ഇസ്ലാമാബാദ്: പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരെ പാകിസ്ഥാൻ സുപ്രീം കോടതി. സ്പീക്കറുടെ നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 95ന്റെ ലംഘനമുണ്ടായതായി ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ വിധിച്ചു. ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന് എതിരായ ഹർജികളിൽ വാദം തുടരുകയാണ്. അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് വേണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു പ്രതിപക്ഷ ഹർജിയിലെ ആവശ്യം. കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഹർജി പരിഗണിക്കുകയായിരുന്നു. അവിശ്വാസം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല.
അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടനാ ലംഘനം നടത്തി. അവിശ്വാസം പരിഗണനയിൽ ഉള്ളപ്പോൾ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. വാദങ്ങൾ എല്ലാം വിശമായി വാദം കേട്ട ശേഷമാകും ഭരണഘടനാപരമായി സുപ്രീംകോടതി വിധി പ്രഖ്യാപിക്കുക. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയായി.
90 ദിവസത്തിനുള്ളിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ ബുദ്ധിമുട്ടാണെന്ന് പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷനും കോടതിയെ അറിയിച്ചു. അതേസമയം രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കും പ്രതിപക്ഷ കുതന്ത്രങ്ങൾക്കും എതിരെ പ്രക്ഷോഭം തുടങ്ങാൻ ഇമ്രാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയിതിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...