Pervez Musharraf: കാർ​ഗിൽ നുഴഞ്ഞുകയറ്റത്തിലെ പാക് ബുദ്ധികേന്ദ്രം, അധികാരം പിടിച്ചെടുത്ത ജനറൽ; ആരാണ് പർവേസ് മുഷറഫ്?

Pervez Musharraf: 1999 ഒക്ടോബർ 13ന് അധികാരം പിടിച്ചെടുത്ത മുഷ്റഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി നവാസ് ഷെരീഫിനെ തടവിലാക്കി. 2001 വരെ പാകിസ്ഥാൻ പ്രതിരോധ സേനാമേധാവിയായി പട്ടാള ഭരണകൂടത്തിന് നേതൃത്വം നൽകി. 2001ൽ കരസേനാ മേധാവി സ്ഥാനം നിലനിർത്തി പ്രസിഡന്റായി.

Written by - Zee Malayalam News Desk | Last Updated : Feb 5, 2023, 01:13 PM IST
  • 1943-ൽ ന്യൂ ഡൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം
  • ഇന്ത്യ-പാക് വിഭജന സമയത്ത് മുഷ്റഫിന്റെ കുടുംബം ഡൽഹിയിൽ നിന്ന് കറാച്ചിയിലേക്ക് കുടിയേറി
  • കുടുംബത്തിനൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറുമ്പോൾ മുഷ്റഫിന് നാല് വയസായിരുന്നു പ്രായം
Pervez Musharraf: കാർ​ഗിൽ നുഴഞ്ഞുകയറ്റത്തിലെ പാക് ബുദ്ധികേന്ദ്രം, അധികാരം പിടിച്ചെടുത്ത ജനറൽ; ആരാണ് പർവേസ് മുഷറഫ്?

ദീർഘനാളായി അസുഖബാധിതനായിരുന്ന പാകിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു. 1999-ൽ അട്ടിമറിയിലൂടെ പാകിസ്ഥാന്റെ അധികാരം പിടിച്ചെടുത്ത ശേഷം ഏകദേശം ഒരു ദശാബ്ദക്കാലം പാകിസ്ഥാൻ ഭരിച്ച ജനറൽ പർവേസ് മുഷറഫ് അമിലോയിഡോസിസ് രോ​ഗംബാധിച്ച് ചികിത്സയിലായിരുന്നു. ദുബായിൽ ചികിത്സയിലിക്കേയാണ്  79-ാം വയസിൽ മുഷ്റഫിന്റെ മരണം. 2016 മുതൽ ചികിത്സയ്ക്കായി യുഎഇയിലായിരുന്നു മുഷ്റഫ്.

1943-ൽ ന്യൂ ഡൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം. ഇന്ത്യ-പാക് വിഭജന സമയത്ത് മുഷ്റഫിന്റെ കുടുംബം ഡൽഹിയിൽ നിന്ന് കറാച്ചിയിലേക്ക് കുടിയേറി. കുടുംബത്തിനൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറുമ്പോൾ മുഷ്റഫിന് നാല് വയസായിരുന്നു പ്രായം. ബ്രിട്ടീഷ് ഭരണകാലത്തെ നയതന്ത്ര ഉദ്യോ​ഗസ്ഥനായിരുന്നു മുഷ്റഫിന്റെ പിതാവ്. 1964-ൽ സൈന്യത്തിൽ ചേർന്ന മുഷ്റഫ് ക്വറ്റയിലെ ആർമി കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദം നേടി. പിന്നീട് ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസിൽ ചേർന്നു. 

1965ലും 1971ലും ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ പർവേസ് മുഷറഫ് പാക് സൈന്യത്തിൽ നിർണായ സ്ഥാനങ്ങൾ വഹിച്ചു. പ്രധാന മന്ത്രി നവാസ് ഷെരീഫ് 1998 ഒക്ടോബറിൽ മുഷറഫിനെ സായുധ സേനയുടെ തലവനായി നിയമിച്ചു. 1999-ൽ കശ്മീരിലെ കാർ​ഗിൽ നുഴഞ്ഞുകയറ്റത്തിൽ മുഷറഫ് പ്രധാന പങ്ക് വഹിച്ചതായി വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരുന്നു. 1999 ഒക്ടോബർ 12ന് പർവേസ് മുഷറഫ് പാകിസ്ഥാനിൽ ഇല്ലാതിരുന്ന സമയം, നവാസ് ഷെരീഫ്, പർവേസ് മുഷറഫിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. മുഷറഫ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയ വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നത് തടയാൻ ശ്രമിച്ചു. എന്നാൽ, 1999 ഒക്ടോബർ 13ന് അധികാരം പിടിച്ചെടുത്ത മുഷ്റഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി നവാസ് ഷെരീഫിനെ തടവിലാക്കി. 2001 വരെ പാകിസ്ഥാൻ പ്രതിരോധ സേനാമേധാവിയായി പട്ടാള ഭരണകൂടത്തിന് നേതൃത്വം നൽകി. 2001ൽ കരസേനാ മേധാവി സ്ഥാനം നിലനിർത്തി പ്രസിഡന്റായി.

