Chennai: തമിഴ് നാട്ടിലെ കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവള്ളൂരിൽ പന്ത്രണ്ടാം ക്ലാസുകാരി മരിച്ച് ഏകദേശം 24 മണിക്കൂറിനകമാണ് അടുത്ത ആത്മഹത്യ. സംഭവത്തില്‍ ദുരൂഹ മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. അമ്മ ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ആത്മഹത്യയാണ് എന്നത് സംഭവത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. കള്ളക്കുറിച്ചിയിൽ അദ്ധ്യാപകരുടെ പീഡനത്തെ തുടർന്ന് ഏകദേശം രണ്ടാഴ്ച മുന്‍പാണ് ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുന്നത്. ഈ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ചയാണ് തിരുവള്ളൂർ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂള്‍ പ്ലസ് ടൂ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിനിയെ ഹോസ്റ്റലിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
അതേസമയം, കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ച തമിഴ് നാട് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചിരിയ്ക്കുകയാണ്. 'മാനവർ മനസ്സ്' പദ്ധതി പ്രകാരം സ്കൂൾ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് 800 ഡോക്ടർമാരെ ഉടന്‍ തന്നെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൗമാരപ്രശ്‌നങ്ങൾ, പഠനസമ്മർദം, സമപ്രായക്കാരുടെ സമ്മർദ്ദം തുടങ്ങി കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കിടയിലും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്ന് സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...