നീണ്ട ഇടവേളക്ക് ശേഷം ലോക രാഷ്ട്രീയത്തിൽ ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ വധം ചർച്ചയാവുകയാണ്. കനത്ത സുരക്ഷയിലായിരുന്നിട്ട് പോലും ഇത്തരത്തിൽ നിരവധി ലോക നേതാക്കൻമാർക്കെതിരെ തോക്കുകൾ നീണ്ടിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും വരെ അക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ലോകത്തിനെ തന്നെ ഞെട്ടിച്ച ചില രാഷ്ട്രീയ നേതാക്കൻമാരുടെ കൊലപാതകങ്ങൾ പരിശോധിക്കാം
1.ഇന്ദിരാ ഗാന്ധി
ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായിത്തീർന്ന അവർ 31 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു
ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.
2. രാജീവ് ഗാന്ധി
ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷമാണ് രാജീവ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. . ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം 40 വസ്സിൽ ആ സ്ഥാനത്തെത്തിയ രാജീവിനായിരുന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.
3. ജോൺ എഫ് കെന്നഡി
1963 നവംബർ 22-നാണ് അമേരിക്കൻ പ്രസിഡന്റായരുന്ന ജോൺ എഫ് കെന്നഡിയെ ഡാളസിൽ ഒരു മോട്ടോർ കേഡിൽ യാത്ര ചെയ്യവേ മുൻ സൈനീകനായ ലീ ഹാർവി ഓസ്വാൾഡ് എന്നയാൾ വെടിവച്ചു കൊന്നത്. രണ്ട് ദിവസത്തിന് ശേഷം ഒരു നൈറ്റ് ക്ലബ് ഉടമയുടെ വെടിയേറ്റ് ഓസ്വാൾഡ് മരിച്ചു. കെന്നഡിയുടെ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് പലരും വിശ്വസിച്ചിരുന്നുവെങ്കിലും ഒന്നും തെളിയിക്കാനായില്ല.
4.പാട്രിസ് ലുമുംബ
ജനുവരി 17, 1961-നാണ് കോംഗോയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്ന പാട്രിസ് ലുമുംബ ഒരു ഫയറിംഗ് സ്ക്വാഡിൻറെ വെടിയേറ്റ് മരിച്ചത്. ബെൽജിയൻ സേനയുടെയും സിഐഎയുടെയും ഉത്തരവനുസരിച്ചായിരുന്നു ഇത്തരമൊരു കൊലപാതകമെന്ന് പിന്നീട് ആക്ഷേപമുണ്ടായിരുന്നു.
5. യിത്സാക് റാബിൻ
1995 നവംബർ 4-നാണ് ടെൽ അവീവിൽ നടന്ന ഒരു റാലിയിൽ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന യിത്സാക് റാബിൻ യിഗാൽ അമീർ എന്ന വലതുപക്ഷ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചത്.ഇസ്രായേലിനും ഫലസ്തീനിനുമിടയിൽ സമാധാനം സ്ഥാപിക്കാൻ റാബിൻ പ്രവർത്തിച്ചിരുന്നു.റാബിൻറെ മരണശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഒരു സമാധാന കരാറും ഉണ്ടായിട്ടില്ല.
6. ബേനസീർ ഭൂട്ടോ
റാവൽപിണ്ടിയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണത്തിലാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ ചാവേറുകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബേനസീറിൻെ വധത്തിന് പിന്നാലെ അവരുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...