ALSO READ: Pervez Musharraf: പാകിസ്ഥാൻ മുൻ പ്രസിഡൻറ് പർവേസ് മുഷറഫ് അന്തരിച്ചു

2007-ൽ മുഷറഫ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പാകിസ്ഥാൻ സുപ്രീം കോടതിയിൽ നിന്ന് എതിർപ്പ് നേരിടേണ്ടിവന്നു. പ്രസിഡന്റായും സൈനിക മേധാവിയായും ഒരേസമയം സേവനമനുഷ്ഠിക്കുന്നതിനെ ചൊല്ലി എതിർപ്പുകൾ ഉയർന്നു. ചീഫ് ജസ്റ്റിസിനെ സസ്‌പെൻഡ് ചെയ്യാനുള്ള മുഷ്റഫിന്റെ ശ്രമം കോടതി തടഞ്ഞു. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിച്ചു. നവംബറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന തീവ്രവാദ ഭീഷണികൾ ചൂണ്ടിക്കാട്ടി ഭരണഘടന രണ്ടാമതും സസ്പെൻഡ് ചെയ്യുകയും ചീഫ് ജസ്റ്റിസിനെ പുറത്താക്കുകയും മറ്റ് ജസ്റ്റിസുമാരെ മാറ്റുകയും ചെയ്തു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു, സ്വതന്ത്ര മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സിവിലിയൻ പ്രസിഡന്റാകാൻ തന്റെ സൈനിക സ്ഥാനം രാജിവച്ചു. ഡിസംബർ പകുതിയോടെ മുഷറഫ് അടിയന്തരാവസ്ഥ അവസാനിപ്പിച്ചു. 
2008 ഫെബ്രുവരിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഷറഫിന്റെ പാർട്ടിയുടെ തകർച്ച പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ ഭരണത്തെയും 
ജനങ്ങൾ നിരാകരിച്ചതായി വിലയിരുത്തപ്പെട്ടു. നവാസ് ഷെരീഫിന്റെയും നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് തിരഞ്ഞെടുപ്പിൽ അവസരം ലഭിച്ചു. 2007 ഡിസംബറിൽ വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവ് ആസിഫ് അലി സർദാരിയും പ്രതിപക്ഷ സഖ്യത്തിൽ ഉൾപ്പെട്ടിരുന്നു. ഗുരുതരമായ ഭരണഘടനാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 2008 ഓഗസ്റ്റ് ആദ്യം മുഷറഫിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കാൻ ഭരണസഖ്യം നീക്കം ആരംഭിച്ചു. ഓഗസ്റ്റ് 18-ന് മുഷ്റഫ് രാജി പ്രഖ്യാപിച്ചു.

മുഷ്റഫ് ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 2013ലെ ദേശീയ തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചു. 2013 മാർച്ചിൽ മടങ്ങിയെത്തി, പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള  ശ്രമത്തിന് നിയമപരമായും രാഷ്ട്രീയപരമായും തടസങ്ങൾ നേരിടേണ്ടിവന്നു. 2007 -ൽ ഭരണഘടന സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ പേരിൽ ഏപ്രിൽ 18-ന് പാകിസ്ഥാൻ കോടതി അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി. 2007 ൽ നടന്ന ബേനസീർ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഷ്റഫിനെതിരെ കൊലക്കുറ്റം ചുമത്തി.

2016ൽ ദുബായിൽ ചികിത്സ തേടി രാജ്യം വിടാൻ മുഷ്റഫിന് അനുവാദം ലഭിച്ചിരുന്നു. 2018 അവസാനത്തോടെ, അമിലോയിഡോസിസ് രോ​ഗം മൂലം അദ്ദേഹത്തിന്റെ ആരോഗ്യം അതിവേഗം വഷളാകുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. ഒരു വർഷത്തിനുശേഷം, രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്റഫിന്റെ അസാന്നിധ്യത്തിൽ ശിക്ഷിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ, ആരോ​ഗ്യസ്ഥിതി അനുദിനം വഷളാകുന്നതിനാൽ മുഷ്റഫ് പാകിസ്ഥാനിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്ന് വ്യക്തമായിരുന്നു. പിന്നീട് ലാഹോർ ഹൈക്കോടതി മുഷ്റഫിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News