Boat Tragedies in Kerala: ജലം കവര്‍ന്ന ജീവനുകള്‍... കേരളത്തിലെ ബോട്ട്/തോണി അപകടങ്ങളുടെ ഞെട്ടിക്കുന്ന ചരിത്രം; എന്ന് തീരും ഈ ദുരന്തങ്ങള്‍?

Major Boat Accidents of Kerala: കഴിഞ്ഞ 21 വർഷത്തിനിടെ മാത്രം കേരളത്തിൽ അത്രയേറെ ബോട്ട്- തോണി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. തേക്കടി ദുരന്തത്തിൽ മാത്രം മരിച്ചത് 45 പേരായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 8, 2023, 08:23 AM IST
  • ഏറ്റവും അധികം ജീവനുകൾ പൊലിഞ്ഞത് തേക്കടി ബോട്ട് അപകടത്തിലായിരുന്നു, 45 പേരാണ് അന്ന് മരിച്ചത്
  • കുമരകം ബോട്ട് ദുരന്തത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്
  • കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മലപ്പുറത്ത് മാത്രം നാല് ദുരന്തങ്ങളാണ് സംഭവിച്ചത്
 Boat Tragedies in Kerala: ജലം കവര്‍ന്ന ജീവനുകള്‍... കേരളത്തിലെ ബോട്ട്/തോണി അപകടങ്ങളുടെ ഞെട്ടിക്കുന്ന ചരിത്രം; എന്ന് തീരും ഈ ദുരന്തങ്ങള്‍?

കേരളത്തില്‍ തോണി/ബോട്ട് അപകടങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ സംഭവിക്കുന്ന ദുരന്തമായി മാറുകയാണോ? അത്രയധികം അപകടങ്ങളാണ് കേരള ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടുള്ളത്. ഓരോ അപകടത്തിന് ശേഷവും നിയമങ്ങള്‍ കര്‍ശനമാക്കുകയും കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ടെങ്കിലും അതൊന്നും ശാശ്വതമല്ല എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മലപ്പുറം ജില്ലയെ മാത്രം നോക്കിയാല്‍ തന്നെ, കരളലിയിക്കുന്ന ജലദുരന്തങ്ങള്‍ ഒരുപാടുണ്ട്. കേരളത്തില്‍ സംഭവിച്ച വലിയ തോണി/ബോട്ട് ദുരന്തങ്ങള്‍ പരിശോധിക്കാം...

1. തേക്കടി ബോട്ട് അപകടം

2009, സെപ്തംബര്‍ 30 ന് ആയിരുന്നു കേരളത്തെ ഞെട്ടിച്ച ആ ആപകടം സംഭവിച്ചത്. മുല്ലപ്പെരിയാര്‍ ജലസംഭരണിയിലെ ഏറ്റവും ആഴമേറിയ സ്ഥലത്ത് വച്ചായിരുന്നു അന്ന് അപകടം സംഭവിച്ചത്. 'ജലകന്യക' എന്ന ഡബിള്‍ ഡക്കര്‍ യാത്രാ ബോട്ട് എണ്‍പതിലധികം യാത്രക്കാരുമായി മുങ്ങുകയായിരുന്നു. അന്ന് 45 വിനോദ സഞ്ചാരികളാണ് വെള്ളത്തില്‍ മുങ്ങി മരിച്ചത്. 

അന്നും വിനയായത് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതായിരുന്നു. 75 പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബോട്ടില്‍ അന്ന് കയറിയത് 87 പേരായിരുന്നു. യാതൊരു സുരക്ഷാ മുന്‍കരുതലുകളും യാത്രക്കാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നില്ല. വിശദമായ അന്വേഷണത്തിനൊടുത്തില്‍ ബോട്ടിലെ ജീവനക്കാരെ അസ്റ്റ് ചെയ്യുകയും ചെയ്തു.

