കൊച്ചി: നടൻ ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ച് തുടരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നത് മാത്രമല്ല ദിലീപ് നിസഹകരിച്ചാലും അത് അന്വേഷണത്തിന് ഗുണമാകുമെന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞു. കോടതി നിർദേശ പ്രകാരമാണ് ചോദ്യം ചെയ്യുന്നത്. നിസഹകരണം ഉണ്ടായാൽ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നുമില്ലാതെയല്ല ചോദ്യം ചെയ്യുന്നതെന്നും ഇന്നലെ കോടതിയിൽ നടന്നത് കണ്ടതാണല്ലോയെന്നും അതിൽ നിന്നും മനസ്സിലാക്കാമല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ക്രൈംബ്രാഞ്ചിന്റെ കൈയിലുള്ള തെളിവുകൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് എഡിജിപി പ്രതികരിച്ചു.
Also Read: Actress Attack| ദിലീപിൻറെ ജാമ്യ ഹർജി: കസ്റ്റഡി ആവശ്യമില്ല എന്ന് പറയാനാകുമോ? കോടതി
കേസിൽ പ്രതി ചേർത്ത അഞ്ച് പേരെയും ഇപ്പോൾ ചോദ്യം ചെയ്യുന്നുണ്ട്. കൂടുതൽ ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ അതും ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി തെളിവു ശേഖരിക്കലാണ് പോലീസിന്റെ ജോലി. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യൽ കൃത്യമായി ചെയ്യുമെന്ന് ശ്രീജിത്ത് പറഞ്ഞു. കൂടുതൽ സമയം വേണമെങ്കിൽ അത് കോടതിയോട് ആവശ്യപ്പെടും. കോടതിയുടെ നിർദ്ദേശം പൂർണ്ണമായും പാലിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read: Actor Dileep | ഗൂഡാലോചന കേസ്, ക്രൈംബ്രാഞ്ചിന്റെ ചോദ്യമുനയിൽ ദിലീപ്
എഡിജിപിയും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇവരും ഭാഗമാകും. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. ദിലീപടക്കമുള്ള 5 പ്രതികളും രാവിലെ കളമശേരിയിലുള്ള ഓഫീസിൽ ഹാജരായിരുന്നു. ഓരോ പ്രതികളെയും വെവ്വേറെ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...