ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റങ്ങൾ നിരവധിയാളുകളെ പൊണ്ണത്തടിയുള്ളവരാക്കി. ഈ സാഹചര്യത്തിൽ വ്യായാമം, ഡയറ്റുകൾ, സപ്ലിമെന്റുകൾ എന്നീ കാര്യങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ ചിലർക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വ്യായാമം ചെയ്യാനോ ഡയറ്റ് പിന്തുടരാനോ സാധിക്കില്ല. ഇത്തരം സാഹചര്യത്തിൽ പൊണ്ണത്തടി കുറയ്ക്കാൻ എളുപ്പത്തിൽ ചില വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാം. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുക മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളാണ് ജീരക വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നത്.
പെരുംജീരകത്തിൽ നാരിന്റെ അളവ് കൂടുതലാണ്. പെരുംജീരകം ഇട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ, രാവിലെ വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നതാണ് ഉത്തമം. പെരുംജീരകത്തിൽ സിങ്ക്, ഫോസ്ഫറസ്, സെലിനിയം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ജീരകവെള്ളം മികച്ചതാണ്.
ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും പെരുംജീരകം സഹായിക്കും. ഭക്ഷണം കഴിച്ചതിന് ശേഷം പെരുംജീരക വെള്ളം കുടിച്ചാൽ ദഹനത്തിന് നല്ലതാണ്. ഗ്യാസ്, മലബന്ധം, വയറുവേദന എന്നിവയിൽ നിന്ന് മുക്തി നേടുന്നതിനും ജീരക വെള്ളം സഹായിക്കുന്നു. പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ ഇൻസുലിന്റെ അളവും നിയന്ത്രിക്കപ്പെടുന്നു. വെറുംവയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു.
പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയും. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് നല്ലതാണ്. പെരുംജീരക വെള്ളം കുടിക്കുന്നത് കാഴ്ചശക്തിക്കും മികച്ചതാണ്. ഒരു ടീസ്പൂൺ പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി രാത്രിയിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ ഇത് തിളപ്പിക്കുക. ചെറുചൂടോടെ ഈ വെള്ളം കുടിക്കുന്നതാണ് നല്ലത്. വ്യായാമത്തിലും ഭക്ഷണക്രമീകരണത്തിലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മാറ്റങ്ങൾ വരുത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...