കോൺടാക്ട് ലെൻസ് (Contact Lense) ധരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണിപ്പോൾ. പലരുടെയും ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഇപ്പോൾ ഇവ. കണ്ണടയെക്കാൾ (Spectacles) പലരും തിരഞ്ഞെടുക്കുന്നത് ഈ കോൺടാക്ട് ലെൻസുകളാണ്. സ്‌പോർട്‌സ് പോലുള്ള ഔട്ട്‌ഡോർ ആക്ടിവിറ്റീസ് ചെയ്യുന്നവർക്കുള്ള മികച്ച ഓപ്ഷനായിട്ടാണ് ഇവ കണക്കാക്കപ്പെടുന്നത്. എന്നാൽ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഇവ നമ്മുടെ കണ്ണിന് ദോഷം വരുത്തി വയ്ക്കും. കോൺടാക്റ്റ് ലെൻസുകൾ ധരിക്കുമ്പോൾ പാലിക്കേണ്ട ചില സുരക്ഷാ നിയമങ്ങളുണ്ട്.
നേത്രരോഗ വിദഗ്ധന്റെ നിർദേശപ്രകാരം മാത്രമെ കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കാൻ പാടുള്ളൂ. നേത്രരോഗവിദഗ്ദ്ധനോ ഒപ്‌റ്റോമെട്രിസ്റ്റോ ആണ് ഒരൾക്ക് ഈ ലെൻസ് നിർദേശിക്കുക.
ആദ്യമായി കോൺടാക്റ്റ് ലെൻസുകൾ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു ദിവസം തുടർച്ചയായി ഉപയോഗിക്കാതെ ഏതാനും മണിക്കൂറുകൾ മാത്രമേ ധരിക്കാവൂ. ലെൻസുകൾ ധരിക്കുന്നതിന്റെ ദൈർഘ്യം ഒറ്റയടിക്ക് കൂട്ടാതെ പതിയെ ക്രമേണ വേണം വർധിപ്പിക്കാൻ. ആദ്യമായി ഉപയോഗിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് ദീർഘനേരം തുടരുകയാണെങ്കിൽ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. ഡോക്ടർ നിങ്ങൾക്ക് മറ്റ് ലെൻസുകൾ ചിലപ്പോൾ നിർദേശിക്കാം. സോഫ്റ്റ് കോണ്ടാക്ട് ലെൻസുകൾ മുതൽ റിജിഡ് ഗ്യാസ് പെർമീബിൾ (ആർജിപി) ലെൻസുകൾ, എക്സ്റ്റൻഡഡ് വെയർ ലെൻസുകൾ, ഡിസ്പോസിബിൾ ലെൻസുകൾ വരെ ഇവയിൽ ഉൾപ്പെട്ടേക്കാം.
ശുചിത്വം വളരെ പ്രധാനമാണ്. കോൺടാക്റ്റ് ലെൻസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുകയും പഠിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൈകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൂടാതെ ലെൻസുകൾ എങ്ങനെ കൃത്യമായി ധരിക്കാമെന്നും അഴിച്ചുവെക്കാമെന്നും പഠിക്കണം.
കുളിക്കുമ്പോഴോ നീന്തുമ്പോഴോ ഒരിക്കലും കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കരുത്. ഇത് അകാന്തമീബ കെരാറ്റിറ്റിസ് എന്ന ഗുരുതരമായ നേത്ര അണുബാധയ്ക്ക് കാരണമാകും. കൂടാതെ, ഉറങ്ങുന്നതിനുമുമ്പ് ലെൻസുകൾ മാറ്റിവയ്ക്കാൻ മറക്കരുത്.
കൈകളുടെ ശുചിത്വവുമായി ബന്ധപ്പെട്ടതാണ് കണ്ണിലെ അണുബാധകൾക്കും അലർജികൾക്കും ചുറ്റുമുള്ള ആശങ്കകൾ. അണുബാധകൾ ഒരു വ്യക്തിയുടെ കാഴ്ചയ്ക്ക് തന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതാണ്. ലെൻസ് ക്ലീനിംഗ് ലായനിയിൽ അലർജി ഉണ്ടാകാം. അതിനാൽ കൈയുടെ ശുചിത്വം മാത്രമല്ല ലെൻസുകൾ സമയബന്ധിതമായി അണുവിമുക്തമാക്കുന്നതും സ്റ്റോറേജ് കേസുകൾ വൃത്തിയാക്കുന്നതും നിർണായകമാണ്.
ശരിയായ ലെൻസ് ക്ലീനിംഗ് സൊല്യൂഷനുകൾ ഉപയോഗിച്ച് ലെൻസുകൾ പതിവായി വൃത്തിയാക്കണം. ഇവയുടെzഎക്സ്പയറി ഡേറ്റ് ശ്രദ്ധിക്കണം. കോൺടാക്റ്റ് ലെൻസ് കേസും എല്ലാ ദിവസവും വൃത്തിയാക്കുക. കൂടാതെ, ഡോക്ടർ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ നേരം ലെൻസുകൾ ധരിക്കരുത്.
കോൺടാക്ട് ലെൻസ് ധരിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക. കണ്ണടകളെ അപേക്ഷിച്ച് കോൺടാക്റ്റ് ലെൻസുകൾ നമ്മുടെ കണ്ണുകൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും അവ ഉപയോഗിക്കുന്നതിന് മതിയായ ജാഗ്രതയും പരിചരണവും ആവശ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.