Diabet: മുറിവുണ്ടാക്കാതെ ഷുഗർ അറിയാം; ആറ് പരിശോധനകൾക്ക് ഒറ്റ ഉപകരണം

അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷകരാണ് ഈ ഉപകരണം കണ്ടുപിടിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 10:59 AM IST
  • ഈ ഉപകരണം രോഗിയുടെ സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിച്ചാണ് പരിശോധന നടത്തുന്നത്
  • പരിശോധന വിവരങ്ങൾ ഡോക്ടർക്കറിയാൻ ഡാറ്റ സുരക്ഷിതമായ ഹോസ്പിറ്റൽ ക്ലൗഡിലേക്കും ലഭ്യമാക്കും
  • ഇങ്ങനെ രോഗിയുടെ ആരോഗ്യവിവരങ്ങൾ എത്ര ദൂരത്ത് നിന്നും ഡോക്ടർക്ക് നിരീക്ഷിക്കാം
  • സ്വയം പരിശോധന നടത്താവുന്ന ഈ ഉപകരണം വീടുകളിലിരുന്നു തന്നെ ഉപയോഗിക്കാം
Diabet: മുറിവുണ്ടാക്കാതെ ഷുഗർ അറിയാം; ആറ് പരിശോധനകൾക്ക് ഒറ്റ ഉപകരണം

ബ്ലഡ് ഷുഗറും ബി.പിയും ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജൻ്റെ അളവും ശ്വാസോച്ഛ്വാസ നിരക്കും ഇസിജിയും ഇനി ഒരൊറ്റ ഉപകരണത്തിലൂടെ  പരിശോധിക്കാം. വിരലുകളിൽ മുറിവുണ്ടാക്കാതെ ഇനി  രക്തത്തിലെ പഞ്ചസാരയുടെ അളവും പരിശോധിക്കാം. പരിശോധനകളെല്ലാം നടത്താൻ  ഒരു ചെറിയ ഫിംഗർ ക്ലിപ്പ്. ഒരു മിനിറ്റിനുള്ളിൽ ഫലമറിയാം. വേദനയോ മറ്റ് പ്രയാസങ്ങളോ ഉണ്ടാകില്ല. അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷകരാണ് ഈ ഉപകരണം കണ്ടുപിടിച്ചത്.

ഈ ഉപകരണം രോഗിയുടെ സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിച്ചാണ് പരിശോധന നടത്തുന്നത്. പരിശോധന വിവരങ്ങൾ ഡോക്ടർക്കറിയാൻ ഡാറ്റ സുരക്ഷിതമായ ഹോസ്പിറ്റൽ ക്ലൗഡിലേക്കും ലഭ്യമാക്കും. ഇങ്ങനെ  രോഗിയുടെ ആരോഗ്യവിവരങ്ങൾ എത്ര ദൂരത്ത് നിന്നും ഡോക്ടർക്ക് നിരീക്ഷിക്കാം. സ്വയം പരിശോധന നടത്താവുന്ന ഈ ഉപകരണം വീടുകളിലിരുന്നു തന്നെ  ഉപയോഗിക്കാം. 2019 ൽ യുഎസിലെ ഫ്ളോറിഡയിൽ നടന്ന എച്ച്‌ഐഎംഎസ്എസിൽ പ്രദർശിപ്പിച്ച് ലോക ശ്രദ്ധ നേടിയതിന് പിന്നാലെ അമൃത ഹോസ്പിറ്റലിലും കേരളത്തിലെ വിവിധ റിമോട്ട് ക്ലിനിക്കുകളിലുമായി 1000-ലധികം രോഗികളിൽ ഈ ഉപകരണം ഉപയോ​ഗിച്ച് പരിശോധന നടത്തി.

കോവിഡ് രോഗികളിലെ തീവ്രത നിരീക്ഷിക്കാനും  ഈ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി. പ്രമേഹരോഗികളെയും ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരെയും വളരെയധികം സഹായിക്കുന്നതാണ് ഈ ഉപകരണം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 77 ദശലക്ഷം ഇന്ത്യക്കാർ ഡയബറ്റിക് രോഗികളാണ്. ഇത്തരക്കാർക്ക് ദിവസത്തിൽ  പല തവണ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കേണ്ടിവരും. 30 രൂപയോളമാണ് ഓരോ പരിശോധനയ്ക്കും ചെലവ്. ബിപിയും ഒക്സിജനും ഇസിജിയുമൊക്കെ പരിശോധിക്കേണ്ടി വന്നാൽ നൂറുരൂപയ്ക്ക് പുറത്ത് ചെലവാകും.  ഈ അവസ്ഥ കണക്കിലെടുത്താണ്  എല്ലാ പരിശോധനയും ഒന്നിൽ കേന്ദ്രീകരിക്കുന്ന ഉപകരണം വികസിപ്പിച്ചെടുക്കാൻ അമൃതയിലെ ശാസ്ത്രജ്ഞർ 10 വർഷം മുമ്പ് തന്നെ  ശ്രമം ആരംഭിച്ചത്.

കൊച്ചി അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും നേതൃത്വത്തിലാണ്  അമൃത വിശ്വ വിദ്യാപീഠത്തിന്റെ സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്‌സ് ആന്റ് ആപ്ലിക്കേഷൻ ഈ ഉപകരണം  വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇനിയും കണ്ടുപിടിത്തങ്ങൾ നടത്തി വിവിധ  ഉപകരണങ്ങൾ വികസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന്  അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ് പറഞ്ഞു. 2019 ൽ തന്നെ  യു എസ് പേറ്റൻ്റ് ലഭിച്ച ഉപകരണം അമൃത വിശ്വ വിദ്യാപീഠത്തിന്റെ ഇൻക്യുബേറ്റർ സംരംഭമായ ട്രാൻക്വിലിറ്റി ഐ. ഓ. ടി. ആൻഡ് ബിഗ് ഡാറ്റ സൊലൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡ് വഴി വിപണിയിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News