കൊച്ചി/മുംബൈ: കേരളത്തിന് ഏറെ പരിചിതമായ റീട്ടെയിൽ ശൃംഖലയാണ് 'അജ്മൽ ബിസ്മി'. ഹോം അപ്ലയൻസ് ആന്റ് ഇലക്ട്രോണിക്‌സ് ഗുഡ്‌സിൽ തുടങ്ങി ഹൈപ്പർ മാർക്കറ്റിൽ എത്തി നിൽക്കുന്ന ബിസ്മി ഇന്ന് പ്രമുഖ നഗരങ്ങളിലെല്ലാം ഉണ്ട്. കേരളത്തിൽ തുടക്കമിട്ട, കേരളത്തിന്റെ സ്വന്തം ബ്രാൻഡ് ആയ ബിസ്മി മുകേഷ് അംബാനിയുടെ റിലയൻസ് ഏറ്റെടുക്കാൻ പോകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എക്കണോമിക് ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും വീട്ടുപകരണങ്ങളും ഹൈപ്പർമാർക്കറ്റും എല്ലാം ചേർന്ന മുപ്പതിൽപരം വൻ സ്റ്റോറുകളാണ് കേരളത്തിലുടനീളം ബിസ്മിയ്ക്കുള്ളത്. ഏറ്റെടുക്കലിന്റെ അവസാന ഘട്ടത്തിലാണ് റിലയൻസ് എത്തി നിൽക്കുന്നത് എന്നാണ് വാർത്ത. ദിപാവലിയ്ക്ക് മുമ്പ് ഇടപാട് പൂർത്തിയാക്കുമെന്നും സോഴ്‌സുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Read Also: BOI: ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് ഉയരും; ഒപ്പം ഇഎംഐയും
വിഎ അജ്മൽ ആണ് ബിസ്മിയുടെ സ്ഥാപകൻ. പൂർണമായും ാെരു കുടുംബ ബിസിനസ് എന്ന് വിളിക്കാവുന്നതാണ് 'അജ്മൽ ബിസ്മി'. എന്നാൽ 800 കോടി രൂപയിൽപരമാണ് വരുമാനം. 2003 ൽ കൊച്ചിയിൽ ഹോം അപ്ലയൻസുകൾക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കുമായി തുടങ്ങിയ 'ബിസ്മി' ആയിരുന്നു തുടക്കം. പിന്നീട് കേരളത്തിലേക്ക് ഹൈപ്പർ മാർക്കറ്റ് കൾച്ചർ കൊണ്ടുവന്നതിലും ബിസ്മി നിർണായക പങ്കുവഹിച്ചിരുന്നു.
600 കോടി രൂപയുടെ വാല്യുവേഷൻ ആണ് ബിസ്മി പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത് കുറയ്ക്കാനുള്ള വിലപേശലാണ് റിലയൻസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത് എന്നാണ് വാർത്ത. ഊഹാപോഹങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ബിസ്മി ഗ്രൂപ്പിന്റെ നിലപാട് എന്നും വാർത്തയിൽ പറയുന്നുണ്ട്. എന്തായാലും ഇങ്ങനെ ഒരു നീക്കത്തെ കുറിച്ച് റിലയൻസ് ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റീട്ടെയിൽ മേഖലയിൽ രാജ്യത്ത് തന്നെ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് റിലയൻസ് ഗ്രൂപ്പ്. നേരത്തെ ബിഗ് ബസാർ ഏറ്റെടുക്കാൻ നടത്തിയ ശ്രമങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. ഇത് പിന്നീട് നടക്കാതെ പോയി. അതിന് ശേഷം ദക്ഷിണേന്ത്യയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ് റിലയൻസ് ഗ്രൂപ്പ്. അടുത്തിടെ മൂന്ന് ഏറ്റെടുക്കലുകളാണ് റീട്ടെയിൽ മേഖലയിൽ മാത്രം ദക്ഷിണേന്ത്യയിൽ റിലയൻസ് നടത്തിയത്. 152 കോടി രൂപയ്ക്കാണ് തമിഴ്‌നാട്ടിലെ കണ്ണൻ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർസ് ഏറ്റെടുത്തത്. കലാനികേതൻ എന്ന എത്‌നിക് വെയർ റീട്ടെയ്‌ലറേയും റിലയൻസ് ഏറ്റെടുത്തിരുന്നു. പ്രാദേശിക റീട്ടെയിൽ ശൃംഖലയായ ജയസൂര്യ റീട്ടെയിലും റിലയൻസ് ഏറ്റെടുത്തവയിൽ പെടുന്നു.
കേരളത്തിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു ബിസ്മി ഗ്രൂപ്പ്. അഞ്ച് വർഷം കൊണ്ട് 50 ഹൈപ്പർ മാർക്കറ്റുകൾ തുറക്കാനും 2,500 കോടി രൂപയുടെ വിറ്റുവരവ് നേടാനും ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഫാംലി (Farmly) എന്ന ബ്രാൻഡിൽ അജ്മൽ ബിസ്മിയുടെ നേതൃത്വത്തിൽ പാലും പാൽ ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നുണ്ട്. ഇതിനും വലിയ ഡിമാൻഡ് ആണ്. സ്വന്തം ഫാമിൽ നിന്നാണ് ഇവ സ്റ്റോറുകളിൽ എത്തിക്കുന്നത്.
നിലവിൽ, രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഗ്രൂപ്പ് റിലയൻസ് ആണ് - അതിപ്പോൾ വരുമാനത്തിന്റെ കാര്യത്തിൽ ആയാലും ഷോപ്പുകളുടെ എണ്ണത്തിലായാലും. ഇലക്ട്രോണിക്‌സ്, ഗ്രോസറി, ഫാഷൻ തുടങ്ങി ഏത് മേഖലയെടുത്താലും റിലയൻസ് തന്നെയാണ് മുന്നിൽ. ഇകൊമേഴ്‌സ് മേഖലയിൽ ആമസോണിന്റേയും ഫ്‌ലിപ്കാർട്ടിന്റേയും അപ്രമാദിത്തം തകർക്കുക എന്നതും റിലയൻസ് ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആയിരുന്ന മുകേഷ് അംബാനി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. ലോക സമ്പന്നരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. അംബാനിയേക്കാൾ ഏറെ പിറകിലായിരുന്ന ഗൗതം അദാനിയാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ധനികൻ. ലോക സമ്പന്നരിൽ രണ്ടാമനും അദാനി തന്നെ. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ സ്ഥാനത്ത് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...