പാലക്കാട് : പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് പരാതി. ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പരാതി നൽകിയിരിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു മരിച്ച കേസിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പരാതിയെ തുടർന്ന് കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പാലക്കാട് കോടതിയാണ് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. അഭിഭാഷക കമ്മീഷൻ നിലവിൽ പാലക്കാട് സൗത്ത് സ്റ്റേഷനിൽ പരിശോധന നടത്തി വരികെയാണ്.
ഷാജഹാൻ കൊലപാതക കേസിൽ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. പിടിയിലായവർ മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് ആഗസ്റ്റ് 17 നാണ് രേഖപ്പെടുത്തിയത്. ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നല്‍കിയ മൊഴി. കേസ് അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ.രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമാണെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. പ്രതികളിൽ ചിലര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്. പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനു നേരെ ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമം ഉണ്ടായത്. കൊലയ്ക്ക് പിന്നിൽ സിപിഎം തന്നെയെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്. രാത്രി 9.30 ഓടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു അക്രമം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.