മോസ്കോ: യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനൊരുങ്ങി വിവിധ രാജ്യങ്ങൾ. ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയാൽ രാജ്യാന്തര വിപണിയിൽ അസാധാരണ വിലക്കയറ്റം ഉണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
പടിഞ്ഞാറൻ രാജ്യങ്ങളുടെ നീക്കം നേരിടാൻ തയ്യാറാണ്. അസംസ്കൃത എണ്ണ വില ബാരലിന് 300 ഡോളർ വരെ ആകുമെന്നും റഷ്യ വ്യക്തമാക്കി. അതേസമയം, യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് ഇന്ത്യയ്ക്ക് എണ്ണ വിലയിൽ വലിയ ഇളവുകളാണ് റഷ്യൻ എണ്ണ കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്.
എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യയുടെ വാഗ്ദാനം ഇന്ത്യക്ക് മികച്ചതാണ്. എന്നാൽ, പണം കൈമാറുന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. റഷ്യൻ എണ്ണ കമ്പനികളുടെ വാഗ്ദാനത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
അതേസമയം, പതിമൂന്നാം ദിവസവും യുക്രൈനിൽ റഷ്യ ആക്രമണം ശക്തമായി തുടരുകയാണ്. സമാധാന ചർച്ചയും മാനുഷിക ഇടനാഴി വഴിയുള്ള ഒഴിപ്പിക്കലും തുടരാനാണ് തീരുമാനം. റഷ്യയും യുക്രൈനുമായുള്ള മൂന്നാംവട്ട ചർച്ച ബെലാറൂസിൽ പൂർത്തിയായി.
ചർച്ചയിൽ പുരോഗതിയുള്ളതായി യുക്രൈൻ പ്രതികരിച്ചപ്പോൾ പ്രതീക്ഷിച്ച ഫലമില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. നാലാംവട്ട ചർച്ചയുടെ തീയതി ഇന്ന് തീരുമാനിക്കും. വെടിനിർത്തലിൽ ഇതുവരെ തീരുമാനമായിട്ടില്ല. യുക്രൈനിൽ പതിമൂന്നാം ദിവസവും റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്.
നിരവധി നഗരങ്ങളിൽ ഷെല്ലിങ് തുടരുകയാണ്. അതേസമയം, ഏറ്റുമുട്ടലിൽ റഷ്യൻ മേജർ ജനറലിനെ വധിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും വെടിനിർത്തൽ ലംഘനം ഉണ്ടായി. ഇതേ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതും അനിശ്ചിതത്വത്തിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...