കൊച്ചി: നടൻ ദിലീപിനെതിരെ മാനനഷ്ട കേസ്. ലിബർട്ടി ബഷീർ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. മഞ്ജു വാര്യരും ലിബർട്ടി ബഷീറും ചേർന്ന് ഗൂഢാലോചന നടത്തി എന്ന് ദിലീപ് ആരോപിച്ചിരുന്നു. കൂടാതെ ദിലീപിനെതിരെ കേസ് വരാൻ കാരണം ലിബർട്ടി ബഷീർ ആണെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കേരളം ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റും, കേരള ഫിലിം ഡെവലപ്മെന്റ് കോര്പറേഷൻ അംഗവുമായ ലിബർട്ടി ബഷീർ പരാതി നൽകിയത്. വളരെ പ്രശസ്തനായ നടൻ നടത്തിയ ആരോപണം തന്നെ അപകീർത്തിപ്പെടാൻ വേണ്ടി നടത്തിയതാണെന്ന് ലിബർട്ടി ബഷീറിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ബഷീർ തലശ്ശേരി കോടതിയെയാണ് സമീപിച്ചത്. കേസിൽ നവംബർ ഏഴിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ദിലീപിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദിലീപിനെതിരായ കേസിലെ സൂത്രധാരൻ താനാണെന്ന് കാണിക്കാൻ ശ്രമിച്ചതായും, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് കഴിഞ്ഞ ദിവസം കോടതി താക്കീത് നൽകിയിരുന്നു. വിചാരണക്കോടതിക്കെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ വിമർശനം. അടിസ്ഥാന രഹതിമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടിയുണ്ടാകുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് ഹർജിക്കാരിക്കെതിരെ കർശന നിലപാടെടുത്തത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി സമർപ്പിച്ചത്. കോടതിക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് വിമർശനങ്ങൾ ഉന്നയിച്ചതെന്നാണ് ഹൈക്കോടതി ചോദിച്ചത്. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചതെന്നായിരുന്നു ഈ ചോദ്യത്തിന് മറുപടി നൽകിയത്. അന്വേഷണ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോ എന്നാണ് കോടതി തുടർന്ന് ആരാഞ്ഞത്. അതേസമയം കുറ്റപത്രം പരിശോധിച്ച ശേഷം ഹർജിയിൽ നിന്ന് പിൻമാറണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനമാകാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു.
ഹർജിയിൽനിന്നു പിൻമാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാൽ നടപടി ഉണ്ടാകും എന്ന് കോടതി മുന്നറിയിപ്പ് നൽകുകയായിരുന്നു. കേസിലെ നിർണായക തെളിവാണ് മെമ്മറി കാർഡുകൾ. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമർശനം ഉന്നയിച്ചിരുന്നു. ഈ വിമർശനങ്ങൾ എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ദിലീപിനെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. ദിലീപിനെ കക്ഷി ചേർക്കുന്നതിനെ നേരത്തെ അതിജീവിത എതിർത്തിരുന്നു. എന്നാൽ അത് എതിർക്കുന്നതെന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്നാണ് ദിലീപിനെ കക്ഷി ചേർത്തത്. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...