തിരുവനന്തപുരം: വൈക്കത്ത് വാഹന അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. വൈക്കം വെച്ചൂർ ഇടയാഴം ചെമ്മരപ്പള്ളിൽ ഗോപിനാഥൻ നായരാ(63 )ണ് മരിച്ചത്. അപകടത്തെ തുടർന്ന് അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ഗോപിനാഥൻ അപകടനില തരണം ചെയ്യുന്നതിനു മുന്നേ ഡിസ്ചാർജ് ചെയ്തതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ അഞ്ചിന് രാത്രി ഒൻപതിന് വൈക്കം ഇടയാഴം പെട്രോൾ പമ്പിന് സമീപത്തുകൂടി നടന്നു പോകുമ്പോഴായിരുന്നു ഗോപിനാഥനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി. 10ന് അപകട നില തരണം ചെയ്യുന്നതിന് മുമ്പേ ബെഡില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതർ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചു.
ഗോപിനാഥന്റെ ആരോഗ്യനില മോശമായതിനാൽ മറ്റൊരു വാർഡിലേക്ക് മാറ്റാൻ ബന്ധുക്കൾ അപേക്ഷിച്ചതിനാൽ ഐ സി യുവിൽ രണ്ടു ദിവസം കൂടി നീട്ടി നൽകി. 13 ന് രാവിലെ ഒൻപതിന് ഗോപിനാഥനെ ഡിസ്ചാർജ് ചെയ്യുകയാണെന്ന് പറഞ്ഞ് ഐ സി യുവിൽ നിന്ന് പുറത്തേക്ക് മാറ്റി. അന്ന് വൈകുന്നേരം അഞ്ചിന് ഡിസ്ചാർജ് ഷീറ്റ് നൽകുന്നവരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകേണ്ട ജീവൻ രക്ഷാ മരുന്നുകളും മറ്റ് പരിചരണങ്ങളും നൽകിയില്ല. പിന്നീട് വൈകുന്നേരം ആറിന് വൈക്കം താലൂക്ക് ആശുപത്രിയിൽ ഗോപിനാഥനെ പ്രവേശിപ്പിച്ചെങ്കിലും രാത്രി 1.30 ഓടെ മരിച്ചു.
മെഡിക്കൽ കോളേജിൽ ഏതെങ്കിലും വാർഡിലേക്ക് മാറ്റി തുടർ ചികിൽസ ലഭിച്ചിരുന്നെങ്കിൽ ഗോപിനാഥന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് സഹോദരൻ ദിനേഷ് ആരോപിച്ചു. ഡിസ്ചാർജിന്റെ പേരിൽ ഒരു പകൽ മുഴുവൻ ചികിൽസ നിഷേധിക്കപ്പെട്ടതാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗോപിനാഥൻ നായരുടെ ബന്ധുക്കൾ എസ് പി . ആരോഗ്യ വകുപ്പ് മന്ത്രി, ഡിഎംഒ തുടങ്ങിയവർക്ക് പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...