Uttar Pradesh: കഴിഞ്ഞ ദിവസം രണ്ട് ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വാര്‍ത്ത കൂടി. രാജ്യത്തെ ഞെട്ടിക്കുന്ന പീഡന കഥകളുടെ പരമ്പരയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്.
ഉത്തർ പ്രദേശിലെ പീലിഭിത്തില്‍ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം അഗ്നിക്കിരയാക്കി. രണ്ട് പേർ ചേർന്ന് ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്തശേഷം ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയായിരുന്നു. പരിക്കുകളും പൊള്ളലും പെണ്‍കുട്ടിയെ മരണത്തിലേയ്ക്ക് നയിച്ചു.
Also Read: ലഖിംപൂരിൽ സഹോദരികളെ കൊലപ്പെടുത്തിയ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
അതേസമയം, അഗ്നിക്കിരയാക്കിയശേഷം പ്രതികള്‍ തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് എന്നും റിപ്പോര്‍ട്ട് ഉണ്ട്. മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഉത്തർ പ്രദേശിലെ പീലിഭിത്തിലെ കുൻവാർപൂർ ഗ്രാമത്തിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതികള്‍ ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 12 ദിവസം ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിയെങ്കിലും ഒടുവില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ഇതിനോടകം പോലീസ് കസ്റ്റഡിയിലാണ്.
അതേസമയം, സംസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച വീഡിയോ കോൺഫറൻസിലൂടെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ലഖിംപൂർ, പിലിഭിത്, ലഖ്‌നൗ, ഗോണ്ട, ബദൗൺ, അംറോഹ എന്നിവിടങ്ങളിലെ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥരുടെ പ്രവർത്തനം മുഖ്യമന്ത്രി അവലോകനം ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ സഹോദരിമാരായ രണ്ട് ദളിത് പെണ്‍കുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് സംസ്ഥാനത്തെ ക്രമസമാധാനത്തിനെതിരായ വലിയ രോഷത്തിന് വഴി തെളിച്ചിരുന്നു. രണ്ട് പെൺകുട്ടികളേയും ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു.
സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സി ഐ നിഗശന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഒരു വനിതാ പോലീസ് അടക്കം ആറ് പേരാണ് ഉള്ളത്. ഈ സംഭവത്തില്‍ 6 പേരെ ഇതിനോടകം ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതായി അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) ലോ ആൻഡ് ഓർഡർ പ്രശാന്ത് കുമാർ പറഞ്ഞു. എട്ട് ലക്ഷം രൂപയാണ് ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടികളുടെ കുടുംബത്തിന് സഹായധനം അനുവദിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...