റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഇരട്ടിയാക്കുന്നു; എതിർപ്പ് അറിയിച്ചിട്ടും ഉപരോധം ഏർപ്പെടുത്താതെ യുഎസും സഖ്യകക്ഷികളും; ഇന്ത്യയിൽ ഇന്ധന വില കുറയുമോ?

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 12:16 PM IST
  • റഷ്യൻ ക്രൂഡിന്‍റെ വില കുറഞ്ഞതിനാൽ ഇന്ത്യ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാക്കിയിരിക്കുകയാണ്
  • റഷ്യയെ എതിർക്കുന്ന ബഹുഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്നത് റഷ്യൻ ക്രൂഡ് തന്നെയാണ്
  • യുഎസും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഇരട്ടിയാക്കുന്നു; എതിർപ്പ് അറിയിച്ചിട്ടും ഉപരോധം ഏർപ്പെടുത്താതെ യുഎസും സഖ്യകക്ഷികളും; ഇന്ത്യയിൽ ഇന്ധന വില കുറയുമോ?
റഷ്യയിലെ യുക്രൈൻ അധിനിവേശത്തിന് ശേഷം ലോകരാഷ്ട്രങ്ങൾ പലതും റഷ്യക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ. റഷ്യൻ ക്രൂഡിനെ ആശ്രയിച്ച് നിരവധി രാജ്യങ്ങളാണ് തങ്ങളുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും യൂറോപ്യൻ രാജ്യങ്ങളാണ്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ശേഷം യുറോപ്യൻ രാജ്യങ്ങൾ റഷ്യക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. എണ്ണ ഇറക്കുമതി ഉൾപ്പെടെ നിർത്തലാക്കി റഷ്യക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് യുഎസ്. മറ്റു രാജ്യങ്ങളും ഇതെ നിലപാട് പിൻതുടരണമെന്നാണ് യുഎസും അവരുടെ സഖ്യകക്ഷികളും ആവശ്യപ്പെടുന്നത്. ഉപരോധങ്ങളെ തുടർന്ന് റഷ്യ തങ്ങളുടെ ക്രൂഡിന് വില കുത്തനെ കുറച്ചിരുന്നു.
CRUDEOIL
ഈ അവസരം മുതലെടുക്കുകയാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റഷ്യൻ ക്രൂഡിന്‍റെ വില കുറഞ്ഞതിനാൽ ഇന്ത്യ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാക്കിയിരിക്കുകയാണ്. എന്നാൽ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ഇതിൽ അമർഷമുണ്ട്. എന്നാൽ അവർക്ക് ഇന്ത്യക്കെതിരെ ശക്തമായി എന്തെങ്കിലും പറയാൻ സാധിക്കുന്ന അവസ്ഥയിലുമല്ല. കാരണം റഷ്യയെ എതിർക്കുന്ന ബഹുഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്നത് റഷ്യൻ ക്രൂഡ് തന്നെയാണ്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിലച്ചാൽ അത് അവരുടെ ഊർജ മേഖലയെ തകർക്കുമെന്ന് ഉറപ്പാണ്.
 
ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതി കൂടിയതിനെ വിമർശിക്കുന്നവർക്ക് ഇന്ത്യ നൽകിയ മറുപടിയും ശ്രദ്ധേയമാണ്. ഒരു മാസം തങ്ങൾ റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ യൂറോപ്യൻ രാജ്യങ്ങൾ അരദിവസം വാങ്ങുന്ന റഷ്യൽ ക്രൂഡ് ഓയിലിനെക്കാളും കുറവാണ് എന്നതാണ്. ഇതിനാൽ തന്നെ ഇന്ത്യയുടെ നടപടിയെ കാരണങ്ങൾ നിരത്തി തടയാൻ കഴിയാത്ത സാഹചര്യത്തിലാണ് യുഎസും മറ്റു രാജ്യങ്ങളും. ഇന്ത്യയുടെ പുതിയ ഇറക്കുമതി രീതി മൂലം രാജ്യത്തിന് മേൽ ഒരു തരത്തിലുള്ള ഉപരോധവും ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ യുഎസ്, റഷ്യയിൽ നിന്നുള്ള ഈ ഇറക്കുമതി കഴിയുമെങ്കിൽ ഒഴിവാക്കണമെന്ന് മാത്രമാണ് നിർദേശിച്ചിരിക്കുന്നത്. അധിനിവേശ ശക്തികൾക്ക് നൽകുന്ന പിന്തുണയായി ഇന്ത്യൻ നിലപാട് വ്യാഖ്യാനിക്കപ്പെട്ടെക്കാമെന്ന നിലപാട് മാത്രമാണ് യുഎസിന് വിഷയത്തിൽ ഉയർത്തിക്കാട്ടുവാനുള്ളത്.
OIL
ഇന്ത്യയിലെ ക്രൂഡ് വിപണി
യുഎസും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിനുള്ള ക്രൂഡിന്‍റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇറാഖിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. ക്രൂഡ് ഇറക്കുമതിയുടെ 22.14 ശതമാനവും ഇറാഖിൽ നിന്നാണ് എത്തുന്നത്. സൗദിയിൽ നിന്ന് 16.40 ശതമാനവും യുഎഇയിൽ നിന്ന് 9.02 ശതമാവും ക്രൂഡ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് റഷ്യയുടെ സ്ഥാനം. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 2.13 ശതമാനം മാത്രമാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്നത്. ഇതിനാൽ തന്നെ ഇന്ത്യയെ ഈ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലാക്കുന്നതിന് പാശ്ചാത്യ ശക്തികൾക്ക് സാധിക്കുന്നില്ല. പല യൂറോപ്യൻ രാജ്യങ്ങളുടെ അവരുടെ ആവശ്യത്തിനുള്ള ക്രൂഡിന്‍റെ 50 ശതമാനത്തിൽ അധികവും ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നാണ്. എന്തായാലും പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധന വില കുറയുമോ എന്ന് നോക്കുകയാണ് സാധാരണക്കാരായ ജനങ്ങൾ.

Trending News