Funny Quiz: Bombay Duck|'ബോംബേ ഡക്കില്‍' ഡക്കില്ല... എന്തിന്, ബോംബേ പോലും ശരിക്കുമുണ്ടോ എന്ന് സംശയം! ആ ചോദ്യത്തിന് ഉത്തരം

'ബോംബേ ഡക്ക് ഫ്രൈ' ഉണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, താറാവിന്റെ ഇറച്ചികൊണ്ട് എന്നാകും മിക്കവരും പറയുക. എന്നാല്‍ ബോംബേ ഡക്കില്‍ താറാവും കോഴിയും ഒന്നും ഇല്ല. ഉള്ളത് ഒന്നാംതരം മീന്‍

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 04:04 PM IST
  • ബോംബേ ഡക്ക് എന്ന പേരില്‍ അറിയപ്പെടുന്നത് ഹാര്‍പഡോണ്‍ നെഫെറിയസ് എന്ന മീന്‍ ആണ്. പരമാവധി നാല്‍പത് സെന്റീമീറ്റര്‍ മാത്രം നീളമുള്ള ഒരു മീന്‍.
  • സഹിക്കാന്‍ കഴിയാത്തത്രയും രൂക്ഷമായ മണമാണ് ഈ മീനിനുള്ളത്
  • ഇന്തോ-പസഫിക് മേഖലയിലെ ഉഷ്ണമേഖലയിലാണ് ഈ മീനുകള്‍ വ്യാപകമായി കാണുന്നത്
Funny Quiz: Bombay Duck|'ബോംബേ ഡക്കില്‍' ഡക്കില്ല... എന്തിന്, ബോംബേ പോലും ശരിക്കുമുണ്ടോ എന്ന് സംശയം! ആ ചോദ്യത്തിന് ഉത്തരം

'ബോംബേ ഡക്ക് ഫ്രൈ' (Bombay Duck Fry) ഉണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, പെട്ടെന്നുള്ള ഉത്തരം എന്തായിരിക്കും? താറാവിന്റെ (Duck) ഇറച്ചികൊണ്ട് എന്നാകും മിക്കവരും പറയുക. തലശ്ശേരി ബിരിയാണി പോലെ ബോംബേക്കാര്‍ ഉണ്ടാക്കുന്ന ഒരു താറാവ് വിഭവം എന്ന് ഒറ്റ നോട്ടത്തില്‍ കരുതിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ സംഗതി അതൊന്നും അല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബോംബേ ഡക്കില്‍ (Bombay Duck) താറാവും കോഴിയും ഒന്നും ഇല്ല. ഉള്ളത് ഒന്നാംതരം മീന്‍ ആണ്. ബോംബേ ഡക്ക് എന്ന പേരില്‍ അറിയപ്പെടുന്നത് ഹാര്‍പഡോണ്‍ നെഫെറിയസ് എന്ന മീന്‍ ആണ്. പരമാവധി നാല്‍പത് സെന്റീമീറ്റര്‍ മാത്രം നീളമുള്ള ഒരു മീന്‍.

ALSO READ: ജീവിതത്തിൽ നിങ്ങളെ വിശ്വസിക്കില്ല! മുകേഷിന്‍റെ കള്ളത്തരം പൊളിച്ചടുക്കി ഉർവശി

