Boris Johnson Resignation : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു. അഭിസംബോധന ചെയ്തതിന് ശേഷം രാജി പ്രഖ്യാപിക്കുമെന്നായിരുന്നു ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. കൺസർവേറ്റിവ് പാർട്ടിയുടെ 50 എംപിമാർ കൂട്ടിരാജിയെ തുടർന്നാണ് ജോൺസണിന്റെ പടിയിറക്കും. ജോൺസൺ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞു. എന്നാൽ ഒക്ടോബർ വരെ കാവൽ പ്രധാനമന്ത്രിയായി ജോൺസൺ തുടരും.
ജോൺസണിന് പുറത്തേക്ക് വഴി തുറന്നത് ഇന്ത്യ-പാക് വംശജരായ മന്ത്രിമാരുടെ രാജി
മന്ത്രിസഭയിലെ കൂട്ടരാജിക്ക് പിന്നാലെയാണ് ജോൺസണിന് സ്വയം രാജി അറിയിക്കേണ്ട സമ്മർദം ഉടലെടുത്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡെസനിൽ അധികം മന്ത്രിമാരാണ് ജോൺസൺ മന്ത്രിസഭയിൽ നിന്നും രാജിവച്ചിരിക്കുന്നത്. മന്ത്രിമാരുടെ കൊഴിഞ്ഞ് പോക്കിന് തുടക്കമിടുന്നത് ഇന്ത്യൻ വംശജനും പാകിസ്ഥാൻ വംശജനുമായി മന്ത്രിമാരുടെ രാജിയിലൂടെയാണ്. ജൂലൈ അഞ്ചിന് ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്ക് ആരോഗ്യമന്ത്രിയായ പാക് വംശജനുമായ സാജിദ് ജാവിദും രാജി സമർപ്പിച്ചത്. ഇതോടെ ബോറിസ് മന്ത്രിസഭയുടെ അടിത്തറ ഇളകാൻ തുടങ്ങി. പാർട്ടി ഗേറ്റും ലൈംഗികാരോപണ വിധേയനായ ക്രിസ്റ്റഫർ പിഞ്ചറുടെ ചീഫ് വിപ്പ് നിയമനവുമായിരുന്നു ബോറിസ് ജോൺസിന്റെ പുറത്തേക്ക് വഴിതെളിഞ്ഞത്.
പാർട്ടി ഗേറ്റും ബോറിസ് ജോൺസണിന്റെ രക്ഷപ്പെടലും
കഴിഞ്ഞ വർഷം ബ്രിട്ടണിൽ കോവിഡ് വീണ്ടും ശക്തമായിരിക്കെ രാജ്യത്ത് ഉടനീളം ബോറിസ് ജോൺസൺ സർക്കാർ കനത്ത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. ഇതേ വേളയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വന്തം വസതിയിൽ പാർട്ടി നടത്തിയത് വിവാദമായി. അന്ന് തുടങ്ങിയതാണ് ജോൺസിനെതിരെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ പോര്. പാർട്ടിക്കുള്ളിൽ ജോൺസിണിനെതിരെ ശബ്ദം ഉയർന്നതോടെ സംഭവം വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങി.
2019തിൽ വൻ ഭൂരിപക്ഷത്തോടെ എത്തിയ ജോൺസൺ സർക്കാരിന് ബ്രിട്ടീഷ് പാർലമെന്റിൽ 359 അംഗങ്ങളുടെ പിൻബലമാണുള്ളത്. പാർട്ടിക്കുള്ളിലെ 50തിൽ അധികം അംഗങ്ങൾ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് കത്തിലൂടെ ജോണിസണിനെതിരെ നിലപാട് എടുത്തു. എങ്കിലും വിശ്വാസവോട്ടെടുപ്പിൽ ജോൺസൺ ജയിച്ചു. 359 പേരുണ്ടായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ 148 എംപിമാർ ജോൺസൺ എതിർത്തു. എന്നിരുന്നാലും വിശ്വാസം തെളിയിക്കാനുള്ള 180 വോട്ട് ജോൺസൺ കണ്ടെത്തി പാർട്ടി ഗേറ്റിൽ രക്ഷപ്പെടുകയും ചെയ്തു.
ക്രിസ്റ്റഫർ പിഞ്ചറിന്റെ നിയമനവും കൂട്ടരാജിയും
പാർട്ടി ഗേറ്റ് ഒരുവിധം കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ എല്ലാവരും മറന്ന് വന്ന സാഹചര്യത്തിലാണ് ജോൺസൺ തന്നെ പുതിയ വിവാദത്തിന് തിരി കൊളുത്തുന്നത്. ലൈംഗിക ആരോപണം നേരിടുന്ന ക്രിസ്റ്റഫർ പിഞ്ചറിന് ചീഫ് വിപ്പായി നിയമിച്ചത് വീണ്ടും കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ വീണ്ടും പൊട്ടിത്തെറിക്ക് വഴിവെച്ചു. സംഭവം വിവാദമായിതോടെ ജോൺസൺ പിഞ്ചറെ തൽസ്ഥാനത്ത് നിന്നും നീക്കി രാജ്യത്തോട് മാപ്പ് പറയുകയും ചെയ്തു.
എന്നാൽ ജോൺസിനെതിരെയുള്ള പാർട്ടിക്കുള്ളിലെ അനിശ്ചിതത്വം ആ മാപ്പിൽ അവസാനിച്ചില്ല. രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കി, ജനങ്ങൾ സർക്കാരിൽ നിന്നും കൂടുതൽ മാന്യതയും ഉത്തരവാദിത്വവും പ്രതീക്ഷിക്കുന്നുണ്ടെന്ന് പാർട്ടി അംഗങ്ങൾ അറിയിച്ചു. ധാർമികതയോടെ ഈ മന്ത്രിസഭയിൽ തുടരാനാകില്ലയെന്നും പറഞ്ഞുകൊണ്ട് ഇന്ത്യ, പാക് വംശജരായ മന്ത്രിമാരുടെ രാജിയോടെ കൊഴിഞ്ഞ് പോക്കിനും തുടക്കമായി. കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടായത് ഒരു ഡസനിൽ അധികം കൂട്ടരാജിയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.