റിയാദ്: അന്താരാഷ്ട്ര വിമാന സർവീസുകൾ (International Flights) പുനരാരംഭിക്കാൻ ഒരുങ്ങി സൗദി അറേബ്യ (Saudi Arabia). കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. മേയ് 17 മുതലാണ് വിമാന സർവീസുകൾ ആരംഭിക്കുന്നത്. രാജ്യത്തിന് പുറത്തേക്കുള്ള സ്വദേശികളുടെ യാത്രയും രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ യാത്രയുമാണ് പുനരാരംഭിക്കുന്നത്.
രാജ്യത്തെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളും യാത്രക്കാരെ സ്വീകരിക്കാൻ സജ്ജമാണെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ ജിഎസിഎ വിമാനക്കമ്പനികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷനും അനുമതി നൽകിയതോടെ ഇതിനുള്ള നടപടികൾ വിമാനക്കമ്പനികൾ ഊർജിതമാക്കി. യാത്ര ചെയ്യുന്ന സ്ഥലത്തെ കൊവിഡ് ചട്ടങ്ങളും നിബന്ധനകളും സൗദി എയർലൈൻസ് പുറത്തിറക്കി.
അതോറിറ്റികളുടെ അന്തിമ അനുമതി ലഭിച്ചതോടെ സർവീസ് ഷെഡ്യൂൾ ചെയ്യുന്നതിനുള്ള നടപടികൾ വിമാനക്കമ്പനികൾ ഊർജിതമാക്കി. 38 രാജ്യങ്ങളിലെ കൊവിഡ് നിബന്ധനകളാണ് യാത്രക്കാർക്കായി സൗദി എയർലൈൻസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യയിലേക്കുള്ള നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പട്ടികയിലുള്ള എല്ലാ രാജ്യങ്ങളിലേക്കും സർവീസ് ആരംഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൊവിഡ് (Covid 19) വ്യാപനം രൂക്ഷമായി തന്നെ നിലനിൽക്കുന്നതിനാൽ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
കൊവിഡ് വാക്സിൻ എടുത്ത പൗരന്മാരുടെ രാജ്യത്തിന് പുറത്തേക്കും തിരിച്ചുമുള്ള യാത്ര അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മേയ് 17 മുതൽ കര, കടൽ, വ്യോമ അതിർത്തികൾ തുറക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും കൊവിഡ് ബാധിച്ച് രോഗം ഭേദമായി ആറ് മാസം കഴിയാത്തവർക്കുമാണ് നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടെയുള്ള കൊവിഡ് പ്രോട്ടോകോൾ (Covid Protocol) നടപടികൾ പൂർണമായി പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തെ പൗരന്മാർക്ക് കർശന നിർദേശങ്ങൾ നൽകി അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാൻ സൗദി തീരുമാനിച്ചത് പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്. നിരവധി മലയാളികളാണ് തിരിച്ച് പോകാൻ സാധിക്കാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയിൽ കൊവിഡ് പ്രതിദിന കണക്കുകൾ ഓരോ ദിവസവും വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ പെട്ടെന്ന് യാത്ര സാധ്യമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...