വിദേശികൾക്ക് എന്നും ഇഷ്ടമുള്ള നാടാണ് കേരളം. ഈ നാടിന്റെ മനോഹാരിതയും ആളുകളുടെ ജീവിതരീതിയും ആഘോഷങ്ങളുമാണ് അതിന്റെ പ്രധാന കാരണം. അതു കൊണ്ടു തന്നെ വർഷംതോറും പല രാജ്യത്തുനിന്നും വിദേശികൾ കേരളം എന്ന ഈ കൊച്ചു സംസ്ഥാനത്തെ അറിയാനും ആസ്വദിക്കാനുമായി ഇവിടേക്ക് ഒഴുകിയെത്തുകയാണ്.
അതുപോലെ തന്നെയാണ് മലയാളികളുടെയും കാര്യം. ഭൂപടത്തിലെ ഏതൊരു രാജ്യം എടുത്തു നോക്കിയാലും കുറഞ്ഞത് ഒരു മലയാളിയെങ്കിലും അവിടെ കാണാതിരിക്കില്ല. പക്ഷേ, എവിടെ ചെന്നാലും സ്വന്തം നാടും ഇവിടുത്തെ പൈതൃകവും മറക്കാതെയുള്ള മലയാളികളുടെ ജീവിത രീതി അവരെ എവിടെയും ആകർഷണം ഉള്ളവരാക്കുന്നു. അത്തരത്തിൽ ഓസ്ട്രേലിയയിൽ ഒരു കൊച്ചു കേരളം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..? എങ്കിൽ സംഗതി സത്യം തന്നെയാണ്.
ALSO READ: ബ്രിട്ടനിലെ ഗോസ്റ്റ് ജംഗ്ഷന്‍ ഉടൻ തുറന്നേക്കും, തർക്കങ്ങൾക്ക് പരിഹാരം
ഓസ്ട്രേലിയയിലെ അറിയപ്പെടുന്ന ഒരു നഗരമാണ് ടൗൺസ്വില്ല. അവിടെ താരമായി മാറിയിരിക്കുകയാണ് എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിനിയായ ബിസി തോപ്പിലും അവരുടെ രചനകളും. ടൗൺസ്വില്ലയിലെ മേയറൽ കളക്ഷനിൽ ഇടം നേടിയിരിക്കുകയാണ് ബിസിയുടെ രചനകളായ 'ഒറ്റച്ചിറകുള്ള ശലഭങ്ങൾ', 'ചിറകു തുന്നുന്നവർ ', 'ജനിമൃതികളുടെ കാവൽക്കാർ' എന്നീ കഥകൾ. ടൗൺസ്വില്ലയിലെ മേയറൽ കളക്ഷനിൽ പരിഗണിക്കപ്പെടുന്ന ആദ്യത്തെ മലയാളം രചനകളാണ് ബിസിയുടേത്. ഈ നഗരത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയാണ് മലയാളം. മലയാളികൾക്ക് ടൗൺസ്വില്ലയിൽ ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും തന്റെ എഴുത്തിന്റെ നാൾ വഴികളെ കുറിച്ചും സീ മലയാളം ന്യൂസുമായി വിശേഷം പങ്കുവെക്കുകയാണ് എഴുത്തുകാരിയും നഴ്സുമായ ബിസി തോപ്പിൽ.
1. എഴുത്തിന്റെ ലോകത്തേക്ക് വന്നത് എപ്പോഴാണ്?
ഡയറിത്താളുകളിൽ ഒളിച്ചിരുന്ന എന്റെ അക്ഷരങ്ങൾ വെളിച്ചം കാണാൻ തുടങ്ങിയിട്ട് നാലുവർഷം ആയതേയുള്ളൂ. 2023 ജൂണിലാണ് "ഒറ്റച്ചിറകുള്ള ശലഭങ്ങൾ "എന്ന ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്.
2. ആദ്യമായി എഴുതിയ കഥ?
"ചോക്ലേറ്റ്" എന്ന ചെറുകഥ പ്രതിലിപി എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ആദ്യമായി പോസ്റ്റ് ചെയ്തത്.
3. പഠനകാലത്ത് എഴുതാറുണ്ടായിരുന്നോ?
