കീവ്: ഫെബ്രുവരി 16ന് റഷ്യ ആക്രമിച്ചേക്കുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ്. ഫേസ്ബുക്കിലൂടെയാണ് യുക്രൈൻ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെയാണ് യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ സെലെൻസ്കി പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിനമായിരിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് എന്ന് മാത്രമാണ് യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കുന്നത്. എന്നാൽ ഇതിന്റെ ആധികാരികതയോ ആക്രമണം നടക്കുമെന്ന് പറഞ്ഞത് ആരാണെന്നോ അദ്ദേഹം വ്യക്തമാക്കുന്നില്ലെന്ന് എൻബിസി റിപ്പോർട്ട് ചെയ്യുന്നു. റഷ്യ യുക്രൈനിന് നേരെ വ്യോമാക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഫെബ്രുവരി 16ന് റഷ്യ, യുക്രൈനെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാശ്ചാത്യ സഖ്യകക്ഷികളോട് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഫെബ്രുവരി 12ന്, ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. യുക്രൈന്‍ അതിർത്തിയിൽ റഷ്യ വൻ തോതിൽ സൈന്യത്തെ വിന്യസിപ്പിച്ചതും യുക്രൈന് മേൽ സമ്മർദ്ദം ചെലുത്താൻ ബലാറസിൽ സൈന്യത്തെ വിന്യസിപ്പിച്ചതും സ്ഥിതി രൂക്ഷമാക്കിയിരുന്നു. ഇത് ഒരു വൻ യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റഷ്യ യുക്രൈനെ ആക്രമിച്ചാൽ സാമ്പത്തിക മേഖലയിലും അല്ലാതെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി 17ന് റഷ്യൻ സൈന്യം മുൻ സോവിയറ്റ് യൂണിയൻ അംഗമായിരുന്ന ബലാറസിൽ സൈനിക അഭ്യാസം ആരംഭിച്ചു. സൈനിക നീക്കം ആരംഭിക്കുന്നത് നാറ്റോ സഖ്യം തങ്ങളെ ആക്രമിച്ചാൽ തടയാനാണെന്നായിരുന്നു റഷ്യയുടെ വാദം. ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന ഭീഷണികൾക്ക് വഴങ്ങേണ്ടതില്ലെന്നായിരുന്നു പുടിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...