മഴക്കാലം വന്നിരിക്കുന്നു. മഴക്കാലം പ്രിയപ്പെട്ടതാണ്. എന്നാൽ, നിരവധി രോഗങ്ങളും മഴക്കാലത്ത് എത്തും. ചൂടുപിടിച്ച വേനൽക്കാലത്തിന് ശേഷം മഴയെത്തുന്നത് താപനില കുറച്ച് ഈർപ്പത്തിന്റെ അളവ് ഉയർത്തും. ഈ സമയം, നിരവധി പകർച്ചാവ്യാധികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിർത്താതെ പെയ്യുന്ന മഴ വെള്ളക്കെട്ടിനും ഇതുവഴി പല പകർച്ചവ്യാധികൾക്കും കാരണമാകും.
അഴുക്കുവെള്ളം, വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങൾ അല്ലെങ്കിൽ ജലാശയങ്ങൾ എന്നിവ വഴി ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 80 ശതമാനം രോഗങ്ങളും ജലജന്യ രോഗങ്ങളാണ്. ജലജന്യ രോഗങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്ന മലിനജലം വഴിയാണ് പകരുന്നത്. കെട്ടിക്കിടക്കുന്ന മലിനജലം അണുബാധയിലേക്ക് നയിക്കുന്ന വിവിധ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും പ്രജനന കേന്ദ്രമാണ്.
ജലജന്യ രോഗങ്ങൾ
കോളറ- കോളറ ജലജന്യ രോഗമാണ്. ഇത് വയറിളക്കം, നിർജ്ജലീകരണം മുതലായവയ്ക്ക് കാരണമാകുന്നു. ഇത് ഒഴിവാക്കാൻ ശുദ്ധമായ വെള്ളവും ആരോഗ്യകരമായ ഭക്ഷണവും കഴിക്കുക.
ഹെപ്പറ്റൈറ്റിസ് എ- ഇത് മലിനമായ വെള്ളത്തിൽ നിന്ന് ബാധിക്കുകയും കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്ന രോഗമാണ്. ഇത് മഞ്ഞപ്പിത്തം, പനി, ഓക്കാനം മുതലായവയിലേക്ക് നയിച്ചേക്കാം.
ടൈഫോയ്ഡ്- മലിനമായ വെള്ളമോ ഭക്ഷണമോ മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ടൈഫോയ്ഡ്. ശരീരത്തിന് വളരെ ക്ഷീണം അനുഭവപ്പെടുന്നത് ടൈഫോയ്ഡിന്റെ ലക്ഷണമാണ്.
ജലജന്യ രോഗങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ
ടാപ്പ് വെള്ളം ഒഴിവാക്കുക: പൊതു ഇടങ്ങളിൽ നിന്നുള്ള ടാപ്പ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. മലിനമായ വെള്ളത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് ടാപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
കൈകളുടെ ശുചിത്വം: കൈകൾ ശുചിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, പുറത്ത് നിന്ന് വന്നതിന് ശേഷം, വാഷ്റൂം ഉപയോഗിച്ചതിന് ശേഷം എന്നീ സന്ദർഭങ്ങളിലെല്ലാം കൈകളുടെ ശുചിത്വം ഉറപ്പാക്കണം.
ALSO READ: Kerala fever: പനിച്ച് വിറച്ച് കേരളം; പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിലേയ്ക്ക്
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം കഴിക്കുക: പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് അവ കഴുകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ, ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
വൃത്തിയുള്ള ചുറ്റുപാടുകൾ: പരിസരം ശുചിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതകൾ ഒഴിവാക്കി പരിസരം വൃത്തിയായി സൂക്ഷിക്കുകയും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
കൊതുകു കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക: പ്രാണികളുടെ കടിയേൽക്കാതിരിക്കാൻ നിങ്ങളുടെ ശരീരം മുഴുവൻ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കൂടാതെ, മലേറിയ, ഡെങ്കിപ്പനി എന്നിവ ഒഴിവാക്കാൻ കൊതുകുനിവാരണ മരുന്ന് ഉപയോഗിക്കുക.
വെള്ളക്കെട്ട് ഒഴിവാക്കുക: വെള്ളക്കെട്ടുള്ള സ്ഥലങ്ങൾക്ക് സമീപം പോകുന്നത് ഒഴിവാക്കുക. അത് ആരോഗ്യത്തിന് അപകടമുണ്ടാക്കാം. മഴയത്ത് യാത്ര കഴിഞ്ഞ് തിരികെ വന്നതിന് ശേഷം എല്ലായ്പ്പോഴും നിങ്ങളുടെ പാദങ്ങൾ കഴുകി വൃത്തിയാക്കുക.
കവിഞ്ഞൊഴുകുന്ന മലിനജല സംവിധാനങ്ങൾ, വൃത്തിഹീനമായ ജലവിതരണം, അപര്യാപ്തമായ ശുചിത്വ സൗകര്യങ്ങൾ എന്നിവ ജലജന്യ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നു. അതിനാൽ, ഈ അടിസ്ഥാന കാര്യങ്ങൾ പാലിക്കുകയും ഏതെങ്കിലും ജലജന്യ രോഗങ്ങളുടെ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...