പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി (CPM Branch secretary) അറസ്റ്റിൽ. പാലക്കാട് പ്ലായം ബ്രാഞ്ച് സെക്രട്ടറി എം സുനിൽ (25) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് (Pocso case) അറസ്റ്റ്.
പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്കൂൾ വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് കേസെടുത്തത്. ചിറ്റൂര്‍ പൊലീസ് ആണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം കോട്ടയത്തും പീഡനക്കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനെതിരെയാണ് കേസെടുത്തത്.
വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതിക്കാരിയും ഭർത്താവും സിപിഎം പ്രവർത്തകരാണ്. മുൻപ് പീഡനക്കേസിലും ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ. വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ നിലവിൽ എട്ട് സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ മുഖ്യപ്രതിയാണ് സജിമോൻ. സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകനായ നാസർ എന്നിവർ ചേർന്ന് തന്റെ നഗ്ന ചിത്രം പകർത്തിയെന്നാണ് സ്ത്രീ പരാതി നൽകിയിരിക്കുന്നത്.
പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടയിൽ കാറിൽ വച്ച് മയക്കുമരുന്ന് നൽകി നഗ്ന ചിത്രം പകർത്തി. ഇത് പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നൽകാതിരുന്നതോടെ ചിത്രങ്ങൾ പുറത്ത് വിട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തങ്ങളും പത്തനംതിട്ടയിലേക്ക് ഒരു ആവശ്യത്തിന് പോകുന്നുണ്ടെന്ന് പറഞ്ഞാണ് ഇവർ തനിക്കൊപ്പം വന്നതെന്നും സ്ത്രീ പരാതിയിൽ പറയുന്നു.
തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും ഒരു അഭിഭാഷകനും ഉൾപ്പെടെ ആറ് പേർക്കെതിരെ നഗ്നചിത്രം പ്രചരിപ്പിച്ചതിനും കേസെടുത്തു. മുൻപും പീഡനക്കേസിൽ പ്രതിയാണ് സജിമോൻ. വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സിസി സജിമോനെതിരെ കേസുണ്ട്. ആ കേസിൽ തന്നെ ഡിഎൻഎ ഫലം അട്ടിമറിക്കാനും ശ്രമിച്ചതിന് കേസുണ്ട്.
ഈ സംഭവത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനിലെ ഹരിലാൽ എന്ന പോലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. അന്ന് തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സജിമോനെ തരംതാഴ്ത്തിയിരുന്നു. കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് സജിമോനെ കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. പീഡനക്കേസിൽ പ്രതിയായ ആളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിൽ പാർട്ടിയിൽ എതിർപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...