ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ മെട്രോ നഗരങ്ങളിലും കേരളമടക്കം മറ്റ് സംസ്ഥാനങ്ങളിലും പ്രതിദിനം കേസുകൾ വർധിക്കുകയാണ്. ഈ സമയത്ത് നിങ്ങൾക്ക് രോഗം ബാധിച്ചാൽ വീട്ടിൽ തന്നെ സ്വയം പരിപാലിക്കാൻ നിങ്ങൾ എപ്പോഴും തയ്യാറായിരിക്കണം.
നിരവധി കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും അതിനൊപ്പം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവും ഹൃദയമിടിപ്പും പരിശോധിക്കാൻ ഒരു പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുക എന്നത്. അത് ഉപയോഗിക്കുമ്പോൾ കൃത്യമായ റീഡിംങ് ലഭിക്കുന്ന തരത്തിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മിക്ക പള്‍സ് ഓക്സിമീറ്ററുകളും വിരല്‍ത്തുമ്പില്‍ ഘടിപ്പിക്കുന്ന വിധത്തിലാണ് പുറത്തിറക്കിയിട്ടുള്ളത്.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ ശുപാർശകൾ പ്രകാരം പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം..
സാധ്യമെങ്കിൽ, പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുമ്പോൾ നിവർന്നിരിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ റീഡിങ്ങും കൃത്യമാണെന്ന് ഉറപ്പാക്കും. ചൂണ്ടുവിരലിൽ വേണം ഇത് ഘടിപ്പിക്കാൻ. ഓക്സിമീറ്ററിന്റെ റീഡിങ്ങിനെ ബാധിക്കുന്ന തരത്തിൽ വിരലുകളിൽ നെയിൽ പോളിഷോ പിഗ്മെന്റുകളോ വൈകല്യമോ ഇല്ലെന്ന് ഉറപ്പാക്കുക. വിരൽ ഓക്സിമീറ്ററിനുള്ളിൽ വെച്ചു കഴിഞ്ഞാൽ പിന്നെ കൈകൾ ചലനം സംഭവിക്കാതെ നോക്കണം. ഉപകരണത്തിന്റെ മുകളിലായി റീഡിങ് കാണാൻ സാധിക്കും.
കൂടാതെ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഓക്സിമീറ്റർ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. അതിൽ അഴുക്കും പൊടിയും ഉണ്ടാകാൻ പാടില്ല. ഓക്സിമീറ്റർ റീഡിംഗ് പ്രക്രിയയിലായിരിക്കുമ്പോൾ അത് അമർത്താൻ പാടില്ല. സുര്യ പ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലങ്ങളിൽ വച്ച് ഓക്സിമീറ്റർ ഉപയോഗിക്കരുത്. ഇത് സെൻസറിന്റെ കൃത്യതയെ ബാധിക്കുകയും തെറ്റായ റീഡിങ് നൽകുകയും ചെയ്യും.
മിനിറ്റിൽ 60-നും 100-നും ഇടയിലായിരിക്കും സാധാരണഗതിയിൽ ഹൃദയമിടിപ്പ്. ഓക്സിമീറ്ററിൽ ഇതിൽ കുറവോ കൂടുതലോ ആയി കാണുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക. ഓക്സിജൻ സാച്ചുറേഷൻ റീഡിംഗുകൾക്കും ഇതേ നടപടിക്രമം പാലിക്കണം. ഓക്സിമീറ്ററിൽ നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് 95-ന് മുകളിലാണെങ്കിൽ, നിങ്ങൾ സുരക്ഷിതരാണ്. എന്നിരുന്നാലും, ഓക്സിജന്റെ അളവ് 93 ശതമാനത്തിൽ താഴെയായി കുറയാൻ തുടങ്ങിയാൽ, നിങ്ങളുടെ കുടുംബാംഗങ്ങളെയോ ഡോക്ടറെയോ അറിയിക്കണം, അങ്ങനെ സമയബന്ധിതമായി നടപടിയെടുക്കാൻ കഴിയും.
ഓക്സിമീറ്റർ വാങ്ങുന്നവർ അത് മുൻപ് ഉപയോഗിച്ചവരുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കും. കാരണം ഉപകരണത്തിന്റെ അക്ക്യൂറസി എത്രത്തോളമെന്ന് അറിയാൻ ഇത് സഹായിക്കും. കൂടിയ വിലയുള്ള ഓക്സിമീറ്റർ വാങ്ങുക എന്നതിനേക്കാൾ കൃത്യമായ അളവ് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണം വാങ്ങുക എന്നതാണ് പ്രധാനം. 1000 മുതൽ 5000 രൂപ വരെയാണ് ശരാശരി ഫിംഗർ പള്‍സ് ഓക്സിമേറ്ററിന്റെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...