മോണ്ട്‌റിയാല്‍: പത്തു കോടി രൂപയുടെ ഭാഗ്യം പത്തു മാസത്തിന് ശേഷം അറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? അതും കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ.
അങ്ങനെ വൈകി വന്ന ഭാഗ്യം അനുഭവിച്ചറിഞ്ഞിരിക്കുകയാണ് കാനഡ സ്വദേശിയായ ഗ്രിഗോറിയോ ഡി സാന്‍റിസ്.
കഴിഞ്ഞ ഡിസംബറിലാണ് ഗ്രിഗോറിയോ ലോട്ടറി ടിക്കറ്റെടുത്തതും അത് ജീന്‍സിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചതും. എന്നാല്‍ പിന്നീട് ലോട്ടറി എടുത്ത കാര്യം തന്നെ മറന്ന ഗ്രിഗോറിയോ ഫലം പ്രഖ്യാപിച്ചത് ശ്രദ്ധിച്ചതുമില്ല.
ഒന്നാം സമ്മാനം അടിച്ച നാല് ടിക്കറ്റുകളില്‍ മൂന്നുപേരും സമ്മാനം സ്വന്തമാക്കിയപ്പോഴും ഗ്രിഗോറിയോ ഒന്നുമറിഞ്ഞില്ല. 4 മില്യന്‍ ഡോളര്‍ (ഏകദേശം നാല്‍പ്പതു കോടി രൂപ) ആയിരുന്നു നാലു ടിക്കറ്റുകള്‍ക്കും കൂടിയുള്ള സമ്മാനത്തുക.
1.35 മില്യണ്‍ ഡോളര്‍ (ഏകദേശം 10,03,11,750രൂപ) യായിരുന്നു ഗ്രിഗോറിയസിന്‍റെ വിഹിതം. അങ്ങനെ 10 മാസങ്ങള്‍ക്ക് ശേഷം അലമാരയില്‍ വലിച്ചുവാരി ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ അടുക്കിവെയ്ക്കാന്‍ സഹോദരി ഗ്രിഗോറിയോയോട് പറഞ്ഞു.
ഇതിനിടെയാണ് ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നും ടിക്കറ്റ് കിട്ടുന്നത്. തുടര്‍ന്ന് ടിക്കറ്റിന് എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോ എന്നറിയാന്‍ ഗ്രിഗോറിയസ് സമീപത്തെ ഒരു കടയിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ നോക്കിയപ്പോഴാണ് ഭാഗ്യം കടാക്ഷിച്ച വിവരം അറിയുന്നത്.
ലോട്ടോ ക്യൂബിലെ നിയമപ്രകാരം, ലോട്ടറി ടിക്കറ്റുകളുടെ സമ്മനത്തുക സ്വീകരിക്കാന്‍ ഒരു വര്‍ഷംവരെ സമയം ഉണ്ട്. ഒരു വര്‍ഷം പൂര്‍ത്തിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് ഗ്രിഗോറിയോയ്ക്ക് ലോട്ടറി ടിക്കറ്റ് കണ്ടുകിട്ടിയത്.