ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ; രാഷ്ട്രീയത്തിൽ ക്ലീൻ ബൗള്‍ഡ്‌, കാലാവധി പൂർത്തിയാക്കാതെ ഇമ്രാൻ ഖാനും പ്രധാനമന്ത്രിപദം ഒഴിയുമ്പോൾ

2018 മുതൽ 2022 വരെ പാകിസ്ഥാന്റെ 22-ാമത് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു ഇമ്രാൻ ഖാൻ

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Apr 10, 2022, 09:02 AM IST
  • 2018 മുതൽ 2022 വരെ പാകിസ്ഥാന്റെ 22-ാമത് പ്രധാനമന്ത്രിയായി
  • രാഷ്രീയക്കാരുടെ അഴിമതിക്കെതിരെ ആഞ്ഞടിച്ചു
  • സൈന്യം കൈവിട്ടതിന് പിന്നാലെ ജനപ്രീതിയിലുണ്ടായ ഇടിവും തിരിച്ചടി
ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ; രാഷ്ട്രീയത്തിൽ ക്ലീൻ ബൗള്‍ഡ്‌, കാലാവധി പൂർത്തിയാക്കാതെ ഇമ്രാൻ ഖാനും പ്രധാനമന്ത്രിപദം ഒഴിയുമ്പോൾ

പാക് ചരിത്രത്തിൽ ആദ്യമായി അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാന മന്ത്രി അധികാരത്തിൽ നിന്ന് പുറത്താകുകയാണ്. ചരിത്രത്തിലാധ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം പാകിസ്ഥാനിലെത്തിച്ച  ഇമ്രാൻ പടിയിറങ്ങുന്നതും മറ്റൊരു ചരിത്രം സൃഷ്ട്ടിച്ചു കൊണ്ടാണ്. ഇമ്രാൻ തങ്ങളുടെ രക്ഷകനാകുമെന്ന് പ്രതീക്ഷിച്ച  അഴിമതി മൂലം പൊറുതി മുട്ടിയ ഒരു ജനതയ്ക്ക് വലിയ നിരാശ നൽകിയാണ് ഇമ്രാന്‍റെ പടിയിറക്കം. സൈന്യം കൈവിട്ടതിന് പിന്നാലെ ജനപ്രീതിയിലുണ്ടായ ഇടിവും ഇമ്രാൻഖാന് തിരിച്ചടിയാകുകയായിരുന്നു. ക്രിക്കറ്റില്‍ പല റെക്കോഡുകളും തിരുത്തിയിട്ടുള്ള ക്യാപ്റ്റനായിരുന്നു. . ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന്‍  ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോൾ  നായകനായ ഇമ്രാൻഖാൻ പാകിസ്ഥാനികളുടെ മനസിലും തങ്ങളുടെ നായകനായി.  

2018 മുതൽ 2022 വരെ പാകിസ്ഥാന്റെ 22-ാമത് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു ഇമ്രാൻ ഖാൻ. 1952-ൽ ലാഹോറിലെ ഒരു പഷ്തൂൺ കുടുംബത്തിലായിരുന്നു ഇമ്രാൻ ഖാൻ  ജനിച്ചത്. 1975-ൽ ഓക്‌സ്‌ഫോർഡിലെ കെബിൾ കോളേജിൽ നിന്ന് ബിരുദം നേടി. 18-ആം വയസ്സിൽ 1971-ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത്.  1982 നും 1992 നും ഇടയിൽ ടീമിന്റെ ക്യാപ്റ്റനായി ഇടയ്‌ക്കിടെ സേവനമനുഷ്ഠിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു ഇമ്രാൻ.  ടെസ്റ്റ് ക്രിക്കറ്റിൽ 3,807 റൺസും 362 വിക്കറ്റുകളും നേടി. കൂടാതെ ICC ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടി.

ലാഹോറിലും പെഷവാറിലും കാൻസർ ആശുപത്രികളും മിയാൻവാലിയിലെ നമാൽ കോളേജും ഇമ്രാൻ ഖാൻ സ്ഥാപിച്ചു. 1992 മാര്‍ച്ച്‌ 25ന് മെല്‍ബണില്‍ പാക്കിസ്താന്‍ ഏക ലോകകപ്പ് കിരീടം  സ്വന്തമാക്കുമ്പോൾ ക്യാപ്റ്റനായിരുന്നു ഇമ്രാന്‍ ഖാന്‍. 72 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോള്‍ രാജ്യത്തെയും  വലിയ വിജയത്തിലേക്ക് നയിക്കുമെന്ന്  പാകിസ്താനികള്‍ സ്വപ്നം കണ്ടു.  1996 ഏപ്രില്‍ 25നാണ് അദ്ദേഹം തെഹ്രികെ ഇന്‍സാഫ് എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. 

