Cholera: വിവിധ രാജ്യങ്ങളിൽ വീണ്ടും കോളറ വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന

cholera outbreak in Syria: കോളറ ബാധിച്ചാൽ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കും. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 11:24 AM IST
  • കോളറ ബാധിച്ച് 39 മരണങ്ങൾ സിറിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്
  • യുദ്ധം രൂക്ഷമായ രാജ്യത്ത് അറന്നൂറോളം അണുബാധകളാണ് സംശയിക്കുന്നത്
  • സ്ഥിതിഗതികൾ ഭയാനകമാംവിധം വഷളാകുകയാണെന്നും മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി
Cholera: വിവിധ രാജ്യങ്ങളിൽ വീണ്ടും കോളറ വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന

ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോളറ വളരെ വേ​ഗത്തിൽ വ്യാപിക്കുകയാണ്. 1993 ന് ശേഷം ലെബനനിൽ കോളറയുടെ ആദ്യ കേസ് രേഖപ്പെടുത്തി. ഇതുവരെ മുപ്പതിലധികം പേരുടെ ജീവൻ അപഹരിച്ച കോളറ വ്യാപനം തടയാൻ അയൽരാജ്യമായ സിറിയയിൽ ഊർജിതമായ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ലെബനനിലും കോളറ പടരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മറ്റൊരു രാജ്യമായ ഹെയ്തിയിലും കോളറ വ്യാപനം രൂക്ഷമാണ്. കോളറ പൂർണമായും തുടച്ചുമാറ്റപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ഒരു കാലഘട്ടത്തിലേക്കാണ് വീണ്ടും കോളറ വ്യാപനം ഉണ്ടാകുന്നത്. കോളറ ബാധിച്ചാൽ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കും. ശുദ്ധമായ കുടിവെള്ളം, ശുചിത്വം, അടിസ്ഥാന ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയുടെ ലഭ്യതയിൽ പിറകിലാകുന്ന സമൂഹങ്ങളിൽ ഈ ജലജന്യ രോ​ഗം അതിവേ​ഗത്തിൽ വ്യാപിക്കുന്നു.

"വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, വരൾച്ച തുടങ്ങിയ അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ശുദ്ധജലത്തിന്റെ ലഭ്യത കുറയ്ക്കുകയും കോളറ പോലുള്ള രോ​ഗങ്ങൾ പടരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷമായി ലോകമെമ്പാടുമുള്ള കോളറ കേസുകളിൽ ആശങ്കാജനകമായ വർധനവ് കാണുന്നു"- ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വീറ്റിൽ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ജലക്ഷാമം, ഇന്ധന ക്ഷാമം, നിരന്തരമായ അക്രമം എന്നിവ കൂടുതലായുള്ള സ്ഥലങ്ങൾ ആരോ​ഗ്യസംവിധാനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. കോളറ ബാധിച്ച ഗുരുതരമായ കേസുകൾക്ക് ദ്രുതഗതിയിലുള്ള ചികിത്സ ആവശ്യമാണ്. സുസ്ഥിരമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ ഇത്തരം ​രോ​ഗങ്ങൾ പടർന്ന് പിടിക്കുന്നത് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.

ALSO READ: Menopause Symptoms And Health Tips: ആർത്തവവിരാമത്തിലെ ആരോ​ഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും

1993ന് ശേഷം ലെബനനിൽ ആദ്യത്തെ കോളറ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ആരോഗ്യ മന്ത്രാലയം പതിറ്റാണ്ടുകൾക്ക് ശേഷം കോളറയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. അയൽരാജ്യമായ സിറിയ ഇതിനകം കോളറ വ്യാപനവുമായി പൊരുതുന്നതിനിടെയാണ് ലെബനന്റെ പ്രഖ്യാപനം. റിപ്പോർട്ടുകൾ പ്രകാരം, കോളറ ബാധിതനായ വ്യക്തി സിറിയയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തെ ദരിദ്രമായ ഗ്രാമീണ വടക്കൻ പ്രവിശ്യയായ അക്കറിൽ നിന്നുള്ളയാളാണ്. കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന്, പകർച്ചവ്യാധി തടയാനുള്ള ശ്രമത്തിലാണ് ആരോ​ഗ്യ വിഭാ​ഗം. ഇന്റർബോർഡർ ട്രാൻസ്മിഷൻ ആയിരുന്നു അണുബാധയ്ക്കുള്ള പ്രധാന സാധ്യത.