Read Also: താനൂർ ബോട്ട് ദുരന്തം:  രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി ഇന്ന് നേരിട്ടെത്തും

2. കുമരകം ബോട്ട് ദുരന്തം

2002 ജൂലായ് 27 ന് ആയിരുന്നു കേരള മനസ്സാക്ഷിയെ കണ്ണീരിലാഴ്ത്തിയ കുമരകം ബോട്ട് ദുരന്തം സംഭവിക്കുന്നത്. 29 ജീവനുകളാണ് അന്ന് വേമ്പനാട്ടുകായലില്‍ പൊലിഞ്ഞത്. കേരള ജലഗതാഗത വകുപ്പിന്റെ ബോട്ട് ആയിരുന്നു അന്ന് അപകടത്തില്‍ പെട്ടത്. ആലപ്പുഴയിലെ മുഹമ്മയില്‍ നിന്ന് പുറപ്പെട്ട ബോട്ട് വേമ്പനാട്ടുകായലില്‍ മുങ്ങുകയായിരുന്നു. 

3. തട്ടേക്കാട് ബോട്ട് ദുരന്തം

2007 ഫെബ്രുവരി 20 ന് ആയിരുന്നു തട്ടേക്കാട് ബോട്ട് ദുരന്തം സംഭവിച്ചത്. ഒരു സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ആയിരുന്നു ആ ദുരന്തത്തില്‍ മരണപ്പെട്ടത്. എലവൂര്‍ സെന്റ് ആന്റണീസ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആയിരുന്നു ഇത്. ബോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നായിരുന്നു അന്ന് അപകടം സംഭവിച്ചത്. അമിതമായി യാത്രക്കാരെ കയറ്റിയതും അവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാതിരുന്നതും ആയിരുന്നു അന്നത്തെ അപകടത്തിന് കാരണം. 

4. കണ്ണമാലി, പാലന ബോട്ട് ദുരന്തങ്ങള്‍

മേല്‍പറഞ്ഞ ദുരന്തങ്ങള്‍ എല്ലാം 2000 ന് ശേഷം സംഭവിച്ചവ ആയിരുന്നു. 1980 ല്‍ കണ്ണമാലിയില്‍ തീര്‍ത്ഥാടകരുമായി സഞ്ചരിക്കുകയായിരുന്ന ഫെറി മുങ്ങി 29 പേര്‍ മരിച്ച സാഹചര്യമുണ്ടായിരുന്നു. അതിനും ഏറെ മുമ്പേ, 1924 ലും കേരളത്തെ ഞെട്ടിച്ച ഒരു ബോട്ട് ദുരന്തം അരങ്ങേറിയിട്ടുണ്ട്. കേരളത്തിന്റെ മഹാകവി കുമാരനാശാന്റെ ഉള്‍പ്പെടെ 24 പേരുടെ ജീവനെടുത്ത പാലന ബോട്ട് ദുരന്തം ആയിരുന്നു അത്. കൊല്ലത്ത് നിന്ന് കോട്ടയത്തേക്കുള്ള വഴിമധ്യേ ആയിരുന്നു അന്ന് യാത്രാ ബോട്ട് മുങ്ങിയത്.

5. അരീക്കോട് തോണി അപകടം

മലപ്പുറം ജില്ലയെ ഏറെ വേദനിപ്പിച്ച തോണി അപകടങ്ങള്‍ ഏറെയാണ്. അതിലൊന്നാണ് അരീക്കോട് തോണി അപകടം. ചാലിയാര്‍ പുഴയില്‍ തോണി മറിഞ്ഞ് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചത് 2009 നവംബര്‍ 4 ന് ആയിരുന്നു. മൂര്‍ക്കടാന് സുബ് ലുസ്സുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ജീവനാണ് അന്ന് ചാലിയാറില്‍ പൊലിഞ്ഞത്. അനുവദനീയമായതിലും അധികം ആളുകളെ തോണിയില്‍ കയറ്റിയതായിരുന്നു അന്ന് അപകടത്തിന് വഴിവച്ചത്. 

