ലോകമെമ്പാടുമുള്ള ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലേക്കുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ഗൂഗിൾ നടത്തിയ ഡൂഡിൾ ഫോർ ഗൂഗിൾ കോമ്പറ്റീഷന്‍റെ വിജയിയെ പ്രഖ്യാപിച്ചു. ഫ്ലോറിഡ സ്വദേശി സോഫി അരാക്-ലിയു തയ്യാറാക്കിയ 'നോട്ട് അലോൺ' എന്ന ഗൂഗിൾ ഡൂഡിളിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഗൂഗിളിന്‍റെ പ്രത്യേക ഫോണ്ടിനൊപ്പം രണ്ട് വ്യക്തികൾ പരസ്പരം ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രവും അടങ്ങിയതാണ് പുരസ്കാരാർഹമായ ഡൂഡിൾ. മാനസികമായി ബുദ്ധിമുട്ടുകളും വിഷമങ്ങളും അനുഭവിക്കുന്ന ഘട്ടങ്ങളിൽ മനുഷ്യർ പരസ്പരം സഹായിക്കണം എന്ന സന്ദേശം പകരുന്നതാണ് സോഫി തയ്യാറാക്കിയ മനോഹരമായ ഈ ഡൂഡിൾ. മറ്റുള്ളവരുടെ പരിചരണം സ്വീകരിച്ചുകൊണ്ട് വേണം നമ്മൾ സ്വയം പരിപാലിക്കേണ്ടതെന്നാണ് പുരസ്കാര ജേതാവായ സോഫി അരാക്-ലിയു തന്‍റെ ഡൂഡിലിനെക്കുറിച്ച് പറഞ്ഞത്.
'ഈ ലോകത്ത് നമ്മുടെ മാതാപിതാക്കളെപ്പോലെ തന്നെ നമ്മളെ പരിചരിക്കാൻ നിരവധി ആളുകൾ ഉണ്ട്. വിഷമ ഘട്ടങ്ങളിൽ നാം അത് മറ്റുള്ളവരോട് അത് തുറന്ന് പറയുകയും അവരുടെ സഹായം തേടുകയും വേണം. കാരണം പലപ്പോഴും വിഷമങ്ങളുടെ ഭാരങ്ങളെ നമുക്ക് ഒറ്റയ്ക്ക് ചുമക്കാൻ കഴിയുന്നതല്ലെന്നും' സോഫി തന്‍റെ ഡൂഡിൾ പകരുന്ന ആശയത്തെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. 10 മുതൽ 12 വയസുവരെയുള്ള കുട്ടികളുടെ കാറ്റഗറിയിൽ നിന്നാണ് സോഫി അരാക്-ലിയു വിജയിച്ചത്. ഇതിന് സമ്മാനമായി സോഫിക്ക് മുപ്പതിനായിരം ഡോളറിന്‍റെ പ്രത്യേക സ്കോളർഷിപ്പ് ലഭിച്ചു. ഇതിനൊപ്പം സോഫിയുടെ സ്കൂളിന് അൻപതിനായിരം ഡോടെ ടെക്നോളജി അവാർഡും ലഭിച്ചു.
കൊൽക്കത്ത സ്വദേശിയായ ഷ്ലോക്ക് മുഖർജിയാണ് ഇന്ത്യയിൽ നിന്ന് ഡൂഡിൾ ഫോർ ഗൂഗിൾ പുരസ്കാരത്തിന് അർഹനായത്. ഈ കുട്ടി തയ്യാറാക്കിയ 'ഇന്ത്യ ഓൺ ദി സെന്‍റർ സ്റ്റേജ്' എന്ന ഡൂഡിളിനാണ് പുരസ്കാരം ലഭിച്ചത്. എക്കോ ഫ്രണ്ട്ലി ആയ ഒരു റോബോട്ടിനെയാണ് ഷ്ലോക്ക് മുഖർജി ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഇന്ത്യയിലെ നൂറ് നഗരങ്ങളിലെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ നിന്നുള്ള ഒന്നേകാൽ എൻട്രീസിൽ നിന്നാണ് ഈ ഡൂഡിള്‍ തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യക്ക് വരാൻ പോകുന്ന മാറ്റങ്ങളാണ് ഈ ഡൂഡിളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. 'ഇന്ത്യ അടുത്ത 25 വർഷങ്ങൾക്കുള്ളിൽ സ്വന്തമായി എക്കോ ഫ്രണ്ട്ലി ആയ ഒരു റോബോട്ടിനെ ഉണ്ടാക്കും, ബഹിരാകാശത്തേക്ക് കൂടുതൽ ഇന്‍റർഗാലക്ടിക്കൽ യാത്രകൾ നടത്തും, ഇവയ്ക്ക് പുറമേ ആയുർവേദ രംഗത്തും യോഗയിലും ഇന്ത്യ പുതിയ നേട്ടങ്ങൾ കൈവരിക്കും' എന്നുമാണ് തന്‍റെ ഡൂഡിലിനെക്കുറിച്ച് ഷ്ലോക്ക് മുഖർജി പറഞ്ഞത്. ഈ ഡൂഡിലിന് പുരസ്കാരമായി 5 ലക്ഷം രൂപയാണ് ഷ്ലോക്ക് മുഖർജിക്ക് ലഭിക്കുന്നത്.
ഷ്ലോക്ക് മുഖർജിയുടെ സ്കൂളായ കൊൽക്കത്തയിലെ ഡൽഹി പബ്ലിക് സ്കൂളിന് 2 ലക്ഷം രൂപയും ലഭിക്കും. പുരസ്കാരാർഹമായ ഷ്ലോക്ക് മുഖർജിയുടെ ഡൂഡിളാണ് ഇന്ത്യയിൽ അടുത്ത 24 മണിക്കൂർ സമയത്തേക്ക് ഗൂഗിൾ സർച്ച് എഞ്ചിനിൽ കാണാൻ സാധിക്കുന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആർട്ട് വർക്കുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സമ്മാനങ്ങൾ നേടാനുമുള്ള ഒരു അവസരമാണ് എല്ലാ വർഷവും നടക്കുന്ന ഡൂഡിൾ ഫോര്‍ ഗൂഗിൾ മത്സരത്തിലൂടെ ലഭിക്കുന്നത്. അഭിനേത്രിയും പാട്ടുകാരിയുമായ സെലേന ഗോമസ്, സംവിധായികയും മോഡലുമായ എലൈസ ഫോക്സ്, 2021 ലെ നാഷണൽ ടീച്ചർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട ജൂലിയാന ഉർതുബെ എന്നിവരായിരുന്നു ഈ വർഷത്തെ ഡൂഡിൾ ഫോർ ഗൂഗിളിന്‍റെ ജഡ്ജസ്. ഡൂഡിൾ ഫോർ ഗൂഗിൾ എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാസൃഷ്ടികൾ കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...