ഹെയ്തി കോളറ വ്യാപനത്തിന്റെ വലിയ ഹബ്ബായി മാറിയെന്ന് യുനിസെഫ് പ്രതിനിധി പറയുന്നു. എട്ടിലധികം പേർ മരിച്ചു. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തിന്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ 54 പുതിയ കേസുകൾ ഉണ്ടെന്ന് സംശയിക്കുന്നു. 2010-ൽ അവസാനമായി കോളറ വ്യാപനം ഉണ്ടായപ്പോൾ ആയിരക്കണക്കിന് ആളുകൾ മരിച്ചു. ഈ രോഗം 8,20,000 പേരെ ബാധിക്കുകയും 10,000 പേർ കൊല്ലപ്പെടുകയും ചെയ്തു. 2019-ലാണ് ഹെയ്തി അവസാന കേസ് റിപ്പോർട്ട് ചെയ്തത്. വീണ്ടും ഉയർന്നുവരുന്ന കേസുകൾ സ്ഥിതി​ഗതികൾ ​ഗുരുതരമാക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം രാജ്യതലസ്ഥാനത്ത് ഒരു ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണ്. രൂക്ഷമായ ജലക്ഷാമവും ഇന്ധനക്ഷാമവും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അഭാവവുമുണ്ട്. രാജ്യത്തെ പ്രധാന ആശുപത്രികളിൽ മുക്കാൽ ഭാഗവും ഒന്നുകിൽ പ്രവർത്തനം കുറയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുകയാണെന്ന് യുനിസെഫ് അറിയിച്ചു. അരക്ഷിതാവസ്ഥ, അക്രമം, ഇന്ധനത്തിന്റെ അഭാവം എന്നിവയാണ് അടച്ചുപൂട്ടലിന് പിന്നിലെ കാരണങ്ങൾ. ആളുകൾ ചികിത്സ കിട്ടാതെ മരിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ALSO READ: Diabetes: പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാം

കോളറ ബാധിച്ച് 39 മരണങ്ങൾ സിറിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധം രൂക്ഷമായ രാജ്യത്ത് അറന്നൂറോളം അണുബാധകളാണ് സംശയിക്കുന്നത്. സ്ഥിതിഗതികൾ ഭയാനകമാംവിധം വഷളാകുകയാണെന്നും മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. റിപ്പോർട്ടുകൾ പ്രകാരം, സിറിയയിലെ 14 പ്രവിശ്യകളിൽ പതിനൊന്നിലും 594 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പോ പ്രവിശ്യയിലാണ് കോളറ കൂടുതലായി ബാധിച്ചിരിക്കുന്നത്. കോളറ വ്യാപനത്തിന്റെ ഉറവിടം മലിനമായ യൂഫ്രട്ടീസ് നദിയാണെന്ന് കരുതുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, സിറിയയിൽ ഏകദേശം 18 ദശലക്ഷം ആളുകൾ കുടിവെള്ളത്തിനായി യൂഫ്രട്ടീസ് നദിയെ ആശ്രയിക്കുന്നുണ്ട്.

വിബ്രിയോ കോളറ എന്ന ബാക്ടീരിയയാൽ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് മൂലമുണ്ടാകുന്ന വയറിളക്ക അണുബാധയാണ് കോളറ. ഇത് പൊതുജനാരോഗ്യ ഭീഷണി മാത്രമല്ല, അസമത്വത്തിന്റെയും സാമൂഹിക വികസനത്തിന്റെ അഭാവത്തിന്റെയും സൂചകമാണ്. രോഗത്തിന്റെ പ്രാരംഭമോ തീവ്രത കുറഞ്ഞതോ ആയ അവസ്ഥ ജീവന് ഭീഷണിയല്ലെങ്കിലും, ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിച്ചേക്കാം. കടുത്ത നിർജലീകരണമാണ് പല കേസുകളിലും മരണകാരണമാകുന്നത്. എളുപ്പത്തിൽ ചികിത്സിക്കാവുന്ന ഒരു രോഗമാണ് കോളറ. ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷന്റെ (ഒആർഎസ്) വഴി രോഗബാധിതരായ ഭൂരിഭാഗം ആളുകളെയും വിജയകരമായി ചികിത്സിക്കാൻ കഴിയും. കഠിനമായ കേസുകളിൽ, ഇൻട്രാവണസ് ദ്രാവകങ്ങൾ നൽകേണ്ട ആവശ്യം വന്നേക്കാം. ചില രോഗികൾക്ക് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ ആന്റിബയോട്ടിക്കുകളും നൽകാറുണ്ട്. എന്നിരുന്നാലും, കൂടുതൽ ആന്റി ബയോട്ടിക്കുകൾ രോ​ഗികൾക്ക് ശുപാർശ ചെയ്യുന്നില്ല. നിലവിൽ, ലോകാരോഗ്യ സംഘടനയുടെ അം​ഗീകാരമുള്ള മൂന്ന് വാക്‌സിനുകൾ ഉണ്ട്. ഇവയിൽ ഓരോന്നിന്റെയും രണ്ട് ഡോസുകൾ വീതം ചികിത്സയ്ക്കായി ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News