Telangana: ഹൈദരാബാദിൽ ലഷ്കർ ഭീകരർ പിടിയിൽ; പദ്ധതിയിട്ടത് വൻ ആക്രമണത്തിന്, നാല് ​ഗ്രനേഡുകൾ കണ്ടെടുത്തു

Hyderabad: നാല് ​ഗ്രനേഡുകൾ പിടികൂടി. പിടിച്ചെടുത്ത ​ഗ്രനേഡുകൾ പാകിസ്താനിൽ നിന്ന് എത്തിച്ചതാണെന്നാണ് സംശിയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 11:00 AM IST
  • അബ്ദുൾ സഹെദ് (39), എംഡി സമിയുദ്ദീൻ (39), മാസ് ഹസൻ ഫാറൂഖ് (29) എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്
  • ഇവരിൽ നിന്ന് നാല് ​ഗ്രനേഡുകൾ പിടികൂടി
  • പിടിച്ചെടുത്ത ​ഗ്രനേഡുകൾ പാകിസ്താനിൽ നിന്ന് എത്തിച്ചതാണെന്നാണ് സംശിയിക്കുന്നത്
  • കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്
Telangana: ഹൈദരാബാദിൽ ലഷ്കർ ഭീകരർ പിടിയിൽ; പദ്ധതിയിട്ടത് വൻ ആക്രമണത്തിന്, നാല് ​ഗ്രനേഡുകൾ കണ്ടെടുത്തു

ഹൈദരാബാദ്: വിജയദശമി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഹൈദരാബാദിൽ നിന്ന് ലഷ്കർ ഇ തൊയ്ബ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ അറസ്റ്റിൽ. അബ്ദുൾ സഹെദ് (39), എംഡി സമിയുദ്ദീൻ (39), മാസ് ഹസൻ ഫാറൂഖ് (29) എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നാല് ​ഗ്രനേഡുകൾ പിടികൂടി. പിടിച്ചെടുത്ത ​ഗ്രനേഡുകൾ പാകിസ്താനിൽ നിന്ന് എത്തിച്ചതാണെന്നാണ് സംശിയിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.

പാകിസ്താൻ ഡ്രോണുകൾ മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് അതിർത്തിയിൽ സ്ഫോടനം നടത്തിയതിന് സമാനമായ ​ഗ്രനേഡുകളാണെന്നും ഇവയിൽ മെയ്ഡ് ഇൻ ചൈന അടയാളമുണ്ടെന്നും ഹൈദരാബാദ് പോലീസിലെ ഉന്നത് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മലക്പേട്ട് സ്വദേശിയായ അബ്ദുൾ സഹെദ് മുമ്പ് ഹൈദരാബാദിൽ നിരവധി ഭീകരാക്രമണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾ ഐഎസ്‌ഐ സംഘങ്ങളുമായുള്ള ബന്ധം വീണ്ടും പുനരുജ്ജീവിപ്പിക്കാനും സ്‌ഫോടനങ്ങൾ ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾ നടത്താനും ഗൂഢാലോചന നടത്തിയതായി പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ അബ്ദുൾ സഹെദ് തന്റെ കൂട്ടാളികൾക്ക് നാല് ഗ്രനേഡുകൾ നൽകിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അതിവേഗം റെയ്ഡ് നടത്തുകയും മൂന്ന് പേരെ മലക്പേട്ടിൽ നിന്ന് പിടികൂടുകയുമായിരുന്നു.

2005ൽ ബേഗംപേട്ടിലുള്ള സിറ്റി പോലീസ് കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സ് ഓഫീസിന് നേരെയുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെ ഹൈദരാബാദിലെ നിരവധി തീവ്രവാദ കേസുകളിൽ സഹെദ് മുമ്പ് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹൈദരാബാദ് പോലീസ് പ്രസ്താവനയിൽ പറയുന്നു. പാകിസ്ഥാൻ ഐഎസ്‌ഐ-എൽഇടി ഭീകരസംഘടനാ പ്രവ‍ർത്തകരായ ഫർഹത്തുള്ള ഗോരി, സിദ്ദിഖ് ബിൻ ഒസ്മാൻ, അബ്ദുൾ മജീദ് എന്നിവരുമായി സഹെദ് നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ മൂന്ന് പേരും ഹൈദരാബാദ് സ്വദേശികളാണ്. എന്നാൽ ഇവിടെ നിരവധി തീവ്രവാദ കേസുകളിൽ പ്രതികളായതിനാൽ ഒളിവിൽ പോയി പാകിസ്ഥാനിൽ സ്ഥിരതാമസമാക്കിയവരാണ്. അവർ ഇപ്പോൾ പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. 

2002ൽ ദിൽസുഖ് നഗറിലെ സായിബാബ ക്ഷേത്രത്തിലുണ്ടായ സ്‌ഫോടനം, മുംബൈയിലെ ഘാട്‌കോപ്പറിലെ ബസ് സ്‌ഫോടനം, 2005ൽ ബേഗംപേട്ടിലെ ടാസ്‌ക് ഫോഴ്‌സ് ഓഫീസിനു നേരെയുണ്ടായ ചാവേർ ആക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങൾ ഇവർ നടത്തിയിരുന്നു. ഇവർ 2004-ൽ സെക്കന്ദരാബാദിലെ ഗണേശ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടത്താൻ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു. ഫർഹത്തുള്ള ഘോരി, അബു ഹംസാല, മജീദ് എന്നിവർ താനുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുകയും യുവാക്കളെ റിക്രൂട്ട് ചെയ്യാനും ഹൈദരാബാദിൽ വീണ്ടും ഭീകരാക്രമണം നടത്താനും തന്നെ സമീപിച്ചതായും ധനസഹായം നൽകുകയും ചെയ്തുവെന്ന് സഹെദ് കുറ്റസമ്മതം നടത്തി.

ALSO READ: Pak Terrorist: ലക്ഷ്യമിട്ടത് ഇന്ത്യൻ സൈന്യത്തെ, പാക് കേണല്‍ നൽകിയത് 30,000 രൂപ! വെളിപ്പെടുത്തലുമായി പിടിയിലായ ഭീകരൻ!

പാകിസ്താനിൽ നിന്നുള്ള നിർദേശത്തിന്റെ ഭാ​ഗമായാണ് ഇയാൾ മറ്റ് രണ്ട് പേരെ റിക്രൂട്ട് ചെയ്തതെന്നും പോലീസ് വ്യക്തമാക്കുന്നു. സഹെദിന് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരിൽ നിന്ന് ലഭിച്ച നാല് കൈ ഗ്രനേഡുകൾ പോലീസ് പിടിച്ചെടുത്തു. “പൊതുയോഗങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഗ്രനേഡ് ആക്രമണങ്ങൾ നടത്താനും അതുവഴി നഗരത്തിൽ ഭീകരതയും വർഗീയ സംഘർഷവും ഉണ്ടാക്കാനും സംഘം പദ്ധതിയിട്ടിരുന്നു,” പോലീസ് പറഞ്ഞു. അഞ്ച് മൊബൈൽ ഫോണുകൾ, ഒരു മോട്ടോർ സൈക്കിൾ, അഞ്ച് ലക്ഷം രൂപ എന്നിവയും പ്രതികളിൽ നിന്ന് പോലീസ് പിടികൂടി. ​ഗൂഢാലോചനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News