അത് 2002-ൽ ദേശീയ അസംബ്ലിയിൽ ഒരു സീറ്റ് നേടി, 2007 വരെ ഖാൻ മിയാൻവാലിയിൽ നിന്ന് പ്രതിപക്ഷ അംഗമായി പ്രവർത്തിച്ചു. 2008-ലെ തിരഞ്ഞെടുപ്പ് PTI ബഹിഷ്‌കരിച്ചു എന്നാൽ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ, ജനകീയ വോട്ടിലൂടെ രണ്ടാമത്തെ വലിയ കക്ഷിയായി. 2018 ലെ പൊതു തിരഞ്ഞെടുപ്പിൽ, ഒരു ജനകീയ പ്ലാറ്റ്‌ഫോമിൽ മത്സരിച്ച് PTI ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ കക്ഷിയായി ഉയരുകയായിരുന്നു.  കൂടാതെ ഖാൻ പ്രധാനമന്ത്രിയായി സ്വതന്ത്രരുമായി ഒരു സഖ്യ സർക്കാർ രൂപീകരിച്ചു. 

2018 ഓഗസ്റ്റ് 13ന് 22 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇമ്രാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. അതുവരെ  കണ്ടുപരിചയിച്ചവയില്‍ നിന്ന് ഇമ്രാന് ജനത്തിന് നല്‍കിയത് വ്യത്യസ്തമായ രാഷ്ട്രീയമുഖമായിരുന്നു. രാഷ്രീയക്കാരുടെ അഴിമതിക്കെതിരെ ആഞ്ഞടിച്ചു. വിദേശത്തു പഠിച്ചു വളര്‍ന്നു ക്രിക്കറ്റ് കളിക്കാരാനായി ജീവിച്ച തനിക്കു അഴിമതി നടത്തേണ്ട കാര്യമില്ലെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പുതിയൊരു പാകിസ്താനാണ് തന്റെ സ്വപ്നമെന്നും ഇമ്രാൻ ഉറക്കെ പ്രഖ്യാപിച്ചു.  ഇമ്രാന്‍ഖാന്റെ ഈ പ്രഖ്യാപനം ജനം ഏറ്റെടുത്തു.

എന്നാൽ  ഒറ്റക്ക് ഭരണപക്ഷമില്ലെന്നതായിരുന്നു പിന്നീടുള്ള പ്രതിസന്ധി. രാജ്യത്തുണ്ടായ  പണപ്പെരുപ്പവും വിലക്കയറ്റവും, സാമ്പത്തിക പ്രതിസന്ധിയും പിന്നീട് ഇമ്രാന്റെ ജനപ്രീതിയിടിച്ചു. ഐഎസ്‌ഐ തലവന്റെ നിയമനത്തില്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വവയുമായി തെറ്റിയതോടെ സൈന്യവും ഇമ്രാനെ കൈവിട്ടു. അങ്ങനെ അനിവാര്യമായ പതനം ഏറ്റുവാങ്ങി ഇമ്രാന്‍ഖാൻ പടിയിറങ്ങി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു പ്രധാനമന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്ന പാകിസ്ഥാന്‍റെ ചരിത്രത്തെ തിരുത്താന്‍ കഴിയാതെയുള്ള പടിയിറക്കം.

അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനായിരുന്നു ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണക്കുകയായിരുന്നു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസവോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അപ്രതീക്ഷിതമായി നിരാകരിച്ചു. തുടര്‍ന്ന്, ഇമ്രാന്റെ ശുപാര്‍ശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയസഭ പിരിച്ചുവിട്ടു. എന്നാല്‍ ഈ രണ്ടുനടപടികളും റദ്ദാക്കിയ സുപ്രീംകോടതി, ദേശീയസഭ പുനഃസ്ഥാപിക്കുകയും അവിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചു. തുടർന്നാണ് അവിശ്വാസ പ്രമേയം പാസാകുകയും ഇമ്രാന് പുറത്തേക്കുള്ള വഴിയൊരുങ്ങുകയും ചെയ്തത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News