ഇല്ലെന്നു തന്നെ പറയാം. ഹൈസ്ക്കൂൾ മുതൽ ഒരു പഠിപ്പിസ്റ്റ് മാത്രമായിരുന്നു. നഴ്സിംഗ് പഠനകാലത്ത് സ്റ്റുഡൻസ് നേഴ്സസിന്റെ സംഘടനയുടെ സംസ്ഥാനതല ഇംഗ്ലീഷ് കവിത മത്സരത്തിലാണ് ആദ്യമായി പങ്കെടുത്തത്. അതിന് രണ്ടാം സ്ഥാനം കിട്ടിയിരുന്നു.
4. ഇഷ്ടപ്പെട്ട കഥാകാരൻ / കഥാകാരി?
വളരെ പരിമിതമായ വായനയാണ് എന്റേത്. എന്നെ എഴുത്തിന്റെ വഴിയിൽ പിച്ച നടത്തിയ 'അക്ഷരം സാഹിത്യവേദി' യിലെ ശ്രീ. ജയനാരായണൻ, ശ്രീ. ബാബുരാജ് കളമ്പൂർ എന്നിവരുടെ രചനകൾ ആണ് എനിക്ക് പ്രചോദനമായത്. അവർ തന്നെയാണ് എൻ്റെ പ്രിയപ്പെട്ട രചയിതാക്കളും. ഏറെ പ്രശസ്തരായവരിൽ എം ടിയും, കെ. ആർ മീരയും.
5. ഓൺലൈനിൽ എഴുതി തുടങ്ങിയത് എപ്പോഴാണ്?
2019 ഡിസംബറിലായിരുന്നു 'ചോക്ലേറ്റ്' എഴുതിയത്. അതിനു മുൻപ് ഫേസ്ബുക്കിൽ ചെറിയ കുറിപ്പുകൾ എഴുതിയിട്ടുണ്ട്.
6. എഴുത്തുകൾ പുസ്തകരൂപത്തിൽ ആക്കാനാണോ അതോ ഓൺലൈൻ എഴുത്താണോ കൂടുതൽ താൽപര്യം?
അച്ചടിമഷി പുരണ്ട രചനകൾ ഏതൊരു രചയിതാവിന്റെയും സ്വപ്നസാഫല്യമാണെന്ന് കരുതുന്നു. ഓൺലൈൻ എഴുത്തുകളും, പുസ്തകവും നാടകവും സിനിമയും പോലെയാണ്. നാടകത്തിൽ ഓഡിയൻസിന്റെ റസ്പോൺസ് നേരിട്ട് അപ്പോൾ തന്നെ അറിയാം എന്നതുപോലെയാണ് ഓൺലൈൻ പോസ്റ്റുകൾ. പുസ്തകം ഞാനെന്നൊരാൾ ജീവിച്ചിരുന്നു എന്നതിനെ അടയാളപ്പെടുത്തുന്നു.
7. തിരക്കുകൾക്കിടയിൽ ഇപ്പോൾ എഴുതാൻ സമയം കണ്ടെത്തുന്നതെങ്ങിനെ?
തിരക്കുകൾ ഒഴിഞ്ഞ് ഇപ്പോഴാണ് ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ തുടങ്ങിയത്. മക്കൾ വലുതായി അവരവരുടെ കാര്യങ്ങൾ നോക്കാൻ തുടങ്ങുമ്പോൾ സ്വാഭാവികമായും അമ്മമാർ അവരവർക്കായി കണ്ടെത്തുന്ന സമയം. ഓഫ് ദിവസങ്ങളിൽ ഒറ്റയ്ക്ക് കിട്ടുന്ന സമയം എഴുതാൻ മൂഡുള്ളപ്പോൾ എഴുതും.
8. മറ്റൊരു രാജ്യത്ത് തന്റെ എഴുത്തുകൾ അംഗീകരിക്കപ്പെട്ടപ്പോൾ എന്ത് തോന്നി? അങ്ങനെയൊരു അംഗീകാരം സ്വന്തം നാട്ടിൽ ലഭിച്ചിട്ടുണ്ടോ?
അംഗീകാരങ്ങൾ സന്തോഷവും, ആത്മസംതൃപ്തിയും തരുന്നു. ഒപ്പം കൂടുതൽ ഉത്തരവാദിത്വവും. ഒറ്റച്ചിറകുള്ള ശലഭങ്ങളുടെ പ്രകാശനത്തോടനുബന്ധിച്ച് ജന്മനാടായ തെക്കൻ പറവൂർ (എറണാകുളം ജില്ല) നിന്നും, സ്ക്കൂൾ, നഴ്സിംഗ് കൂട്ടായ്മകളിൽ നിന്നും ഒട്ടേറെ സ്വീകരണ ചടങ്ങുകളും അനുമോദനവും കിട്ടിയിരുന്നു.
