കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥനായ ഷൈന്‍ജിത്തിനെയാണ് വൈക്കം നാനാടത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. എറണാകുളം മുളന്തുരുത്തി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്നു. വീടിന്റെ സ്റ്റെയർകേസിൽ തൂങ്ങിയനിലയിലായിരുന്നു കണ്ടത്. സംഭവം നടക്കുമ്പോൾ ഷൈന്‍ജിത്തിന്റെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ അവരുടെ വീട്ടിലായിരുന്നു. അഞ്ചുദിവസമായി മെഡിക്കല്‍ അവധിയിലായിരുന്ന ഷൈന്‍ജിത്ത് ചൊവ്വാഴ്ച തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. മൃതദേഹം വൈക്കം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: മഴ ലഭ്യത പ്രവചനാതീതം; തയ്യാറെടുപ്പ് ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി
അതേസമയം കാസർഗോഡ് കെട്ടുംകല്ലില്‍ ലഹരി ഇടപാട് സംശയിച്ച് നടത്തിയ പരിശോധനയിൽ വന്‍ സ്‌ഫോടകശേഖരം പിടിച്ചെടുത്തു. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത്. ഇയാളുമായി ബന്ധപ്പെട്ട് ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെതുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തത്. ജെലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററുകളും അടക്കമുള്ള സ്‌ഫോടക വസ്തുക്കളാണ് മുസ്കഫയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
പ്രതിയുടെ കാറില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്. 2150 ഡിറ്റണേറ്ററുകളും, 13 ബോക്‌സ് ജെലാറ്റിന്‍ സ്റ്റിക് എന്നിവ കൂടാതെ മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇയാള്‍ ഉപയോഗിച്ചിരുന്ന കാറും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനു പിന്നാലെ എക്സൈസ് സംഘം വിഷയം പോലീസിൽ അറിയിച്ചു. വിഷയത്തിൽ ഇരു വകുപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.