എങ്ങനെയാണ് ഈ മീനിന് 'ബോംബേ ഡക്ക്' എന്ന് പേരുവന്നത് എന്നത് വലിയൊരു ചോദ്യമാണ്. എന്തായാലും ഇതിന്റെ പേരും ഇതിന്റെ മണവും തമ്മില്‍ വലിയ ബന്ധമുണ്ട് എന്നാണ് കഥ. സഹിക്കാന്‍ കഴിയാത്ത മണമാണത്രെ മീനിന്. ഉണക്കമീന്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട! പണ്ട് മുംബൈയില്‍ നിന്നുള്ള തപാല്‍ തീവണ്ടിയില്‍ ഉണക്കിയ മീന്‍ കൊണ്ടുപോകുമ്പോള്‍ ഇംഗ്ലീഷുകാര്‍ പറഞ്ഞുതുടങ്ങിയ പേരാണ് ബോംബേ ഡക്കില്‍ എത്തിയത് എന്നാണ് ഒരു കഥ. ബോംബേ ഡാക്ക് (തപാല്‍) പോലെ നാറുന്നു എന്നൊരു പ്രയോഗത്തില്‍ നിന്നാണ് ബോംബേ ഡക്ക് ഉണ്ടായത് എന്നാണ് ചിലർ പറയുന്നത്. എന്നാല്‍ ഈ കഥയില്‍ ഒരു പ്രശ്‌നമുണ്ട്. ബോംബേയില്‍ തീവണ്ടിപ്പാത വരുന്നതിനും ഒരു 37 വര്‍ഷം മുമ്പേ ഇങ്ങനെ ഒരു പ്രയോഗം നിലനിന്നിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന റോബര്‍ട്ട് ക്ലൈവ് ആണ് ഇങ്ങനെ ഒരു പേര് ആ മീനിന് നല്‍കിയത് എന്നാണ് ബംഗ്ലാദേശില്‍ നിന്നുള്ള കഥകള്‍. ബംഗാള്‍ കീഴടക്കിയതിന് ശേഷം, ക്ലൈവ് ഈ മീനിന്റെ ഒരു കഷ്ണം രുചിച്ചുനോക്കിയത്രെ. ഇതിന്റെ അതി രൂക്ഷമായ ഗന്ധം ക്ലൈവിനെ ബോംബേ കന്റോണ്‍മെന്റിലെ ഗന്ധത്തെ ഓര്‍മിപ്പിച്ചു എന്നും അദ്ദേഹം അങ്ങനെ ബോംബേ ഡക്ക് എന്ന് പേരിട്ടു എന്നും ആണ് കഥ. എന്തായാലും പിന്നീട് ബോംബേ ഡക്ക് എന്ന പേര് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ റസ്റ്റൊറന്റുകളില്‍ ഏറെ പ്രശസ്തമായിരുന്നു.

READ ALSO: Netflix Rate Cut| നെറ്റ് ഫ്ലിക്സ് റേറ്റ് കുറച്ചു, ആമസോൺ പ്രൈം കൂട്ടി- എതാണ് ഏറ്റവു മികച്ച പ്ലാൻ?

ഇന്തോ-പസഫിക് മേഖലയിലെ ഉഷ്ണമേഖലയിലാണ് ഈ മീനുകള്‍ വ്യാപകമായി കാണുന്നത്. 'സ്‌ട്രേഞ്ച് ഫിഷ്' എന്ന പേരിലും ഈ മീന്‍ അറിയപ്പെടുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ലക്ഷദ്വീപ് എ്ന്നിവിടങ്ങളില്‍ ആണ് ഇവ ഏറ്റവും അധികം കാണപ്പെടുന്നതും പിടക്കപ്പെടുന്നതും. ബംഗാള്‍ ഉള്‍ക്കടലിലും ദക്ഷിണ ചൈന കടലിലും ഈ മീന്‍ ചെറിയ അളവില്‍ ഉണ്ടാകാറുണ്ട്. 

പലപ്പോഴും ഉണക്കമീന്‍ ആയിട്ടാണ് 'ബോംബേ ഡക്ക്' ഉപയോഗിക്കാറുള്ളത്. അസഹനീയമായ മണം കാരണം വായുകയറാത്തവിധത്തില്‍ അടച്ചുറപ്പുള്ള പാത്രങ്ങളിലേ ഇവ കയറ്റി അയക്കാറുള്ളു. ഒരു ഘട്ടത്തില്‍ ബ്രിട്ടനില്‍ മാത്രം പ്രതിവര്‍ഷം 1,300 ടണ്‍ 'ബോംബ് ഡക്ക്' മീനുകള്‍ ഭക്ഷിക്കപ്പെട്ടിരുന്നു എന്നാണ് കണക്ക്. 1996 ല്‍ ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി ഉത്പന്നങ്ങളില്‍ സാല്‍മൊണല്ല ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കുറച്ച് കാലത്തേക്ക് യൂറോപ്യന്‍ കമ്മീഷന്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിറകെ 'സേവ് ബോംബേ ഡക്ക്' എന്ന പേരില്‍ ഒരു കാമ്പയിന്‍ തന്നെ നടക്കുകയും ചെയ്തു എന്നത് ചരിത്രം. പിന്നീട്, ചില നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ ബോംബേ ഡക്കിന്റെ കയറ്റുമതി പുനരാരംഭിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News