9. ടൗൺസ്വില്ലയിൽ താങ്കളുടെ എഴുത്തുകൾ ശ്രദ്ധിക്കപ്പെട്ടത് എങ്ങനെയാണ്?
ഓൺലൈൻ പോസ്റ്റുകളിലൂടെയാണ് എൻ്റെ എഴുത്തുകൾ മറ്റുള്ളവർ അറിഞ്ഞു തുടങ്ങിയത്. 2022 ൽ 'പുസ്തകശാല' എന്ന സ്ത്രീ കൂട്ടായ്മ പുറത്തിറക്കിയ 'ചിറകു തുന്നുന്നവർ ' , 2023 ൽ ആഗോള നഴ്സസ് കൂട്ടായ്മയായ 'എയിംന' പ്രസിദ്ധീകരിച്ച 'ജനിമൃതികളുടെ കാവൽക്കാർ ' എന്നീ ചെറുകഥാസമാഹാരങ്ങളിലെ എഴുത്തുകാരിൽ ഒരാളായി. ഇപ്പോൾ എന്റെ സ്വന്തം പുസ്തകത്തിലൂടെയും ഒരു എഴുത്തുകാരി എന്ന നിലയിൽ മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ടൗൺസിൽ ലൈബ്രറിയിൽ എൻ്റെ പുസ്തകങ്ങൾ സ്വീകരിച്ച മേയറിന്റെ FB പോസ്റ്റോടു കൂടിയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ കൂടി അറിയാനിടയായത്.
10. കേരളത്തിൽ നഴ്സ് ആയി ജോലി ചെയ്തിട്ടുണ്ടോ?
എറണാകുളം ഗവൺമെൻറ് നഴ്സിംഗ് സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം തൃപ്പൂണിത്തുറ, മുളന്തുരുത്തി ഗവൺമെൻറ് ആശുപത്രികളിൽ തൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടുണ്ട്.
11. നഴ്സിങ് പഠിക്കുന്ന സമയത്ത് കേരളത്തിൽ ജോലി ചെയ്യാനാണോ ആഗ്രഹിച്ചിരുന്നത്?
തീർച്ചയായും അതെ. പിഎസ്‌സി കിട്ടി ഗവൺമെൻറ് സർവീസിൽ ഒരു സ്ഥിരജോലി എന്നതിനപ്പുറം വിദേശജോലി സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.
12. ഇപ്പോൾ നഴ്സിങ് പഠിക്കുന്ന എല്ലാവരും വിദേശത്ത് പോകുന്ന ഒരു ട്രെന്റ് ആണ് കാണുന്നത്.. അവരുടെ സേവനം സ്വന്തം സംസ്ഥാനത്ത് തന്നെ ലഭിക്കാനായി സർക്കാരുകളുടെ ഭാഗത്തു നിന്നും എന്തെല്ലാം സജ്ജീകരണങ്ങളാണ് ആവശ്യം?
മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ പ്രാവർത്തികമാക്കുക എന്ന് ഒറ്റവാചകത്തിൽ ഇതിന് ഉത്തരം പറയാൻ കഴിയും. എനിക്കും നിങ്ങൾക്കും അറിയാവുന്ന ഈ ഉത്തരത്തിനപ്പുറം ഒന്നും സാധ്യമാക്കുന്നില്ല എന്നതാണ് കാലാകാലങ്ങളായുള്ള അനുഭവം.
