ഇമ്രാൻ കുടുങ്ങുമോ പുതിയ നെക്ലേസ് കേസിൽ; സമ്മാനമായി ലഭിച്ച നെക്ലേസ് 18 കോടിക്ക് വിറ്റെന്ന് ആക്ഷേപം; ഇമ്രാനെ കുടുക്കാനുള്ള പുതിയ തന്ത്രമോ കേസ്?

പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടിയുടെ നെക്ലേസ് ഒരു ജ്വല്ലറിക്ക് വിറ്റുവെന്ന സംഭവത്തിലാണ് അന്വേഷണം

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 07:15 AM IST
  • സമ്മാനമായി ലഭിച്ച 18 കോടിയുടെ നെക്ലേസ് ഒരു ജ്വല്ലറിക്ക് വിറ്റുവെന്ന സംഭവത്തിലാണ് അന്വേഷണം
  • ഭരണാധികാരികളായിരിക്കുമ്പോൾ സമ്മാനങ്ങൾ വാങ്ങുന്നതിന് പാകിസ്ഥാനിൽ വിലക്കില്ല
  • എല്ലാം സർക്കാരിന്‍റെ സമ്മാന ശേഖരമായ തേഷ ഖാനയിലേക്ക് കൈമാറണമെന്നാണ് നിബന്ധന
ഇമ്രാൻ കുടുങ്ങുമോ പുതിയ നെക്ലേസ് കേസിൽ; സമ്മാനമായി ലഭിച്ച നെക്ലേസ് 18 കോടിക്ക് വിറ്റെന്ന് ആക്ഷേപം; ഇമ്രാനെ കുടുക്കാനുള്ള പുതിയ തന്ത്രമോ കേസ്?
 

 

ഇമ്രാന്‍ ഖാനെതിരെ അന്വേഷണവുമായി പാകിസ്താന്‍ അന്വേഷണ ഏജന്‍സി.  പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടിയുടെ നെക്ലേസ് ഒരു ജ്വല്ലറിക്ക് വിറ്റുവെന്ന സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടമായ ഇമ്രാൻ ഖാനെ കേസിൽ ഉൾപ്പെടുത്താനുള്ള പുതിയ സർക്കാർ നീക്കമായും ഇതിനെ ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. ഭരണാധികാരികളായിരിക്കുമ്പോൾ സമ്മാനങ്ങൾ വാങ്ങുന്നതിന് പാകിസ്ഥാനിൽ വിലക്കില്ല. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾ എല്ലാം സർക്കാരിന്‍റെ സമ്മാന ശേഖരമായ തേഷ ഖാനയിലേക്ക് കൈമാറണമെന്നാണ് നിബന്ധന. ഇമ്രാൻ ഇത് ലംഘിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇമ്രാന് ലഭിച്ച നെക്ലേസ്, സ്പെഷ്യൽ അസിസ്റ്റന്റ് സുൽഫിക്കർ ബുഹാരിക്ക് കൈമാറിയെന്നും ബുഹാരി ഇത് ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വിറ്റുവെന്നുമാണ് കേസ്. ഇതിന്‍റെ അടിസ്ഥാനത്തിൽ പാകിസ്ഥാനിലെ ഫെഡറൽ ഇൻവെസ്റ്റിഗേറ്റിങ് ഏജൻസി അന്വേഷണം ആരംഭിച്ചെന്നുമാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമ്മാനമായി ലഭിക്കുന്ന വസ്തുക്കളുടെ നികുതി അടച്ചാൽ അത് ഭരണാധികാരികൾക്ക് സ്വന്തമാക്കാമെന്ന ചട്ടവും പാകിസ്ഥാനിലുണ്ട്. ഇമ്രാൻ ഇത്തരത്തിൽ നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
 
അവിശ്വാസപ്രമേയത്തിലൂടെ പുറത്തു പോകേണ്ടിവന്ന ഇമ്രാൻ ഖാൻ അവിശ്വാസപ്രമേയം വിദേശ ഗൂഢാലോചനയുടെ ഫലമാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തണമെന്നും ഇമ്രാൻ അണികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി ആയിരങ്ങൾ ഒത്തുകൂടുകയും ചെയ്തു. പുതിയ കേസിലൂടെ ഇമ്രാനെ കുടുക്കി പ്രതിഷേധം ഉൾപ്പെടെ അടിച്ചമർത്താനുള്ള പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നീക്കമാണിതെന്ന് ഇമ്രാൻ അനുകൂലികൾ പറയുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News