കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതിയായ സുനേഷിനാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം കേസിലെ മറ്റ് 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിച്ചത്. ഹരിദാസിനെ കൊലപ്പെടുത്താൻ എത്തിയ സംഘത്തിന് ഹരിദാസിനെ കാണിച്ച് കൊടുത്തത് സുനേഷാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
എന്നാൽ പുന്നോൽ ഹരിദാസിനി കൊലപ്പെടുത്തിയ സംഘവുമായി സുനേഷിന് ബന്ധമുണ്ടെന്നുള്ളതിന്റെ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് പ്രതിക്ക് ജാമ്യം നൽകിയത്. എന്നാൽ ഒന്നാം പ്രതിയുടെയും പതിനൊന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് മാറ്റി വെച്ചു. ഫെബ്രുവരി 21നായിരുന്നു സിപിഎം പ്രവർത്തകനായിരുന്നു പുന്നോൽ ഹരിദാസിനെ നാലംഗ സംഘം കൊലപ്പെടുത്തിയത്.
ഏപ്രിൽ 25 ന് അർധരാത്രിയോടെ മൂന്നാം പ്രതിയായ സുണെഷിന്റെ വീടിന്റെ മുന്നിലെ വരാന്തയിലും വീടിന്റെ പിറകിലുമായി റീത്തുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. പ്രദേശത്ത് സംഘർഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിരുന്നു.
കൂടാതെ കണ്ണൂരിൽ എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിന് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പുലർത്തണമെന്നും പോലീസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾക്ക് ശേഷം സമൂഹചുറ്റുപാടിലും സാമൂഹിക മാധ്യമങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംഘർഷ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസ് ജാഗ്രത ശക്തമാക്കി.
കണ്ണൂരിലെ കണ്ണവത്താണ് പോലീസ് അതീവ ജാഗ്രത പുലർത്തുന്നത്. കണ്ണവവും ചുറ്റുമുള്ള പ്രദേശങ്ങളും പ്രശ്നബാധിത പ്രദേശങ്ങളായാണ് പോലീസ് കാണുന്നത്. 2018, 2020 വർഷങ്ങളിൽ കണ്ണവത്ത് ആർഎസ്എസ് പ്രവർത്തകനും എസ്ഡിപിഐ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. വിദ്വേഷപ്രചരണവും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്.
2021 ഡിസംബർ 18, 19 തിയതികളിൽ ആലപ്പുഴയിൽ എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. പിറ്റേദിവസം രാവിലെ, ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തി.
ഇതിന് സമാനമായാണ് പാലക്കാടും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വരികയായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിൽ വന്ന അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിറ്റേദിവസം ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. രണ്ട് കേസുകളിലും ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർ പിടിയിലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...