കോഴിക്കോട്: Vlogger Rifa Mehnu Death Case: ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് സമർപ്പിച്ചേക്കുമെന്ന് സൂചന. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്മോര്‍ട്ടം നടന്നത്.
പരിശോധനയിൽ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അത് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് ലാബിൽ നടക്കും. അതിന്‍റെ ഫലംകൂടി വന്നാലേ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരുള്ളുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. റിഫയുടെ മരണ കാരണത്തിന്റെ ചുരുളഴിക്കാൻ ശാസ്ത്രീയ പരിശോധനകൾക്ക് കഴിയുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
Also Read: ദുരൂഹത മാറുമോ? റിഫയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് പുറത്തെടുക്കും
താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ന്വേഷിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ കൊലപാതക സൂചന ലഭിച്ചാല്‍ അന്വേഷണം ദുബായിലേക്കു വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനായി മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. റിഫയുടെ സുഹൃത്തുക്കള്‍, ദുബായില്‍ ഒപ്പം താമസിച്ചിരുന്നവര്‍, ബന്ധുക്കള്‍ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്താനും നീക്കമുണ്ട്.
റിഫയുടെ മാതാപിതാക്കളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു സംസ്കരിച്ചതെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. റിഫയുടെ മരണത്തിൽ അന്വേഷണ സംഘം തിരയുന്നത് രണ്ടു കാര്യങ്ങളാണ്. അതിൽ ഒന്ന് റിഫയെ ശ്വാസം മുട്ടിച്ചാണോ കൊന്നത് എന്നതും രണ്ടാമത്തേത് എന്തെങ്കിലും വിഷപദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ മരണം സംഭവിച്ചതെന്നുമാണ്.
Also Read: 2025 വരെ ഈ രാശിക്കാരിൽ ശനി നാശം വിതയ്ക്കും!
മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും മെഹ്നാസിനെതിരെ കേസെടുക്കണമെന്നും റിഫയുടെ മാതാപിതാക്കളും സഹോദരനും റൂറൽ എസ്‌പി എ ശ്രീനിവാസന് പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മെഹ്നാസിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...