കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം ഊർജിതമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ.ആർ. ഇളങ്കോ. പ്രതികളെ എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ .ഇളങ്കോ വ്യക്തമാക്കി. രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച ഹരിദാസിന്റെ സഹോദരന്‍ സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകൻ പുന്നോൽ സ്വദേശി ഹരിദാസിനെ അക്രമി സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന ഹരിദാസിനെ ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചാണ് കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിലിട്ടാണ് ഹരിദാസിനെ വെട്ടിക്കൊന്നത്. കാൽ മുറിച്ചുമാറ്റി. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനെ കൊലപ്പെടുത്തിയത്. തലശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷ് ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.
എന്നാൽ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. സംഭവവുമായി യാതൊരു ബന്ധവുമില്ല. പോലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തട്ടെ. പോലീസിന്റെ ജോലി സിപിഎം എടുക്കേണ്ടെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. അക്രമ സാധ്യത മുന്നിൽ കണ്ട് പോലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...