റോം: വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയെ വെറുതേവിട്ട് കോടതി. അത് വെറും തമാശയായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥനത്തിലാണ് കോടതി ഇത്തരത്തിൽ വിധി നിർണ്ണയിച്ചത്. പതിനേഴു വയസ്സുള്ള വിദ്യാർഥിനിക്കു നേരെയാണ് സ്കൂളിലെ സുരക്ഷാ ജീവനക്കാരനായ അറുപത്താറുകാരൻ ലൈഗികാതിക്രമം നടത്തിയത്. കോടതിയുടെ ഈ വിധി പ്രസ്താവനയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്നത്. 2022 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
റോമിലെ ഒരു സ്കൂളിലാണ് ഇത് നടന്നത്. ഒരു സുഹൃത്തിനൊപ്പം വിദ്യാർഥിനി സ്കൂളിലെ കോണിപ്പടി കയറുന്നതിനിടെ ധരിച്ചിരുന്ന ട്രൗസർ അഴിഞ്ഞു പോയി. ആ സമയത്ത് അവിടെ നിന്നിരുന്ന സുരക്ഷാ ജീവനക്കാരനായ അന്റോണിയോ അവോള വിദ്യാർഥിനിയുടെ ഉൾവസ്ത്രത്തിലും സ്വകാര്യഭാഗത്തും സ്പർശിക്കുകയുമായിരുന്നു. ‘ഞാൻ തമാശ കാണിച്ചതാണെന്ന് അറിയാമല്ലോ’ എന്ന് അന്റോണിയോ പറഞ്ഞെന്നാണ് വിദ്യാർഥിനിയുടെ മൊഴി.വിചാരണയ്ക്കിടെ അന്റോണിയോ അവോള താൻ കുറ്റം ചെയ്തായി സമ്മതിച്ചിരുന്നു. എന്നാൽ അത് ഒരു ‘തമാശ’ എന്ന നിലയിലാണ് ചെയ്തതെന്നായിരുന്നു പ്രതി കോടതിയിൽ വാദിച്ചത്.
ALSO READ: മയിലിന്റെ മുട്ട മോഷ്ടിക്കാൻ വന്നതാ; പിന്നെ കിട്ടിയത് വമ്പൻ പണി - വീഡിയോ വൈറൽ
പെൺകുട്ടിയോട് ലൈംഗികാസക്തി ഇല്ലാതെയായിരുന്നു താൻ അത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത് എന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഈ പ്രവൃത്തി ഒരു കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് ഉണ്ടായത്. നിരവധിപ്പേർ സ്വകാര്യ ഭാഗങ്ങളിൽ സ്വയം സ്പർശിക്കുന്നതിന്റെ വിഡിയോകൾ പോസ്റ്റു ചെയ്തു. #10secondi എന്ന ഹാഷ്‌ടാഗും ട്രെൻഡിങ്ങായി. നടൻ പൗലോ കാമിലി, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരായ ചിയാര ഫെറാഗ്നി, ഫ്രാൻസെസ്കോ സിക്കോനെറ്റി തുടങ്ങിയവരും പ്രതിഷേധ പരിപാടിയുമായി രംഗത്തെത്തി.
‘ഭരണകൂടം നമ്മളെ സംരക്ഷിക്കേണ്ടതല്ലേ?’ എന്ന അടിക്കുറിപ്പോടെയാണ് പൗലോ കാമിലി തന്റെ പ്രതിഷേധ വിഡിയോ പോസ്റ്റ് ചെയ്തത്. ‘‘10 സെക്കൻഡ് എന്നത് ദൈർഘ്യമേറിയതല്ലെന്ന് ആരാണ് തീരുമാനിക്കുന്നത്? ഒരാൾ ആക്രമിക്കപ്പെടുമ്പോൾ എങ്ങനെയാണ് സമയം കണക്കാക്കുന്നത്? സ്ത്രീകളുടെ ശരീരത്തിൽ ഒരു നിമിഷം പോലും തൊടാൻ പുരുഷന്മാർക്ക് അവകാശമില്ല.’’– ഫ്രാൻസെസ്കോ സിക്കോനെറ്റി സമൂഹമാധയമങ്ങളിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...