഈ ഭക്ഷണക്രമം ഗുണം ചെയ്യുന്നു.
വൃക്കരോഗം, സന്ധിവാതം, അൽഷിമേഴ്‌സ് രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾ തടയുന്നതിനും ഡാഷ് ഡയറ്റ് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു ന്യൂട്രീഷ്യനോടും നിങ്ങളുടെ ഡോക്ടറോടും കൂടിയാലോചിച്ച ശേഷം നിങ്ങൾക്ക് അനുയോജ്യമായ ഡയറ്റ് തിരഞ്ഞെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...