6. നരണിപ്പുഴ തോണി അപകടം

2017 ലും മലപ്പുറം ജില്ലയില്‍ സമാനമായ രീതിയില്‍ തോണി അപകടം ഉണ്ടായി. ചങ്ങരംകുളത്തിന് അടുത്തുള്ള നരണിപ്പുഴയില്‍ തോണി മറിഞ്ഞ് ബന്ധുക്കളായ ആറ് വിദ്യാര്‍ത്ഥികളാണ് അന്ന് മരിച്ചത്. സഹോദരങ്ങളുടെ മക്കളായിരുന്നു ഈ ആറ് പേരും. 

7. പുറത്തൂര്‍ തോണി അപകടം

2022 ലും മലപ്പുറം ജില്ലയില്‍ തോണി അപകടത്തില്‍ വലിയ ആള്‍നാശം സംഭവിച്ചിരുന്നു. തിരൂരിന് അടുത്ത് പുറത്തൂരില്‍ വച്ചായിരുന്നു സംഭവം. കക്കവാരുന്നതിനായി തോണിയില്‍ പോയ ആറംഗ സംഘം ആയിരുന്നു അപകടത്തില്‍ പെട്ടത്. ആറംഗ സംഘത്തിലെ നാല് പേരും അന്ന് മുങ്ങി മരിക്കുകയായിരുന്നു. ഇവരെല്ലാം തന്നെ ഒരേ കുടുംബത്തിലെ ആളുകളായിരുന്നു.

8. ഒടുവില്‍ താനൂര്‍

ഏറ്റവും ഒടുവില്‍ കേരളത്തെ ദു:ഖത്തിലാഴ്ത്തിയ വാര്‍ത്തയാണ് മലപ്പുറം ജില്ലയിലെ താനൂരില്‍ നിന്ന് വന്നത്. വിനോദ സഞ്ചാക ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. രക്ഷപ്പെടുത്തിയ പത്ത് പേരില്‍ ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ അപകടങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കാവുന്നവയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് മിക്ക അപകടത്തിന്റേയും കാരണം. വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതാണ് ഓരോ അപകടത്തിന്റേയും ആഘാതം കൂട്ടിയത്. തീർച്ചയായും ഒഴിവാക്കപ്പെടേണ്ട ആ അപകടങ്ങൾക്ക് അധികൃതരെ മാത്രം കുറ്റപ്പെടുത്തിയാൽ മതിയാകുമോ എന്ന ചോദ്യവും ബാക്കിയാണ്. പലപ്പോഴും, അധികൃതരുടെ വാക്കുകൾക്ക് പുല്ലുവില കൽപിക്കുന്ന യാത്രക്കാരും ഇത്തരം അപകടങ്ങൾക്ക് ഉത്തരവാദികളാണ്.

കേരളത്തിൽ ഇത്തരം സാഹചര്യങ്ങൾ ഇനിയും സംജാതമായേക്കാമെന്ന് ദുരന്ത നിവാര വിദഗ്ധനായ മുരളി തുമ്മാരുകുടി ആഴ്ചകൾക്ക് മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നു. വിനോദ സഞ്ചാര മേഖലയിൽ, പ്രത്യേകിച്ചും ഹൌസ് ബോട്ടുകളിൽ ഇത്തരം ദുരന്ത സാധ്യതകളുണ്ട് എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ഇത്തരം ബോട്ടുകളിൽ എത്രത്തോളം സുരക്ഷാ സംവിധാനങ്ങളുണ്ട് എന്നതും, യാത്രക്കാർ എത്രത്തോളം അപകടസാധ്യതകളെ കുറിച്ച് ബോധവാൻമാരാണ് എന്നതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയങ്ങളിൽ ഒന്നും തന്നെ വേണ്ടതരത്തിലുള്ള ചർച്ചകളോ നടപടികളോ ഉണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം. താനൂരിലെ അപകടത്തിന് കാരണം, അനുവദനീയമായതിൽ കൂടുതൽ ആളുകൾ ബോട്ടിൽ കയറിയതാണെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത വിവരം. ബോട്ടിന്റെ നിർമാണം അടക്കമുള്ള വിഷയങ്ങളിൽ ഇപ്പോൾ തന്നെ ആക്ഷേപം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News