ലോകം രണ്ടര വർഷമായി വൈറസിന്റെ പിടിയിലാണ് . കോവിഡ് വൈറസിന്റെ വ്യാപനത്തിന് പിന്നിലെ കാരണം ഒരു പഠനത്തിലും തെളിഞ്ഞിരുന്നില്ല. വൈറസ് പ്രതലങ്ങളിൽ നിന്ന് പടരുമെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തൽ . വായുവിലൂടെ കൊറോണ പകരുമെന്ന് ചില സൂചനകൾ ലഭിച്ചിരുന്നു എന്നാൽ തെളിവുകൾ ലഭ്യമായിരുന്നില്ല . എന്നാലിപ്പോൾ വായുവിലൂടെ തന്നെ കോവിഡ് പകരാനുള്ള സാധ്യത സ്ഥിരീകരിച്ചു കഴിഞ്ഞു . മാസ്ക് ധരിച്ച രാജ്യങ്ങളിലെ ആളുകളിൽ വൈറസ് വ്യാപനം കുറവായിരുന്നുവെന്ന് പഠനം തെളിയിക്കുന്നു.
ഹൈദരാബാദിലും മൊഹാലിയിലെയും ആശുപത്രികളുമായി സഹകരിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് കോവിഡ് വായുവിലൂടെ പകരുമെന്ന് സ്ഥിരീകരിച്ചത് . കോവിഡ് 19 ബാധിച്ച ആളുകൾ താമസിക്കുന്ന വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വായു സാമ്പിളുകളിൽ നിന്നുള്ള കൊറോണ വൈറസ് ജനിതകഘടന വിശകലനം ചെയ്തു . ആശുപത്രികൾ, കോവിഡ് രോഗികളുടെ മുറി,ക്വാറന്റൈൻ ചെയ്ത വീടുകൾ എന്നിവിടങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത് .
കോവിഡ് രോഗികൾക്ക് ചുറ്റുമുള്ള വായുവിൽ വൈറസിന്റെ സാന്നിധ്യം പതിവായി കണ്ടെത്താൻ സാധിച്ചു . ഇതേ പരിസരത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ എണ്ണവും വർധിച്ചതായി പഠനം കണ്ടെത്തി . ആശുപത്രികളിലെ ഐസിയുവിലും നോൺ ഐസിയു വിഭാഗത്തിലും വൈറസ് ഉണ്ടെന്നും പഠനത്തിൽ പറയുന്നു . രോഗികളിൽ നിന്ന് വായുവിലേക്ക് വൈറസ് പടർന്നിരുന്നെന്നും അണുബാധയുടെ തീവ്രത ഇതിന് ഘടകമായിരുന്നില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു .
വളരെ ദൂരത്തേക്ക് വ്യാപിക്കാനും ജീവനുള്ള കോശങ്ങളെ പിടികൂടാനും സാധ്യതയുള്ള കൊറോണ വൈറസ് വായുവിൽ ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത് . അണുബാധ പടരാതിരിക്കാൻ മാസ്ക് നിർബന്ധമാക്കുകയെന്നത് മാത്രമാണ് പോംവഴി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...