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പ്രൈവറ്റ് മേഖലയിൽ ലഭ്യമാകുന്ന തുച്ഛമായ വേതനമാണ് ഒട്ടുമിക്ക നഴ്സുമാരെയും അക്കരെ കടക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കൂടാതെ മലയാളി നഴ്സുമാർക്ക് ലോകത്താകമാനം വർദ്ധിച്ചു വരുന്ന സ്വീകാര്യത, ബഹുമാനം, ആരോഗ്യ പരിരക്ഷ മുതലായവയും ഒരു കാരണമാണ്. ഇപ്പോൾ യുദ്ധഭൂമിയായ ഇസ്രയേലിൽ, ജീവന് ഏറ്റവും അരക്ഷിതമായ അവസ്ഥയിൽ പോലും നാട്ടിലേക്ക് മടങ്ങാൻ മലയാളി നേഴ്സുമാർ മടിക്കുന്നത് തിരിച്ചു വന്നാൽ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ്. ലക്ഷങ്ങളുടെ കടബാധ്യതയിൽ വിദേശത്തേക്ക് പോയവർ ജീവനും കൊണ്ട് രക്ഷപ്പെട്ടോടി നാട്ടിൽ വന്നാൽ അവരെ സംരക്ഷിക്കാൻ ഇവിടെ എന്ത് സർക്കാർ സംവിധാനം ആണുള്ളത് ? പ്രൈവറ്റ് മേഖലയിലും മാന്യമായ ശമ്പളം നൽകിയാൽ നാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ഒട്ടു മിക്കവരും താല്പര്യപ്പെടുക. ഇവിടത്തെ നേഴ്സുമാരുടെ ഷോർട്ടേജിനും അതൊരു പരിഹാരമാകും.
13. മലയാളം പോലെ ടൗൺസ്വില്ലയിൽ കൂടുതൽ അംഗീകാരം ലഭിക്കുന്ന ഭാഷ ഏതാണ്?
2021 ലെ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരമാണ് ടൗൺസ്വില്ലിലെ ഏറ്റവും പ്രചാരത്തിലുള്ള രണ്ടാമത്തെ അന്യഭാഷ മലയാളമാണെന്ന് കണ്ടെത്തിയിട്ടുള്ളത്. വിദേശ ഭാഷകൾ സംസാരിക്കുന്ന 7.9 ശതമാനം ആളുകളിൽ 2.5 ശതമാനവും മലയാളികൾ ആയിരുന്നു. ആദ്യസ്ഥാനം ഫിലിപ്പീൻസിലെ Tagalog ആണ്.
14. എഴുത്തുകൾക്ക് പുറമേ മറ്റെന്തെല്ലാം രീതിയിലാണ് മലയാളത്തിന് അല്ലെങ്കിൽ മലയാളികൾക്ക് കൂടുതലായി പരിഗണന ലഭിക്കുന്നത്?
ഏതൊരു തൊഴിൽ മേഖലയിലും മലയാളികളുടെ സജീവ സാന്നിധ്യം കാണാനാകും. നാളിതുവരെയുള്ള മലയാളികളുടെ വിദ്യാഭ്യാസനിലവാരവും , സേവനസന്നദ്ധതയും, കഠിനാധ്വാനവും, സാംസ്കാരിക സംഭാവനകളും, സൗമ്യമായ പെരുമാറ്റവും മൂലം പൊതുവായി മലയാളികൾക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.
15. ടൗൺസ്വില്ലയിലെ മേയറൽ കളക്ഷനിൽ പരിഗണിക്കപ്പെടുന്ന ആദ്യത്തെ മലയാളം എഴുത്തുകൾ താങ്കളുടേതാണോ?
അതേ. ആദ്യം പറഞ്ഞ 3 പുസ്തകങ്ങളാണ് മേയറൽ കളക്ഷനിൽ ഉള്ളത്.
16. മലയാളത്തിന് അവിടെ ഇത്ര പ്രചാരം ലഭിക്കാനുള്ള കാരണം?
കേരളത്തിന് സമാനമായ ഭൂപ്രകൃതിയും, കാലാവസ്ഥയുമാണ് ടൗൺസ്വില്ലിൽ. ഈയൊരു കാരണം കൊണ്ട് തന്നെ വളരെയേറെ മലയാളികളാണ് വർഷാവർഷം ഇവിടേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത്. മലയാളി കൂട്ടായ്മകളുടെ പ്രധാന ആഘോഷവേദികളിലെല്ലാം മേയറും കൗൺസിലർമാരും പങ്കെടുക്കാറുണ്ട്. അങ്ങനെ മലയാളത്തിന്റെ തനത് പൈതൃകവും സംസ്കാരവും ഇവിടത്തെ ഭരണാധികാരികൾക്കും മനസ്സിലാക്കാനുള്ള വേദി നമ്മൾ ഒരുക്കാറുണ്ട്. കേരള അസോസിയേഷൻ ഓഫ് ടൗൺസ് വില്ലിന്റെ ഇക്കഴിഞ്ഞ ഓണാഘോഷവേദിയിൽ ചീഫ് ഗസ്റ്റ് ആയിരുന്ന മേയറോട് നേരിട്ട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് എൻ്റെ പുസ്തകങ്ങൾക്ക് ഈ ബഹുമതി ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.