മങ്കിപോക്സ് വൈറസ് 23 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും ഇതുവരെ ആകെ 257 കേസുകൾ സ്ഥിരീകരിച്ചതായും 120 ഓളം കേസുകൾ നിരീക്ഷണത്തിലാണെന്നും ലോകാരോഗ്യ സംഘടന. മങ്കിപോക്സ് ബാധിച്ച് കോംഗോയിൽ ഒമ്പത് പേർ മരിച്ചു. ഈ വർഷം മങ്കിപോക്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത നൈജീരിയയിൽ മങ്കിപോക്സ് ബാധിച്ച് ആദ്യത്തെ മരണം രേഖപ്പെടുത്തി. കുറഞ്ഞത് 23 രാജ്യങ്ങളെങ്കിലും രോഗം വളരെ വേഗത്തിൽ വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ഭയം ജനിപ്പിച്ചിട്ടുണ്ടെങ്കിലും, യുഎൻ ആരോഗ്യ ഏജൻസിയുടെ ഉന്നത ആരോഗ്യ വിദഗ്ധൻ ഡോ. റോസാമണ്ട് ലൂയിസ് മങ്കിപോക്സ് മറ്റൊരു മഹാമാരിയായി പടരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് പറയുന്നത്. രോഗത്തെ സംബന്ധിച്ച് ഇപ്പോഴും നിരവധി അജ്ഞതകളുണ്ട്. മങ്കിപോക്സ് എങ്ങനെ പടരുന്നുവെന്നതിൽ പഠനങ്ങൾ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ലൈംഗിക ബന്ധത്തിലൂടെയല്ലാതെ രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. വ്യക്തി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. വ്യക്തികൾ മങ്കിപോക്സ് വൈറസിന്റെ വ്യാപനത്തെ സംബന്ധിച്ച് ബോധവാൻമാരിയിക്കണം. ഇല്ലെങ്കിൽ ഇത് വൈറസ് കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും. മങ്കിപോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്പിലും യുഎസിലും റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസുകളുടെ വർധനവ് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മങ്കിപോക്സ് വൈറസ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്തേക്ക് അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. മെയ് നാലിന് നൈജീരിയയിൽ നിന്ന് വന്ന പൗരനാണ് യുകെയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് പൗരൻ രാജ്യം വിട്ടതിന് ശേഷം ആറ് സ്ഥിരീകരിച്ച കേസുകൾ നൈജീരിയയിൽ രേഖപ്പെടുത്തി. ആഗോളതലത്തിൽ മങ്കിപോക്സ് പകരുന്നതിനിടെ ഇന്ത്യ, ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മറ്റ് യൂറോപ്യൻ രാജ്യങ്ങളും രോഗം പകരുന്നതിനെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിരവധി രാജ്യങ്ങളിൽ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഈ രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്ത രോഗലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഉള്ളവരെ നിയുക്ത ആരോഗ്യ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ ആശുപത്രികളോട് നിർദ്ദേശിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ ഉദ്യോഗസ്ഥരോട് നിരീക്ഷണം ശക്തമാക്കാനും മങ്കിപോക്സ് ബാധിത രാജ്യങ്ങളിൽ നിന്ന് വന്ന രോഗലക്ഷണമുള്ള യാത്രക്കാരെ ഐസൊലേറ്റ് ചെയ്യാനും അവരുടെ സാമ്പിളുകൾ അന്വേഷണത്തിനായി എൻഐവിയിലേക്ക് അയയ്ക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആഗോളതലത്തിൽ മങ്കിപോക്സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങൾ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന പൊതുജനങ്ങളോട് മങ്കിപോക്സ് രോഗത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ ഓഫീസറെ അറിയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.
മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...