അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട് ഇമ്രാൻ ഖാൻ; അർധരാത്രിയിൽ പാകിസ്ഥാനിൽ നടന്നത് എന്താണ്?

ഇമ്രാൻ ഖാൻ വീട്ടു തടങ്കലിലാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 07:30 AM IST
  • പാകിസ്ഥാനിൽ അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ
  • സംയുക്ത പ്രതിപക്ഷം 342 അംഗ നിയമസഭയിൽ 174 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി
  • പ്രധാനമന്ത്രിയെ പുറത്താക്കാൻ ആവശ്യമായ 172 അംഗബലത്തേക്കാൾ കൂടുതൽ പ്രതിപക്ഷം നേടി
  • പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിയമസഭ വീണ്ടും ചേരും
അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട് ഇമ്രാൻ ഖാൻ; അർധരാത്രിയിൽ പാകിസ്ഥാനിൽ നടന്നത് എന്താണ്?

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിലൂടെ അധികാരം നഷ്ടപ്പെട്ട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 174 അം​ഗങ്ങളാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇന്ന് ഉച്ചയോടെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇമ്രാൻ ഖാൻ വീട്ടു തടങ്കലിലാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

1- പാകിസ്ഥാനിൽ അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ. പകൽ മുഴുവൻ പാകിസ്ഥാൻ അസംബ്ലിയിൽ ഉയർന്ന നാടകീയതയ്ക്ക് ശേഷം, അർദ്ധരാത്രിക്ക് ശേഷം ഇമ്രാൻ ഖാനെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കി.

2- സംയുക്ത പ്രതിപക്ഷം 342 അംഗ നിയമസഭയിൽ 174 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി. പ്രധാനമന്ത്രിയെ പുറത്താക്കാൻ ആവശ്യമായ 172 അംഗബലത്തേക്കാൾ കൂടുതൽ പ്രതിപക്ഷം നേടി. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിയമസഭ വീണ്ടും ചേരും.

3- വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി അംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷം മാത്രമാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് നടക്കുമ്പോൾ ഇമ്രാൻ ഖാൻ നിയമസഭയിൽ ഉണ്ടായിരുന്നില്ല. അധികാരം നഷ്ടപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു.

4- ഇമ്രാൻ ഖാന്റെ പകരക്കാരനാകാൻ സാധ്യതയുള്ള ഷെഹ്ബാസ് ഷെരീഫ്, പ്രതിപക്ഷത്തിന്റെ ധൈര്യത്തെ പ്രശംസിച്ചു. ഇത് സാധാരണയായി പാകിസ്ഥാൻ രാഷ്ട്രീയത്തിൽ കാണില്ല. "പാകിസ്ഥാൻ ഇപ്പോൾ വീണ്ടും സത്യസന്ധതയുടെയും നിയമസാധുതയുടെയും പാതയിലാണ്. ഞങ്ങൾ പ്രതികാരം ചെയ്യാതെയും നിരപരാധികളായ ആരെയും ജയിലിൽ അടയ്ക്കാതെയും ശോഭനമായ ഭാവിയിലേക്കാണ് നോക്കുന്നത്," ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

5- പ്രതിപക്ഷ പാർട്ടിയായ പിപിപിയുടെ ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പാക്കിസ്ഥാനിലെ ജനങ്ങളെ അഭിനന്ദിച്ചു. "കഴിഞ്ഞ മൂന്ന് വർഷമായി ജനാധിപത്യം ആക്രമിക്കപ്പെടുകയായിരുന്നു. പഴയ പാകിസ്ഥാനിലേക്ക് സ്വാഗതം.'' ഇമ്രാൻ ഖാന്റെ പുതിയ പാകിസ്ഥാൻ എന്ന പ്രസ്താവനയെ പരിഹസിച്ചുകൊണ്ടായിരുന്നു ബിലാവലിന്റെ പ്രതികരണം. ജനാധിപത്യം ഒരു സുവർണ്ണ പ്രതികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

6- നാടകീയമായ അസംബ്ലി സമ്മേളനത്തിന് ശേഷം അവിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ ഇസ്ലാമാബാദിലെ രാഷ്ട്രീയ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പ്രാദേശിക വാർത്താ റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നു. നാടകീയ രം​ഗങ്ങൾക്കിടെ, വോട്ടെടുപ്പിനുള്ള കോടതി സമയപരിധിക്ക് മുമ്പായി ദേശീയ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. സുപ്രീം കോടതിയും ഇസ്ലാമാബാദ് ഹൈക്കോടതിയും അർധരാത്രി കോടതിയലക്ഷ്യ വാദം കേൾക്കുമെന്ന പ്രതീക്ഷയിലാണ് തുറന്നത്. പ്രധാനമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് ഇമ്രാൻ ഖാൻ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

7- സുപ്രീം കോടതിയുടെ നിർദേശപ്രകാരം അർധരാത്രിയോടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നു. വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും മുതിർന്ന ഉദ്യോഗസ്ഥനോ സർക്കാർ ഉദ്യോഗസ്ഥനോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) ഇല്ലാതെ രാജ്യം വിടരുതെന്ന് മുന്നറിയിപ്പും നൽകി.

8- അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് വൈകിപ്പിച്ച് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനും രാജ്യത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ സൈനിക ഇടപെടൽ നടത്താനും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമിക്കുകയാണെന്നും ബിലാവൽ ഭൂട്ടോ സർദാരി ആരോപിച്ചിരുന്നു. സ്പീക്കർ കോടതിയലക്ഷ്യവും ഭരണഘടനയും റദ്ദാക്കിയെന്നും ആരോപിച്ചു. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) വൈസ് പ്രസിഡൻറ്, മറിയം നവാസ് ഷെരീഫ്, തന്റെ ട്വീറ്റുകളിലൂടെ സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു.

9- പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് സർക്കാർ തള്ളിയിരുന്നു. അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സുപ്രീം കോടതിയിൽ ഹർജി നൽകി. ഇമ്രാൻ ഖാന് പ്രതികൂലമായിരുന്നു സുപ്രീംകോടതി വിധി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പാകിസ്ഥാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ രാത്രി ജനങ്ങളോട് തെരുവിലിറങ്ങാനും "ഇറക്കുമതി ചെയ്ത സർക്കാരിനെതിരെ" പ്രതിഷേധിക്കാനും ആവശ്യപ്പെട്ടു.

10- വിദേശ ഗൂഢാലോചനയുടെ ഭാ​ഗമായാണ് പുതിയ പാവ സർക്കാർ അധികാരത്തിലെത്തുന്നതെന്നാണ് ഇമ്രാൻ ഖാൻ ആരോപിക്കുന്നത്. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുവെന്നും ഇത് നിറവേറ്റാൻ പാകിസ്ഥാൻ നിയമനിർമ്മാതാക്കളെ ആടുകളെപ്പോലെ കച്ചവടം ചെയ്യുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. "അമേരിക്കൻ നയതന്ത്രജ്ഞർ ഞങ്ങളുടെ ആളുകളെ കണ്ടുമുട്ടുന്നുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് പദ്ധതിയെ കുറിച്ച് മുഴുവൻ അറിയാൻ കഴിഞ്ഞു," ദേശീയ സുരക്ഷാ ആശങ്കകൾ കാരണം എല്ലാ വിശദാംശങ്ങളും പരസ്യമായി പുറത്തുവിടാൻ തനിക്ക് സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങളെ യുഎസ് തള്ളിക്കളഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News